Enter your Email Address to subscribe to our newsletters

Newdelhi, 13 സെപ്റ്റംബര് (H.S.)
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയെയും നേരിട്ടെത്തി കണ്ട് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. മലേഷ്യന് പ്രധാനമന്ത്രിക്കായി ഇവര് പ്രാതല് വിരുന്നും ഒരുക്കിയിരുന്നു. അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളിലെ പുതിയ സംഭവവികാസങ്ങൾ ഇരുവരും ചർച്ച ചെയ്തതായി അൻവർ ഇബ്രാഹിം എക്സിൽ കുറിച്ചു.
“എൻ്റെ നല്ല സുഹൃത്തും ഇന്ത്യൻ പാർലമെൻ്റിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഇന്ന് പ്രഭാതഭക്ഷണത്തിനിടെ നടത്തിയ ഹ്രസ്വ കൂടിക്കാഴ്ചയിൽ പുതിയ അന്താരാഷ്ട്ര, പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ കൈമാറാൻ അവസരം ലഭിച്ചു,” അൻവർ ഇബ്രാഹിം എക്സിൽ കുറിച്ചു. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കോൺഗ്രസ് പാർട്ടിയും എക്സിൽ പങ്കുവച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് മലേഷ്യൻ പ്രധാനമന്ത്രിയുമായി പ്രാതല് കൂടിക്കാഴ്ച നടത്തിയതായി കോൺഗ്രസ് വൃത്തങ്ങളും അറിയിച്ചു.
രണ്ട് ദിവസത്തെ 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് അൻവർ ഇബ്രാഹിം ഇന്ത്യയിലെത്തിയത്. ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ശനിയാഴ്ച ‘ ഉൾക്കൊള്ളല് ആഗോള ഭരണവും ബഹുസ്വരത ശക്തിപ്പെടുത്തലും’ (Inclusive Global Governance and Strengthening Multilateralism) എന്ന വിഷയത്തിലുള്ള സെഷനിൽ അദ്ദേഹം പങ്കെടുത്തു. ബ്രിക്സ് അംഗരാജ്യങ്ങളിലെ മറ്റ് നേതാക്കൾക്കൊപ്പം ന്യൂഡൽഹിയിൽ നടന്ന വൃക്ഷത്തൈ നടീൽ പരിപാടിയിലും അദ്ദേഹം പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാത്രി സംഘടിപ്പിച്ച അത്താഴവിരുന്നിലും അൻവർ ഇബ്രാഹിം പങ്കെടുത്തു.
മോദി-അൻവർ കൂടിക്കാഴ്ച്ച
18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അൻവർ ഇബ്രാഹിമും ഉഭയകക്ഷി ചർച്ച നടത്തി. ഇന്ത്യ മലേഷ്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സെമികണ്ടക്ടറുകൾ, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, ഊർജം, ഫിൻടെക്, വിദ്യാഭ്യാസം, ടൂറിസം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലെ സഹകരണത്തിന്റെ പുരോഗതിയും നേതാക്കൾ വിലയിരുത്തി. 2026 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി നടത്തിയ മലേഷ്യൻ സന്ദർശനത്തിൻ്റെ ഫലങ്ങളും ചർച്ചയിൽ അവലോകനം ചെയ്തു.
ഇന്ത്യ ആസിയാൻ ബന്ധം ശക്തിപ്പെടുത്തുന്നതിൽ മലേഷ്യ നൽകിവരുന്ന പിന്തുണയ്ക്ക് മോദി നന്ദി അറിയിച്ചു. കൂടിക്കാഴ്ചയിൽ പരസ്പര താൽപര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളും നേതാക്കൾ ചർച്ച ചെയ്തു. മലേഷ്യയിലെ സബാഹ് സംസ്ഥാനത്തെ കോട്ട കിനബാലുവിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ നിർദേശത്തിന് മലേഷ്യ അനുമതി നൽകിയതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കേരളത്തിലേക്ക് അൻവർ ഇബ്രാഹിം
ന്യൂഡൽഹിയിലെ ഔദ്യോഗിക പരിപാടികൾ പൂർത്തിയാക്കിയ ശേഷം അൻവർ ഇബ്രാഹിം കേരളത്തിലെത്തും. കാന്തപുരം എ പി അബൂബക്കര് മുസ്ല്യാരുമായി കൂടിക്കാഴ്ച നടത്തുകയാണ് കേരള സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം. സമൂഹ വികസനം, വിദ്യാഭ്യാസം, മതകാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ആശയവിനിമയം നടത്തുമെന്ന് അദ്ദേഹം എക്സിൽ അറിയിച്ചു.
ഇന്ത്യയിലെ നയതന്ത്രപരമായ പരിപാടികൾ പൂർത്തിയാക്കിയ ശേഷം മാലദ്വീപും അൻവർ ഇബ്രാഹിം സന്ദര്ശിക്കും. പ്രസിഡൻ്റെ ഡോ. മുഹമ്മദ് മുയിസുവിൻ്റെ ക്ഷണപ്രകാരമാണ് മാലദ്വീപ് സന്ദർശനം. ഇന്ത്യയിലെയും മാലദ്വീപിലെയും സന്ദർശനങ്ങൾ ജനങ്ങൾക്കും രാജ്യങ്ങൾക്കും പ്രയോജനകരമായ ഫലങ്ങൾ നൽകട്ടെയെന്നും മലേഷ്യൻ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR