ശബരിമല പാതകൾക്ക് 550 കോടി അനുവദിച്ചു: മന്ത്രി പി.കെ. ബഷീർ
Thiruvananthapuram, 13 സെപ്റ്റംബര് (H.S.) ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ റോഡുകൾ ഉറപ്പാക്കാൻ 550 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. മുഖ്യമന്ത്രി വി. ഡി. സതീശനും പൊതുമരാമത്ത് മന്ത്രിയും നടത്തിയ
P K Basheer


Thiruvananthapuram, 13 സെപ്റ്റംബര് (H.S.)

ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ റോഡുകൾ ഉറപ്പാക്കാൻ 550 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു.

മുഖ്യമന്ത്രി വി. ഡി. സതീശനും പൊതുമരാമത്ത് മന്ത്രിയും നടത്തിയ ചർച്ചയെ തുടർന്നാണ് ശബരിമലക്കായി പ്രത്യേക പാക്കേജ് എന്ന നിലയിൽ 550 കോടി രൂപ അനുവദിച്ചത്.

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇതാദ്യമായാണ് ഒറ്റത്തവണയായി ഇത്രയും വലിയ തുക ശബരിമലയ്ക്ക് അനുവദിക്കുന്നത്. പാതകളുടെ മൊത്തം വികസനം ഉടനേ പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിലക്കലും പമ്പയിലും ശബരിമല ദേവസ്വം നേരത്തെ നടത്തിയിരുന്ന ജോലികൾ പൊതുമരാമത്ത് വകുപ്പിന് ഏൽപ്പിച്ചിട്ടുണ്ട്. ഇതിനായി 15 കോടി രൂപ അനുവദിച്ചിട്ടുണ്ട് .

2021 മുതൽ ശബരിമല റോഡുകളിൽ പല കാരണങ്ങളാൽ വീഴ്ചകൾ ഉണ്ടായിരുന്നു. മുൻ സീസണുകളിൽ കൃത്യമായ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. ഈ പ്രശ്നങ്ങൾ ഗൗരവത്തോടെ കണ്ട മുഖ്യമന്ത്രി, വിട്ടുവീഴ്ചയില്ലാതെ സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിരുന്നു.

പൊതു മരാമത്ത് വകുപ്പ് മുന്നോട്ട് വച്ച എല്ലാ പ്രവർത്തികളും അംഗീകരിച്ച മുഖ്യമന്ത്രിയോട് മന്ത്രി ബഷീർ നന്ദി പ്രകടിപ്പിച്ചു.

പാക്കേജിന്റെ പ്രധാന ഘടകങ്ങൾ:

റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണവും തീർത്ഥാടക സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലും,

റോഡ് സുരക്ഷാ നടപടികൾക്ക് പ്രത്യേകം 15 കോടി രൂപ,

മുൻ വർഷങ്ങളിലെ പൂർത്തിയാകാത്ത പ്രവൃത്തികൾ മുൻഗണനാടിസ്ഥാനത്തിൽ പൂർത്തിയാക്കൽ,

അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ക്രാഷ് ബാരിയർ, സ്പീഡ് ബ്രേക്കർ, റിഫ്ലക്ടർ, സൈൻബോർഡ് സ്ഥാപിക്കൽ,

വാഹനങ്ങളുടെ കാഴ്ചയും സുരക്ഷയും ഉറപ്പാക്കാൻ റോഡിന്റെ ഇരുവശങ്ങളിലെയും മരച്ചെടികൾ നീക്കം ചെയ്യൽ

ശബരിമല മേഖലയിലെ സർക്കാർ റെസ്റ്റ് ഹൗസുകളുടെ നവീകരണവും അറ്റകുറ്റപ്പണിയും മണ്ഡല സീസണിന് മുമ്പ് പൂർത്തിയാക്കൽ.

മറ്റ് വകുപ്പുകളുമായി ഏകോപിപ്പിച്ച് പ്രവൃത്തികൾ നടത്തുകയും, പുരോഗതി ഇടയ്ക്കിടെ അവലോകനം ചെയ്യും. മുൻകൂട്ടിയുള്ള ആസൂത്രണം മൂലം ഈ തവണ തീർത്ഥാടകർക്ക് കൂടുതൽ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പ്രവൃത്തികളുടെയും പൂർത്തീകരണം, ഗുണനിലവാര പരിശോധന, സുരക്ഷാ ക്രമീകരണങ്ങളുടെ പരിശോധന എന്നിവ ഉടനേ പൂർത്തിയാക്കും.

ശബരിമലയുടെ പ്രാധാന്യവും പ്രത്യേകതയും കണക്കിലെടുത്ത് നിർമാണ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാണ് മുൻഗണന. ഈ കാര്യത്തിൽ ഒരു വീഴ്ചയും അനുവദിക്കില്ലെന്ന് മന്ത്രി പി.കെ. ബഷീർ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News