Enter your Email Address to subscribe to our newsletters

Thiruvananthapuram, 13 സെപ്റ്റംബര് (H.S.)
തിരുവനന്തപുരം: സംസ്ഥാനത്ത് അടിയന്തര ആരോഗ്യ സേവന രംഗത്ത് കരിനിഴൽ വീഴ്ത്തി 108 ആംബുലൻസ് ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഒഴിവാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തുന്നു. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നാളെ നിർണായക ചർച്ച വിളിച്ചു. കരാർ കമ്പനി പ്രതിനിധികളും തൊഴിലാളി സംഘടനാ നേതാക്കളും ചർച്ചയിൽ പങ്കെടുക്കും. ഈ മാസം പതിനേഴാം തീയതി മുതൽ സംസ്ഥാന വ്യാപകമായി പണിമുടക്ക് ആരംഭിക്കുമെന്നാണ് സംയുക്ത സമരസമിതിയുടെ മുന്നറിയിപ്പ്.
അതേസമയം, പണിമുടക്ക് പ്രഖ്യാപനത്തിനെതിരെ കടുത്ത നിലപാടുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. യാതൊരു കാരണവശാലും ആംബുലൻസ് സർവീസുകൾ മുടങ്ങുന്ന സാഹചര്യം അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. രോഗികളുടെ ജീവൻവെച്ച് പന്താടാൻ ആരെയും സമ്മതിക്കില്ലെന്നും സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. 108 ആംബുലൻസിനെ ആശ്രയിക്കുന്നത് അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന നിസ്സഹായരായ മനുഷ്യരാണ്. അവർ സുഖവാസത്തിന് പോകുന്നവരല്ലെന്നും ജീവൻരക്ഷാ സംവിധാനങ്ങൾ നിശ്ചലമാക്കിക്കൊണ്ടുള്ള സമരം ഒരുകാരണവശാലും നീതീകരിക്കാനാകില്ലെന്നും മന്ത്രി കർശനമായി മുന്നറിയിപ്പ് നൽകി. സമരം നേരിടാൻ ആവശ്യമായ ബദൽ ക്രമീകരണങ്ങൾ സർക്കാർ ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശമ്പള പരിഷ്കരണം, കൃത്യസമയത്തുള്ള വേതന വിതരണം, അധിക ജോലിഭാരം കുറയ്ക്കൽ, കരാർ വ്യവസ്ഥകളിലെ സുതാര്യത തുടങ്ങിയ ദീർഘകാല ആവശ്യങ്ങൾ ഉന്നയിച്ചാണ് ആംബുലൻസ് ഡ്രൈവർമാരും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരും (EMT) പണിമുടക്കിലേക്ക് നീങ്ങുന്നത്. മാനേജ്മെന്റുമായി പലതവണ ചർച്ചകൾ നടത്തിയെങ്കിലും തൃപ്തികരമായ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാൻ സംഘടനകൾ നിർബന്ധിതമായത്.
സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ നിർണായക കണ്ണിയായ 108 ആംബുലൻസുകൾ പണിമുടക്കിയാൽ അത് ഗുരുതരാവസ്ഥയിലുള്ള രോഗികളെയും അത്യാഹിത വിഭാഗങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കും. പ്രത്യേകിച്ച് അപകടങ്ങൾ, ഹൃദയാഘാതം, പ്രസവം തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ ഗ്രാമീണ മേഖലകളിൽ പോലും സാധാരണക്കാർക്ക് ഏക ആശ്രയം ഈ സർവീസുകളാണ്. അതിനാൽ നാളെ നടക്കുന്ന ചർച്ചയിൽ അനുഭാവപൂർവമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊതുസമൂഹം.
ജീവനക്കാരുടെ ന്യായമായ ആനുകൂല്യങ്ങൾ കരാർ കമ്പനി ഉറപ്പാക്കണമെന്ന നിലപാടിലാണ് തൊഴിൽ വകുപ്പ്. നാളത്തെ യോഗത്തിൽ സർക്കാർ മുന്നോട്ടുവെക്കുന്ന ഫോർമുല ഇരുവിഭാഗങ്ങളും അംഗീകരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും സമരം പിൻവലിക്കുമോ ഇല്ലയോ എന്ന കാര്യം. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സമരം ഒഴിവാക്കാൻ പരമാവധി വിട്ടുവീഴ്ചകൾക്ക് തയ്യാറാകണമെന്ന് ഇരുവിഭാഗത്തോടും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Roshith K