Enter your Email Address to subscribe to our newsletters

Thrissur , 13 സെപ്റ്റംബര് (H.S.)
സിപിഐഎം നേതാവ് ബേബി ജോൺ മാസ്റ്റർ അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തൃശൂർ സൺ ആശുപത്രിയിൽ ആശുപത്രിയിൽ വച്ച് അൽപ സമയം മുൻപാണ് അന്ത്യം സംഭവിച്ചത്. സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു ബേബി ജോൺ മാസ്റ്റർ.
മണലൂർ മണ്ഡലത്തിെൽ തൈക്കാട് ചക്രമാക്കിൽ അന്തോണിയുടെയും മേരിയുടെയും മകനായി 1952ലായിരുന്നു ജനനം. 1969 മുതൽ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അദ്ദേഹം 1971ൽ പാർട്ടി അംഗമായി. പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചശേഷം 1984മുതൽ 97വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായി.
1986ൽ ജില്ലാ കമ്മിറ്റിയംഗമായ ഇദ്ദേഹം 97മുതൽ ജില്ലാ സെക്രട്ടറിയറ്റംഗമാണ്. 2006 ജൂലൈയിൽ സിപിഐ എം തൃശൂർ ജില്ലാസെക്രട്ടറിയായി. കെഎസ്വൈഎഫ് ചാവക്കാട് താലൂക്ക് പ്രസിഡന്റായി ഏഴുവർഷത്തോളം പ്രവർത്തിച്ചു. സിഐടിയുവിൻ്റെ ഏരിയ സെക്രട്ടറിതലം മുതൽ ജില്ലാ സെക്രട്ടറിവരെയായി. ബീഡിത്തൊഴിലാളി യൂണിയൻ്റെ ജില്ലാ പ്രസിഡൻ്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഒട്ടേറെ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ബേബി ജോൺ അടിയന്തരാവസ്ഥയിൽ രണ്ടരമാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1975ലെ സ്വാതന്ത്ര്യദിനത്തിൽ കരിങ്കൊടി കെട്ടാൻ ശ്രമിച്ചതിന് കൊടിയ പൊലീസ് മർദനമേറ്റു. അടിയന്തരാവസ്ഥക്കാലത്ത് ഡിഐആർ പ്രകാരം രണ്ടുതവണ അറസ്റ്റിലായി. തൈക്കാട് പഞ്ചായത്തിലെ ബ്ലാങ്ങാട് പിവിഎംഎൽപി സ്കൂളിൽ 1971 മുതൽ അധ്യാപകനായിരുന്നു. പൊലീസ് നടപടികളെത്തുടർന്ന് ഒന്നരകൊല്ലം സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടു.
1991ൽ സർവീസിൽനിന്നും സ്വയം വിരമിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. ചാവക്കാട് നഗരസഭ നിലവിൽ വന്നപ്പോൾ (1980 - 85) കൗൺസിലറും ആദ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി. 1988ൽ വീണ്ടും കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. ചാവക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായും കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
നാളെ രാവിലെ 10 മുതൽ 11 വരെ തൃശൂർ ഡിസി ഓഫീസിൽ പൊതു ദർശനം. 11 മുതൽ രണ്ടര വരെ പുവ്വത്തുരിലെ വീട്ടിൽ പൊതു ദർശനം. മൂന്ന് മുതൽ ചാവക്കാട് ഹോച്മിൻ സ്മാരക മന്ദിരത്തിൽ പൊതു ദർശനം. നാല് മണിക്ക് ചാവക്കാട് പൊതു ശ്മശാനത്തിൽ സംസ്ക്കാരം. ഭാര്യ: ഷീല. മാനവൻ (ദേശാഭിമാനി), ഹിമവാൻ (ചാവക്കാട് സർവീസ് സഹകരണ ബാങ്ക്), അംഗന (അയ്യന്തോൾ സഹകരണബാങ്ക് )എന്നിവരാണ് മക്കൾ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR