Enter your Email Address to subscribe to our newsletters

Kottayam , 13 സെപ്റ്റംബര് (H.S.)
മലയാള മനോരമക്കും അന്തരിച്ച മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടൻ്റ് ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരെയുള്ള സൈബർ ആക്രമണത്തിൽ കോട്ടയം സൈബർ ക്രൈം പൊലീസ് കേസെടുത്തു. മലയാള മനോരമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
മലയാള മനോരമയുടെ കോട്ടയം ഓഫിസിലേക്ക് വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരെയാണ് മനോരമ പൊലീസിൽ പരാതി നൽകിയത്. പരസ്യമായ അധിക്ഷേപ പ്രചാരണം, മനഃപൂർവമായ അപകീർത്തിപ്പെടുത്തൽ, തുടർച്ചയായി അസഭ്യ സന്ദേശങ്ങൾ അയക്കൽ എന്നീ കുറ്റങ്ങളാണ് പരാതിയിലുള്ളത്.
എസ് വി വൈബ്സ് എന്ന ഫേസ്ബുക്ക് പേജ് അഡ്മിൻ എസ് വി അരുൺലാൽ, ഫേസ്ബുക്ക് പ്രൊഫൈലുകളായ അഷറഫ് തരംഗ്, സന്തോഷ് കുമാർ, മനോരമയുടെ ഓഫിസിലേക്ക് വിളിച്ച് അസഭ്യം പറഞ്ഞ ഫോൺ നമ്പർ ഉടമ എന്നിവർക്കെതിരെയാണ് കേസ്.
സൈബർ ക്രൈം ഇൻസ്പെക്ടർ ബി എസ് ആദർശാണ് അന്വേഷണ ഉദ്യോഗസ്ഥൻ. സംഭവത്തിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു വ്യക്തമാക്കിയിട്ടുണ്ട്.
പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ പരാതിയിൽ തിരുവനന്തപുരം വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി 15 സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരങ്ങൾ സൈബർ വിഭാഗം വഞ്ചിയൂർ പൊലീസിന് കൈമാറി.
അക്കൗണ്ട് ഉടമകളെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും അക്കൗണ്ടുകളിൽ നടപടി സ്വീകരിക്കുന്നതിന് മെറ്റയ്ക്കും റിപ്പോർട്ട് നൽകുമെന്നും പൊലീസ് അറിയിച്ചു. സൈബർ വിഭാഗം ഐ ജി പി പ്രകാശിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കൊച്ചിയിലും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ട്.
അധിക്ഷേപങ്ങളെ അപലപിച്ച് മുഖ്യമന്ത്രി
മാധ്യമപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിൻ്റെ വിയോഗത്തിന് പിന്നാലെ ഉയർന്നുവന്ന സോഷ്യൽ മീഡിയ അധിക്ഷേപങ്ങളെ അപലപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്തെത്തിയരുന്നു. എ ഐ സി സി സെക്രട്ടറി ടി എൻ പ്രതാപൻ രചിച്ച പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൃതദേഹം കിടക്കുമ്പോൾ പോലും ആ മാധ്യമപ്രവർത്തകനെയും ഭാര്യയെയും കുടുംബത്തെയും കുറിച്ച് വ്യാജമായ പോസ്റ്റുകൾ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ക്രൂരമാണ്. എങ്ങനെയുള്ള മനുഷ്യരാണ് ഇവർ? ഇത്രയും താഴ്ന്ന തലത്തിലേക്ക് താഴാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു?, മുഖ്യമന്ത്രി പറഞ്ഞു.
പ്രതിരോധിക്കാൻ വഴിയില്ലാത്ത പാവപ്പെട്ട സാധാരണക്കാരെയും സ്ത്രീകളെയും ലക്ഷ്യമിടുമ്പോഴാണ് ഇത് ഗുരുതരമായ പ്രശ്നമായി മാറുന്നതെന്നും ചില രാഷ്ട്രീയ പാര്ട്ടികളുടെ പരോക്ഷ പിന്തുണയോടെ പ്രവർത്തിക്കുന്ന സാമൂഹിക വിരുദ്ധരാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജിജോ ജോൺ പുത്തേഴത്തിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR