മദ്രാസ് റെജിമെന്റില് ആയുധങ്ങള് മോഷ്ടിച്ചത് മുന് സൈനികന്; അറസ്റ്റില്
Hydrabad, 12 സെപ്റ്റംബര്‍ (H.S.) ബൊല്ലാറം കന്റോണ്‍മെന്റിലുള്ള മദ്രാസ് റെജിമെന്റിന്റെ 20-ാം ബറ്റാലിയനില്‍നിന്ന് ആയുധങ്ങള്‍ മോഷ്ടിച്ചത് മുന്‍ സൈനികന്‍. പ്രതിയെ ഹൈദരാബാദ് ടാസ്‌ക് ഫോഴ്‌സ് പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യപ്രശ്‌നങ്ങളെയും അച്ചടക്കലംഘനത്തെ
arrest


Hydrabad, 12 സെപ്റ്റംബര്‍ (H.S.)

ബൊല്ലാറം കന്റോണ്‍മെന്റിലുള്ള മദ്രാസ് റെജിമെന്റിന്റെ 20-ാം ബറ്റാലിയനില്‍നിന്ന് ആയുധങ്ങള്‍ മോഷ്ടിച്ചത് മുന്‍ സൈനികന്‍. പ്രതിയെ ഹൈദരാബാദ് ടാസ്‌ക് ഫോഴ്‌സ് പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യപ്രശ്‌നങ്ങളെയും അച്ചടക്കലംഘനത്തെയും തുടര്‍ന്ന് സൈന്യത്തില്‍നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഹവില്‍ദാര്‍ ഉപ്പുതൊല്ല മല്ലേഷ് എന്ന രാജുവാണ് പിടിയിലായത്. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും ആയിരക്കണക്കിന് ഫോണ്‍ രേഖകളും പരിശോധിച്ചാണ് അന്വേഷണസംഘം പ്രതിയെ കണ്ടെത്തിയത്.

കഴിഞ്ഞ മാസം 31നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സിറ്റി പൊലീസ് കമ്മിഷണര്‍ വി.സി സജ്ജനാറിന്റെ മേല്‍നോട്ടത്തില്‍ 10 ദിവസം നീണ്ടുനിന്ന ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. ടാസ്‌ക് ഫോഴ്‌സ് ഡിസിപി ഗെയ്ക്വാദ് വൈഭവ് രഘുനാഥ്, അഡീഷണല്‍ ഡിസിപി ആന്‍ഡെ ശ്രീനിവാസ റാവു എന്നിവരുടെ നേതൃത്വത്തിലുള്ള ഇന്‍സ്‌പെക്ടര്‍മാരുടെ സംഘം വിവിധ കോണുകളില്‍നിന്ന് കേസ് അന്വേഷിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ ഗൗരവമുള്ള വിഷയമായതിനാല്‍ വളരെ കരുതലോടെയായിരുന്നു പൊലീസിന്റെ നീക്കങ്ങള്‍.

മോഷണം നടന്ന മദ്രാസ് റെജിമെന്റിന്റെ 20-ാം ബറ്റാലിയനില്‍ പ്രത്യേക താല്‍ക്കാലിക ക്യാമ്പ് സജ്ജമാക്കിയായിരുന്നു അന്വേഷണം. സൈനിക ഉദ്യോഗസ്ഥരും പൊലീസും ഇവിടെ താമസിച്ച് അന്വേഷണത്തിന് നേതൃത്വം നല്‍കി. ആയിരക്കണക്കിന് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കന്റോണ്‍മെന്റ് പ്രദേശത്തെ വാണിജ്യ, പാര്‍പ്പിട മേഖലകളിലെ സിസിടിവി ദൃശ്യങ്ങള്‍ സംഘം വിശദമായി പരിശോധിച്ചു.

നിലവിലുണ്ടായിരുന്ന കാമറകള്‍ക്ക് പുറമെ പൊലീസ് പുതുതായി സ്ഥാപിച്ച കാമറകളില്‍നിന്നുള്ള ദൃശ്യങ്ങളും ഇതിനായി ഉപയോഗിച്ചു. അന്വേഷണത്തിന്റെ ഭാഗമായി നൂറുകണക്കിന് ആളുകളെയാണ് ചോദ്യം ചെയ്തത്. സംശയമുള്ളവരെ ദിവസവും 10 മുതല്‍ 12 മണിക്കൂര്‍ വരെ ചോദ്യം ചെയ്തു. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച ചെറിയൊരു സൂചനയാണ് കേസില്‍ നിര്‍ണായകമായത്. അടുത്തിടെ സൈന്യത്തില്‍നിന്ന് പുറത്താക്കപ്പെട്ടവരുടെയും വിരമിച്ച സൈനികരുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക പട്ടിക പൊലീസ് തയ്യാറാക്കിയിരുന്നു.

കഴിഞ്ഞ മാസം 30ന് മോഷണം നടക്കുന്ന സമയത്ത് ഈ പട്ടികയിലുള്ളവര്‍ എവിടെയായിരുന്നുവെന്ന് അന്വേഷണസംഘം പരിശോധിച്ചു. ഇവരില്‍ 10 പേര്‍ ഹൈദരാബാദില്‍ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. ഇതില്‍ മല്ലേഷ് കഴിഞ്ഞ മാസം 28, 29 തീയതികളില്‍ ബൊല്ലാറം പ്രദേശത്ത് കറങ്ങിനടന്നതായി മൊബൈല്‍ ഫോണ്‍ സിഗ്‌നലുകളിലൂടെയും സിസിടിവി ദൃശ്യങ്ങളിലൂടെയും വ്യക്തമായി. തുടര്‍ന്ന് ഇയാളുടെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണ് അച്ചടക്കമില്ലായ്മയുടെയും ആരോഗ്യപ്രശ്‌നങ്ങളുടെയും പേരില്‍ സൈന്യത്തില്‍നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണെന്ന് മനസ്സിലായത്. പ്രദേശത്തെക്കുറിച്ചുള്ള കൃത്യമായ അറിവും സൈനികരുടെ കോഡ് ഭാഷയും ഉപയോഗിച്ചാണ് ഇയാള്‍ ആയുധങ്ങള്‍ മോഷ്ടിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News