സിപിഎം വിശാല യോഗത്തിൽ നിലപാട് വ്യക്തമാക്കി എം.എ. ബേബി
Kozhikode,13 സെപ്റ്റംബര് (H.S.) തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടികൾക്ക് പിന്നാലെ പാർട്ടിയിൽ കടുത്ത തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന വ്യക്തമായ സൂചന നൽകി സി.പി.എം ജനറല് സെക്രട്ടറി എം.എ. ബേബി. കോഴിക്കോട്ട് തുടക്കമായ സി.പി.എം വിശാല സംസ്ഥാന സമിതി യോഗത്തിൻ്റ
CPM STATE COMMITTEE MEETING


Kozhikode,13 സെപ്റ്റംബര് (H.S.)

തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടികൾക്ക് പിന്നാലെ പാർട്ടിയിൽ കടുത്ത തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന വ്യക്തമായ സൂചന നൽകി സി.പി.എം ജനറല് സെക്രട്ടറി എം.എ. ബേബി. കോഴിക്കോട്ട് തുടക്കമായ സി.പി.എം വിശാല സംസ്ഥാന സമിതി യോഗത്തിൻ്റെ ഉദ്ഘാടന പ്രസംഗത്തിലാണ്, ജനങ്ങളിൽ നിന്നുണ്ടായ അകൽച്ചയും പാർട്ടിക്ക് പറ്റിയ തെറ്റുകളും തുറന്നുപറഞ്ഞ് അദ്ദേഹം രംഗത്തെത്തിയത്.

നമ്മളോർക്കണം നമ്മൾ എങ്ങനെ ഉണ്ടായെന്ന്; ജനങ്ങൾക്കിടയിൽ നിന്നാണ് ഈ പാർട്ടി വളർന്നത്. ജനങ്ങളിലേക്ക് തിരികെപ്പോകാനും വീഴ്ചകൾ തിരുത്താനും പാർട്ടി തയ്യാറാകുമെന്ന് അദ്ദേഹം അണികളെ ഓർമ്മിപ്പിച്ചു. തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള വിശദമായ അവലോകന റിപ്പോർട്ട് ചർച്ച ചെയ്യാനാണ് മൂന്ന് ദിവസത്തെ ഈ പ്രത്യേക വിപുലീകൃത സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്.

സിപിഎമ്മിനെതിരെയുള്ള വ്യാജ നിർമ്മിതി ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം വിമര്ശിച്ചു. 1958-59 കാലഘട്ടത്തിലെ വിമോചന സമരത്തിൻ്റെ കാലത്ത് തുടങ്ങിയതാണ് ഈ വ്യാജ നിർമ്മിതി എന്നും എം എ ബേബി പറഞ്ഞു. എന്താണ് വ്യാജ നിർമ്മിതി? ആ വ്യാജ നിർമ്മിതി വിമോചന സമരം എന്ന സംജ്ഞ തന്നെയാണ്. പേരു തന്നെയാണ്.യഥാർത്ഥത്തിൽ അന്ന് വിമോചന സമരം കേരളത്തിലുണ്ടായിരുന്നത് ഇ എം എസ് ഗവൺമെൻ്റിൻ്റെ കാലത്താണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തായിരുന്നു വിമോചന സമരം? ഇ എം എസ് ഗവൺമെൻ്റിൻ്റെ നേതൃത്വത്തിൽ കൈക്കൊണ്ട നടപടികൾ ഓരോന്നും വിമോചന സമരമായിരുന്നു. ജനങ്ങളെ വിമോചിപ്പിക്കാൻ വേണ്ടിയുള്ള സമരം നടത്തിയത് ഇ എം എസ് ഗവൺമെൻ്റാണെന്നും അദ്ദേഹം പറഞ്ഞു.

കുടിയൊഴിപ്പിക്കൽ നിരോധിച്ചു. തൊഴിലാളി സമരങ്ങളിൽ മുതലാളിമാർക്ക് അനുകൂലമായി ഇടപെട്ടുകൊണ്ടിരുന്ന പൊലീസ്, ഇ എം എസ് ഗവൺമെൻ്റിൻ്റെ കാലത്ത് മുതലാളിമാരെ സഹായിക്കുന്ന പൊലീസുകാരായിരുന്നില്ല. നിഷ്പക്ഷമായിരിക്കും, തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കും. ഇ എം എസ് ഗവൺമെൻ്റ് അന്ന് ഒരു പുതിയ പൊലീസ് നയമുണ്ടാക്കി. അതൊരു വിമോചന സമരമാണ്, അതാണ് വിമോചന സമരമെന്നും എം എ ബേബി പറഞ്ഞു.

പാവപ്പെട്ടവന് പഠിക്കാനുള്ള സാഹചര്യത്തിന് വേണ്ടി നടപടികൾ കൈക്കൊണ്ടു. വിദ്യാഭ്യാസ പരിഷ്കാരങ്ങൾ കൊണ്ടുവന്നു ഇ എം എസ് ഗവൺമെൻ്റ്. അതാണ് വിമോചന സമരം. ഇ എം എസ് ഗവൺമെൻ്റ് നടത്തിയ അത്തരം ഇടപെടലുകളാണ് വിമോചന സമരമെന്ന് എം എ ബേബി വ്യക്തമാക്കി.

ചൂഷണ ഭരണം നിലനിൽക്കുന്ന ഇന്ത്യയിൽ ജനപക്ഷത്ത് നിന്നുകൊണ്ട് പ്രവർത്തിക്കുന്ന ഒരു ഗവൺമെൻ്റ് നടത്തുന്ന പ്രവർത്തനങ്ങൾ സമരമാണ്. ഇ എം എസ് ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങൾ ഓരോന്നും ചൂഷണം ചെയ്യപ്പെടുന്ന ജനതയുടെ വിമോചനത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾ കൂടിയായിരുന്നു.

അവിടെ പ്രതിലോമ ശക്തികൾ, ഭൂപ്രഭുക്കന്മാർ എന്തു ചെയ്തു? അവർ ഈ വ്യാജ നിർമ്മിതിയുണ്ടാക്കി. അവരുടെ പ്രതിലോമ സമരത്തിന് 'വിമോചന സമരം' എന്ന് പേരു കൊടുത്തു. നമ്മളിപ്പോൾ ആ കാലത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ 'ആ വിമോചന സമര കാലം' എന്നാണ് പറയുക. വിമോചന വിരുദ്ധ സമര കാലമാണ്.

അവർ വിളിച്ച മുദ്രാവാക്യം തന്നെയല്ലേ ഏറ്റവും വലിയ തെളിവ്. 'പാളയിൽ കഞ്ഞി കുടിപ്പിക്കും, തമ്പുരാനെന്ന് വിളിപ്പിക്കും' എന്ന് പറഞ്ഞുകൊണ്ട് നടന്നതാണോ വിമോചന സമരം? അതല്ലേ സമരം? കഞ്ഞിക്കുഴികൾ ഉണ്ടല്ലോ... പാവപ്പെട്ടവന് പാത്രത്തിൽ കഞ്ഞികുടിക്കാൻ അവകാശമില്ല. കുഴിയെടുത്ത് അതിൽ ഇലവെച്ച് അതിൽ ഒഴിച്ചുകൊടുക്കും, അതാണ് കഴിക്കേണ്ടത്. അതാണ് കഞ്ഞിക്കുഴിയെന്ന് അദ്ദേഹം പറഞ്ഞു.

ജെൻസികൾക്ക് അത് അറിയുമോ എന്ന് അറിയില്ല. അവരെ കുറ്റപ്പെടുത്തുകയല്ല. ദില്ലിയിലെ ജന്തർ മന്തർ സമരം പോലുള്ള സമരങ്ങളിലൂടെ ഞങ്ങൾ ഭയരഹിതരായി പോരാടുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് നരേന്ദ്ര മോദിയെയും അമിത് ഷായെയും മോഹൻ ഭാഗവതിനെയും മുട്ടുകുത്തിച്ച ജന്തർ മന്തറിലെ ആ സമരം... ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾ തങ്ങളുടേതായ സംഭാവന നൽകിയ അത്തരം സമരങ്ങളെല്ലാം ഉണ്ട്. അതിന് പ്രാധാന്യമുണ്ട്.

പക്ഷേ നമ്മൾ ചരിത്രത്തിലെ സംഭവങ്ങൾ ഓർക്കണം. ഇത്തരത്തിൽ വ്യാജ നിർമ്മിതി നമ്മുടെ സമൂഹത്തിൽ നിരന്തരം നടക്കുന്നുണ്ട്. കേരള രാഷ്ട്രീയത്തിൽ നടന്ന ഏറ്റവും വലിയ വ്യാജ നിർമ്മിതി ഈ വിമോചന സമരം എന്ന്, തങ്ങളുടെ പ്രതിലോമ, അമേരിക്കൻ സി ഐ എ യുടെ ഡോളർ വരെ കടന്നുവന്ന ആ സമരത്തിന് 'വിമോചന സമരം' എന്ന ഒരു ആഖ്യാനം കൊടുത്തവരാണ് കേരള രാഷ്ട്രീയത്തിൽ വ്യാജ നിർമ്മിതിക്ക് തുടക്കം കുറിച്ചത്. ആ വ്യാജ നിർമ്മിതി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോഴും തുടരുന്നുണ്ട് ആ കാര്യം. അതുകൊണ്ട് നമ്മൾ ഓരോരുത്തരുടെയും കടമയും ഉത്തരവാദിത്തവും വളരെ വളരെ പ്രധാനമാണ്. ഇവിടെ നമ്മൾ ചോദിക്കേണ്ടതും നമ്മൾ സമൂഹത്തിൽ ചർച്ച ചെയ്യേണ്ടതുമായ കാര്യം, കേരളത്തിന് ലോകത്തിന് മുമ്പിൽ, ഇന്ത്യയ്ക്കു മുമ്പിൽ നിവർന്നു നിൽക്കാൻ കേരളത്തെ പ്രാപ്തമാക്കിയ അഭിമാനകരമായ നേട്ടങ്ങൾ ഓരോന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടതുപക്ഷവുമാണ് ഉണ്ടാക്കിയതെന്നും സിപിഎം ജനറല് സെക്രട്ടറി കൂട്ടിച്ചേര്ത്തു.

സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് ഇന്ന് കോഴിക്കോട് തുടക്കമായി. മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് പതാക ഉയർത്തിയത്. പാർട്ടിയുടെ പുതിയ മുന്നേറ്റങ്ങൾക്കും പ്രവർത്തനങ്ങൾക്കും ദിശാബോധവും തെളിമയും നൽകാനുള്ള ചർച്ചകളും തീരുമാനങ്ങളുമാണ് യോഗത്തിൽ ഉണ്ടാവുക.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അതിജീവിക്കാനും ജന സ്വാധീനം വിപുലമാക്കാനും കർമ്മ പദ്ധതികൾ ആവിഷ്കരിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട വർഗ, ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവരടക്കം 307 പേരാണ് പരിപാടയിൽ പങ്കെടുത്തത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News