Enter your Email Address to subscribe to our newsletters

Palakkad , 12 സെപ്റ്റംബര് (H.S.)
ട്രെയിൻ യാത്രക്കാരുടെ വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ കവർന്ന പ്രതിയെ മണിക്കൂറുകൾക്കകം ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് നിലമ്പൂർ പാസഞ്ചർ തീവണ്ടിക്കുള്ളിലാണ് മോഷണം നടന്നത്. തമിഴ്നാട് കമ്പാർ സ്ട്രീറ്റ് തിരുവള്ളൂർ നഗർ സ്വദേശിയായ 32കാരൻ കാർത്തികേയനാണ് പിടിയിലായത്.
പാലക്കാട് എടത്തനാട്ടുകര സ്വദേശിയായ അഷ്ഹത്ത് അലിയും സുഹൃത്ത് ദിൽഷാദും കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് നിലമ്പൂരിലേക്ക് പാസഞ്ചർ തീവണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ ട്രെയിനിനുള്ളിൽ ചാർജ് ചെയ്യുന്നതിനിടെയാണ് മോഷണം പോയത്. തീവണ്ടി ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മൊബൈൽ ഫോണുകൾ രണ്ടും കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്.
82,000 രൂപ വിലയുള്ള ഐഫോണും 22,000 രൂപ വിലവരുന്ന മറ്റൊരു മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്. തുടർന്ന് ഇരുവരും തൊട്ടടുത്ത സ്റ്റേഷനായ ഷൊർണൂരിൽ ഇറങ്ങി റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു.
മൂന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തി
റെയിൽവേ പൊലീസും ആർപിഎഫ് സംഘവും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ട്രെയിനിൽ നിന്ന് നഷ്ടപ്പെട്ട രണ്ട് ഫോണുകൾ ഉൾപ്പെടെ മൂന്ന് മൊബൈൽ ഫോണുകൾ പ്രതിയിൽ നിന്ന് കണ്ടെത്തി. ഇതിൽ ഒരെണ്ണം പാലക്കാട് ടൗൺ സ്റ്റേഷൻ പരിധിയിലെ വനിതാ കാൻ്റീനിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതി പൊലീസിന് മൊഴി നൽകി.
അഞ്ചോളം മോഷണക്കേസുകളിൽ നേരത്തെ പ്രതി ചേർക്കപ്പെട്ടയാളാണ് പിടിയിലായ കാർത്തികേയനെന്ന് ഷൊർണൂർ റെയിൽവേ എസ്.ഐ. അനിൽ മാത്യു അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ഫോൺ മോഷണം പോയാൽ
139 എന്ന നമ്പറിൽ വിളിക്കുക: റെയിൽവേയുടെ ഈ ഏകീകൃത ഹെൽപ്പ്ലൈൻ നമ്പറിൽ വിളിച്ച് മോഷണവിവരം അറിയിക്കുക. ട്രെയിനിലുള്ള ആർപിഎഫ് ഉദ്യോഗസ്ഥർ നിങ്ങളെ വന്ന് കാണും.
പരാതി ഫോം പൂരിപ്പിക്കുക: ആർപിഎഫ് അല്ലെങ്കിൽ ടിടിഇ നിങ്ങളുടെ പക്കൽ നിന്നും പരാതി എഴുതി വാങ്ങും. ഇത് റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഇതിനായി നിങ്ങൾ ട്രെയിൻ ഇറങ്ങേണ്ടതില്ല.
CEIR പോർട്ടൽ ഉപയോഗിക്കുക: കേന്ദ്ര സർക്കാരിൻ്റെ ഔദ്യോഗിക CEIR (Central Equipment Identity Register) (ceir.gov.in) സന്ദർശിച്ച് ഫോണിൻ്റെ ഐഎംഇഐ നമ്പർ ബ്ലോക്ക് ചെയ്യുക.
ജിആർപി സ്റ്റേഷനിൽ പോകുക: റെയിൽവേ സ്റ്റേഷനുകളിലുള്ള ഗവൺമെൻ്റ് റെയിൽവേ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാം.
ഓൺലൈൻ പരാതി നൽക്കുക: RailMadad ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ നിങ്ങൾക്ക് ഓൺലൈനായും പരാതി സമർപ്പിക്കാവുന്നതാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR