Enter your Email Address to subscribe to our newsletters

Newdelhi, 13 സെപ്റ്റംബര് (H.S.)
ഇന്ത്യയുടെ അധ്യക്ഷതയില് ഡല്ഹിയില് നടന്ന രണ്ട് ദിവസത്തെ ബ്രിക്സ് ഉച്ചകോടിയില് പങ്കെടുത്ത ശേഷം റഷ്യന് പ്രസിഡന്റ് വ്ലാഡിമര് പുട്ടിന് മടങ്ങി. ഉച്ചകോടിക്കിടെ രണ്ട് സെഷനുകളിലാണ് അദ്ദേഹം പങ്കെടുത്തത്. ഭാരത് മണ്ഡപത്തില് നടന്ന ഭാരത് ഇന്നോവേറ്റ്സ് പ്രദര്ശനവും അദ്ദേഹം സന്ദര്ശിച്ചു.
ദേശീയ തലസ്ഥാനത്ത് നടന്ന ബ്രിക്സ് ബിസിനസ് ഫോറത്തിലെ നേതാക്കളുടെ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. തന്റെ പ്രസംഗത്തില് അദ്ദേഹം പാശ്ചാത്യ രാജ്യങ്ങള്ക്കെതിരെ ആഞ്ഞടിച്ചു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിലും വാണിജ്യത്തിലും മറ്റും നടത്തുന്ന നയതന്ത്ര സമ്മര്ദ്ദങ്ങള്ക്കെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ വിമര്ശനങ്ങള്.
റഷ്യയ്ക്ക് മേല് മുപ്പതിനായിരം ഉപരോധങ്ങളുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ലോകത്തെ മറ്റ് മുഴുവന് രാജ്യങ്ങള്ക്കും കൂടി നേരിടേണ്ടി വരുന്നതിന്റെ ഇരട്ടിയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള സാമ്പത്തിക ഉരസലുകളെയും വൃത്തികെട്ട മത്സര തന്ത്രങ്ങളെയും അദ്ദേഹം അപലപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം ഉഭയകക്ഷി ചര്ച്ചകളും നടത്തി. വാണിജ്യ ബന്ധം കൂടുതല് മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ചര്ച്ചകളാണ് ഇരുനേതാക്കളും തമ്മില് പ്രധാനമായും നടത്തിയത്. 2030സാമ്പത്തിക സഹകരണ പദ്ധതിയുടെ നടപ്പാക്കല് ഒപ്പം അടിസ്ഥാന സൗകര്യങ്ങള്, ഊര്ജ്ജം, സാങ്കേതികത, പ്രതിരോധം, സംസ്കാരം തുടങ്ങിയ മേഖലകളിലുള്ള സഹകരണത്തെക്കുറിച്ചും ഇരുനേതാക്കളും ചര്ച്ച നടത്തി.
ഓഗസ്റ്റ് 31ന് ഷാങ്ഹായ് ഉച്ചകോടിക്കിടെ ഇരുനേതാക്കളും ബിഷ്കെക്കില് വച്ചും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്ഹിയില് വച്ച് പുടിനെ കാണാന് കഴിഞ്ഞതില് ഏറെ സന്തോഷമുണ്ടെന്ന് പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില് കുറിച്ചിരുന്നു. തങ്ങളുടെ ബ്രിക്സ് അധ്യക്ഷ പദവി കൊണ്ട് നമ്മുടെ ഗ്രഹത്തിന്റെ ക്ഷേമം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതുതാത്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചര്ച്ച നടത്തിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന് നാവികരുടെ സുരക്ഷയെ ബാധിക്കുന്ന പശ്ചിമേഷ്യന് സംഘര്ഷം, കരിങ്കടല് മേഖലയിലെ വിഷയങ്ങള് എന്നിവയും ചര്ച്ചയായി. സംഘര്ഷങ്ങള് പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങള് മുന്നോട്ട് പോകുകയാണെന്നും മോദി വ്യക്തമാക്കി. സമാധാന ശ്രമങ്ങള്ക്ക് ഇന്ത്യ പൂര്ണ സഹകരണം നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
നേരത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിന് പിങും എത്യോപ്യന് പ്രധാനമന്ത്രി അബി അഹമ്മദ് അലിയും തിരിച്ച് പോയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അത്താഴ വിരുന്നില് ഷി പങ്കെടുത്തിരുന്നില്ല. യുഎഇ കിരീടാവകാശിയും അത്താഴവിരുന്നില് നിന്ന് വിട്ടു നിന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR