Enter your Email Address to subscribe to our newsletters

Thiruvananthapuram, 12 സെപ്റ്റംബര് (H.S.)
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയ്ക്ക് ശരവേഗം. പദ്ധതിയുടെ ഭാഗമായ നിർമ്മാണ പ്രവൃത്തികൾ നാളെ ( 14, തിങ്കൾ) ആരംഭിക്കും. മരുതംകുഴി - കാഞ്ഞിരംപാറ റോഡിൽ സപ്ലൈക്കോയ്ക്ക് സമീപം രാവിലെ 10ന് ആരോഗ്യ - ദേവസ്വം മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.മുരളീധരൻ ഇന്നലെ പദ്ധതിയുടെ നിർവഹണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മനേജ്മെന്റ് യൂണിറ്റ് അധികൃതരുമായി അവലോകനയോഗം ചേർന്നിരുന്നു. തുടർന്നാണ് നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശിച്ചത്.
കാലതാമസം കൂടാതെ സമയക്രമത്തിന്റെ അടിസ്ഥാനത്തിൽ എത്രയും വേഗം ജംഗ്ഷൻ വികസനം പൂർത്തിയാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. പരമാവധി ഗതാഗതത്തിന് തടസം നേരിടാത്തവിധം ഓരോ വശത്തേയും നിർമ്മാണം ഘട്ടം ഘട്ടമായാണ് നടത്തുന്നത്.
ഊരാളുങ്കൽ ലേബർ കോപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിയ്ക്കായി ഏറ്റെടുത്തിരിയ്ക്കുന്ന സ്ഥലത്തെ റോഡിന്റെ ഇരുവശം ഓട, ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തി,കലുങ്ക് എന്നിവയുടെ നിർമ്മാണവും വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി എന്നിവയുടെ കണക്ഷൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്. 73.61 കോടി രൂപയാണ് പദ്ധതിയ്ക്കായി നീക്കിവച്ചിരിക്കുന്നത്.
ഇതിൽ കെ.എസ്.ഇ.ബിയുടെ ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് 6.46 കോടി രൂപയും കേരള വാട്ടർ അതോറിട്ടിയുടെ പ്രവൃത്തികൾക്ക് 6.93 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ശാസ്തംഗലം- മണ്ണറക്കോണം, തോപ്പുമുക്ക് - വട്ടിയൂർക്കാവ് റോഡ്, മണ്ണറക്കോണം - പേരൂർക്കട റോഡ്, മണ്ണറക്കോണം വഴയില റോഡിലെ 120 മീറ്റർ, മണ്ണറക്കോണം ജംഗ്ഷൻ വികസനം എന്നിവ ഉൾപ്പെട്ട 7.215 കി.മി റോഡിൻറെ വികസനമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 7 മുതൽ 10 മീറ്റർ വരെ മാത്രം വീതിയുള്ള റോഡുകളെ 18.5 മീറ്റർ വീതിയുള്ള ഉന്നത നിലവാരത്തിലേക്കാണ് നവീകരിക്കുന്നത്.
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനപദ്ധതി നടപ്പിലാക്കുന്നതിലൂടെ വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സുരക്ഷിതമായ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR