മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; കോഴിക്കോട്ട് ഞായറാഴ്ച കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
Kerala, 12 സെപ്റ്റംബര് (H.S.) കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും വരുന്ന ഞായറാഴ്ച (13) വൈകിട്ട് 5 മണി മുതൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ്
മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; കോഴിക്കോട്ട് ഞായറാഴ്ച കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി


Kerala, 12 സെപ്റ്റംബര് (H.S.)

കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും വരുന്ന ഞായറാഴ്ച (13) വൈകിട്ട് 5 മണി മുതൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷ മുൻനിർത്തി വിവിഐപി കടന്നുപോകുന്ന റൂട്ടുകളിൽ ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുന്നതായിരിക്കും.

വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയുള്ള ഭാഗങ്ങളിലും, അതുപോലെ മലാപ്പറമ്പ് മുതൽ കുന്നമംഗലം - മടവൂർ വരെയുള്ള പ്രധാന പാതകളിലും വൈകിട്ട് 5 മണി മുതൽ ഗതാഗതത്തിന് സമ്പൂർണ്ണ നിയന്ത്രണം ബാധകമായിരിക്കും. ഈ റൂട്ടുകളിൽ യാതൊരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതല്ലെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിഐപി വാഹനവ്യൂഹം കടന്നുപോകുന്ന സമയത്ത് ഈ റോഡുകളിലെ ഗതാഗതം പൂർണ്ണമായി സ്തംഭിച്ചേക്കാം.

യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി വിവിധ ഭാഗങ്ങളിൽ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്കായി അധികൃതർ ബദൽ റോഡുകൾ ക്രമീകരിച്ചിട്ടുണ്ട്:

-

വയനാട് ഭാഗത്ത് നിന്ന് വരുന്നവ: താമരശ്ശേരി, ബാലുശ്ശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴി നഗരത്തിലേക്ക് പ്രവേശിക്കണം.

-

കൊടുവള്ളി ഭാഗത്ത് നിന്ന് വരുന്നവ: പടനിലം - കളരിക്കണ്ടി - വരട്ട്യാക്ക് - പെരിങ്ങളം വഴി പോകേണ്ടതാണ്.

-

മുക്കം ഭാഗത്ത് നിന്ന് വരുന്നവ: ചെത്തുകടവ് - പെരിങ്ങളം വഴി യാത്ര തിരിക്കാം.

-

കണ്ണൂർ ഭാഗത്ത് നിന്ന് വരുന്നവ: എലത്തൂർ - പാവങ്ങാട് - നടക്കാവ് വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്.

-

യൂനിവേഴ്സിറ്റി ഭാഗത്ത് നിന്ന് വരുന്നവ: ഇടിമൂഴിക്കൽ - രാമനാട്ടുകര - ഫറോക്ക് - ചെറുവണ്ണൂർ വഴി സിറ്റിയിലേക്ക് എത്താം.

ഇതിനുപുറമെ, നഗരത്തിൽ നിന്നും മറ്റ് ഭാഗങ്ങളിലേക്കുള്ള യാത്രകൾക്കും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സിറ്റി ഭാഗത്തുനിന്നും മലാപ്പറമ്പ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മെഡിക്കൽ കോളജ് - മുണ്ടിക്കൽ താഴം - കോട്ടാംപറമ്പ് - മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്.

വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർ യാത്രാവേളയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി വളരെ നേരത്തെ വീടുകളിൽ നിന്നും പുറപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പ്രധാന സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും പൊലീസ് വ്യക്തമാക്കി.

---------------

Hindusthan Samachar / Roshith K


Latest News