സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ മോഷണം പോയതിന് പിന്നാലെ പുലിവാല് പിടിച്ച് പൊലീസുകാർ
Wayanad , 12 സെപ്റ്റംബര് (H.S.) സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ മോഷണം പോയതിന് പിന്നാലെ പുലിവാല് പിടിച്ച് പൊലീസുകാർ. കോടതി നിർദ്ദേശപ്രകാരം സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ലഹരി വസ്തുക്കളാണ് മോഷണം പോയത്. കൃത്യമായി മോഷണം പോയത് എന്നാണെന്നോ ആരാണ് മോഷ്ട
TOBACCO PRODUCTS THEFT


Wayanad , 12 സെപ്റ്റംബര് (H.S.)

സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ മോഷണം പോയതിന് പിന്നാലെ പുലിവാല് പിടിച്ച് പൊലീസുകാർ. കോടതി നിർദ്ദേശപ്രകാരം സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ലഹരി വസ്തുക്കളാണ് മോഷണം പോയത്. കൃത്യമായി മോഷണം പോയത് എന്നാണെന്നോ ആരാണ് മോഷ്ടിച്ചതെന്നോ കണ്ടെത്താനാകെ കുഴയുകയാണ് സുൽത്താൻ ബത്തേരി പൊലീസ്.

കോടതി നിർദ്ദേശപ്രകാരം സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ് മോഷണം പോയത്. സ്റ്റേഷൻ കെട്ടിടത്തോട് ചേർന്നുള്ള മുറിയിൽ സുരക്ഷിതമായി പൂട്ടിവെച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് കാണാതായത്. ഹാൻസ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങളായിരുന്നു ഇവ.

കഴിഞ്ഞ ജൂൺ ഏഴിന് ദൊട്ടപ്പകുളത്ത് വെച്ച് പൊലീസ് പിടികൂടിയതാണ് ഈ തൊണ്ടിമുതൽ. തുടർന്ന് സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ തൊണ്ടിമുതൽ, കോടതി ഉത്തരവനുസരിച്ച് സ്റ്റേഷൻ പരിസരത്തെ പ്രത്യേക മുറിയിൽ പൂട്ടി സൂക്ഷിക്കുകയായിരുന്നു.

മോഷണത്തിൻ്റെ രീതി തന്നെയാണ് സംഭവത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. മുറിയുടെ പൂട്ട് തകർത്തതിൻ്റെ ലക്ഷണമൊന്നും കണ്ടെത്തിയിട്ടില്ല. പകരം, അസിസ്റ്റൻ്റ് റൈറ്ററുടെ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത് മുറി തുറന്നാണ് തൊണ്ടിമുതൽ കടത്തിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം മുറി വൃത്തിയാക്കുന്നതിനായി സ്റ്റേഷൻ റൈറ്ററും അസിസ്റ്റൻ്റ് റൈറ്ററും എത്തിയപ്പോഴാണ് തൊണ്ടിമുതൽ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് സ്റ്റേഷൻ പരിസരത്തും മുറിയിലും വിശദമായ പരിശോധന നടത്തിയെങ്കിലും മോഷണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളൊന്നും ലഭിച്ചില്ല.

എഫ്ഐആർ പ്രകാരം ജൂൺ 26നും സെപ്റ്റംബർ 10നും ഇടയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. അതായത്, തൊണ്ടിമുതൽ സൂക്ഷിച്ചിരുന്ന മുറിയിലേക്ക് ആരാണ് പ്രവേശിച്ചതെന്നും എപ്പോൾ സാധനങ്ങൾ പുറത്തേക്ക് കൊണ്ടുപോയെന്നും കണ്ടെത്തേണ്ടത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയാണ്.

പൊലീസ് സ്റ്റേഷൻ്റെ സുരക്ഷാ സംവിധാനങ്ങളെ തന്നെ ചോദ്യം ചെയ്യുന്നതാണ് സംഭവം. പുറത്ത് നിന്ന് ഒരാൾ കയറി പൂട്ട് പൊളിച്ച് മോഷണം നടത്തിയതല്ലെന്നതാണ് പൊലീസിനെ കൂടുതൽ കുഴക്കുന്നത്. സ്റ്റേഷനിൽ തന്നെയുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചാണ് മുറി തുറന്നതെന്നാണ് കണ്ടെത്തൽ.

നിലവിൽ ഏഴ് ചാക്ക് തൊണ്ടിമുതൽ ആര് കടത്തിയെന്നതിനെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചനകളൊന്നുമില്ല. സംഭവത്തിൽ ബത്തേരി പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്റ്റേഷൻ പരിസരത്തും ബന്ധപ്പെട്ട മുറിയിലും ലഭ്യമായ തെളിവുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കോടതി നിർദ്ദേശപ്രകാരം പൊലീസ് സംരക്ഷണത്തിൽ സൂക്ഷിക്കേണ്ട തൊണ്ടിമുതൽ സ്റ്റേഷൻ വളപ്പിൽ നിന്ന് തന്നെ കാണാതായതോടെ സംഭവത്തിൽ ഗുരുതരമായ സുരക്ഷാവീഴ്ച്ചയാണ് ഉയർന്നുവരുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News