Enter your Email Address to subscribe to our newsletters

Kozhikode , 13 സെപ്റ്റംബര് (H.S.)
പന്തീരാങ്കാവിൽ ഡാൻസാഫിൻ്റെയും പൊലീസിൻ്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 1013.26 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിലായ കേസിൽ ലഹരി ശൃംഖലയുടെ വേരുകൾ നോയിഡയിലേക്ക്. സാധാരണ തുടക്കത്തിൽ പിടിയിലാകുന്നവരിൽ കേസന്വേഷണം അവസാനിക്കാറുള്ളതിൽ നിന്ന് വ്യത്യസ്തമായി, ശക്തമായ തുടരന്വേഷണം നടത്തിയ കോഴിക്കോട് പൊലീസ് വൻ ലഹരി ശൃംഖലയാണ് തകർത്തത്.
ആദ്യം പിടിയിലായ മൂന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കേസിലെ പ്രധാന സൂത്രധാരന്മാരെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന്, കഴിഞ്ഞ മാസം ഒരാളെയും ഇപ്പോൾ രണ്ടുപേരെയും പൊലീസ് വലയിലാക്കി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
നോയിഡയിലെ ആഡംബര ഫ്ലാറ്റിൽ മിന്നൽ പരിശോധന
ഒരാഴ്ച മുമ്പാണ് പന്തീരാങ്കാവ് പൊലീസും സ്പെഷ്യൽ സ്ക്വാഡും ഡാൻസാഫും ചേർന്ന് ഉത്തർപ്രദേശിലെ നോയിഡയിലേക്ക് തിരിച്ചത്. നോയിഡയിലെ ഒരു ആഡംബര ഫ്ലാറ്റിൽ നടത്തിയ തിരച്ചിലിൽ ലഹരി വിതരണ ശൃംഖലയിലെ പ്രധാന പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നിലമ്പൂർ ചപ്പാത്ത് ചോക്കാട് സ്വദേശി അജ്മൽ (32), ബംഗളൂരുവിൽ നഴ്സിങ് പഠനം നടത്തുന്ന തിരുവനന്തപുരം മലയിൻകീഴ് പൊട്ടയിൽ ഏഴാക്കോട് സ്വദേശിനി സൂര്യ (23) എന്നിവരാണ് അറസ്റ്റിലായത്. സൂര്യയുടെ പേരിൽ നോയിഡയിൽ വാടകയ്ക്കെടുത്ത ഫ്ലാറ്റിലാണ് ഇരുവരും താമസിച്ചിരുന്നത്.
നോട്ട് എണ്ണുന്ന യന്ത്രവും ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു
പരിശോധനയിൽ ഫ്ലാറ്റിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ലഹരി വ്യാപാരത്തിന് ഉപയോഗിച്ചിരുന്ന നോട്ട് എണ്ണുന്ന മെഷീൻ, ലഹരിവസ്തുക്കളുടെ തൂക്കം അളക്കുന്ന ഇലക്ട്രോണിക് ത്രാസ്, രാസലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ, നിരവധിയായ എടിഎം കാർഡുകൾ, ലഹരിമരുന്ന് ചെറിയ പാക്കറ്റുകളിലാക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.
മാസത്തിൽ കോടികളുടെ ഇടപാട്; വൻ ലഹരി ശൃംഖല
ചോദ്യം ചെയ്യലിൽ സൂര്യയുടെ പേരിലുള്ള ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രതിവാരം 10 കിലോയിലധികം രാസലഹരി പാക്കറ്റുകളാക്കി കേരളത്തിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും അയച്ചിരുന്നതായി വ്യക്തമായി. സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങി കേരളത്തിലേക്ക് വിൽപ്പന നടത്താനെന്ന വ്യാജേന കാറുകൾക്കുള്ളിൽ ലഹരി ഒളിപ്പിച്ച കടത്തുന്നതായിരുന്നു ഇവരുടെ പ്രധാന രീതി.
കഴിഞ്ഞ നാല് മാസത്തിനിടെ ഇരുവരും ചേർന്ന് അഞ്ച് കോടിയിലധികം രൂപയുടെ ലഹരി ഇടപാടുകൾ നടത്തിയതായി പൊലീസ് കണ്ടെത്തി. കേസിൻ്റെ ഭാഗമായി ഇവരുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 17 ലക്ഷം രൂപ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. മുൻപ് ലഹരിക്കേസിൽ ജയിലിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്ത അജ്മൽ, പിന്നീട് സൂര്യയുമായി സൗഹൃദത്തിലാവുകയും നോയിഡയിലേക്ക് താമസം മാറ്റി ലഹരി വ്യാപാരികൾക്ക് വലിയ തോതിൽ എംഡിഎംഎ എത്തിച്ചു നൽകുകയുമായിരുന്നു.
വൈദ്യപരിശോധന പൂർത്തിയാക്കിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പന്തീരാങ്കാവ് എസ്എച്ച്ഒഎ നിതിൻ, എഎസ്ഐ അർജുൻ അജിത്ത്, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ സബീഷ്, അഖിൽ ബാബു, ഡാൻസാഫ് അംഗങ്ങളായ അതുൽ, ലതീഷ്, നല്ലളം പൊലീസ് സ്റ്റേഷനിലെ ഷമാന എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR