സെപ്തംബർ മാസത്തിലെ ഉയർത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്.
Kasaragod , 13 സെപ്റ്റംബര് (H.S.) സെപ്തംബർ മാസത്തിലെ ഉയർത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം ശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക
DISASTER MANAGEMENT AUTHORITY


Kasaragod , 13 സെപ്റ്റംബര് (H.S.)

സെപ്തംബർ മാസത്തിലെ ഉയർത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി തിങ്കളാഴ്ച മുതൽ മൂന്ന് ദിവസം ശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

വരു ദിവസങ്ങളിലെ മഴ പ്രവചനം

14/09/2026: പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ മഞ്ഞ അലർട്ട്

15/09/2026: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട്

16/09/2026: കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

എട്ട് വർഷത്തിനിടെ ഏറ്റവും ഉയർന്ന താപനില

സംസ്ഥാനത്ത് സെപ്തംബർ മാസത്തിൽ സാധാരണ അനുഭവപ്പെടുന്നതിനേക്കാൾ കടുത്ത ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. കാസർകോട് അടക്കമുള്ള ജില്ലകളിൽ ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ, കഴിഞ്ഞ എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനില പുനലൂരിൽ രേഖപ്പെടുത്തി. 36.4 ഡിഗ്രി സെൽഷ്യസാണ് പുനലൂരിലെ താപനില.

2018 ലും 2024 ലും ന്യൂട്രൽ പ്രതിഭാസത്തിൻ്റെ സ്വാധീനത്തിൽ പുനലൂരിലും വെള്ളാനിക്കരയിലുമായി 36.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതാണ് ഇതിനുമുമ്പുള്ള ഉയർന്ന താപനില. 2015 ലെ എൽനിനോ പ്രതിഭാസത്തിൽ ആലപ്പുഴയിൽ രേഖപ്പെടുത്തിയ 36.7 ഡിഗ്രി സെൽഷ്യസാണ് ഇതിന് മുൻപത്തെ ഉയർന്ന നിരക്ക്.

ബംഗാൾ ഉൾക്കടലിൻ്റെ വടക്കുഭാഗത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ആന്ധ്രാ ഒഡീഷ തീരത്തേക്ക് നീങ്ങിയതിനാൽ കേരളത്തിന് ഇതിൻ്റെ പ്രയോജനം ലഭിച്ചില്ല. കൂടാതെ, സാധാരണ ഈ സമയത്ത് കണ്ടുവരാത്ത പ്രതിചക്രവാത പ്രതിഭാസം അറബിക്കടലിൽ രൂപപ്പെട്ടതും വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായതുമാണ് മഴ മാറിനിൽക്കാനും അന്തരീക്ഷ താപനില ഉയരാനും കാരണമായതെന്നാണ് വിലയിരുത്തൽ.

കടുത്ത ചൂടിൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി.ചൂട് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു.

- സമയക്രമീകരണം: പകൽ 11 മണി മുതൽ മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

- ശരീര സംരക്ഷണം: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, ചായ, കാപ്പി, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കുക. അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങളും പാദരക്ഷകളും ധരിക്കുക.

- തീപിടുത്ത സാധ്യത: മാളുകൾ, മാർക്കറ്റുകൾ, ഡംപിങ് യാർഡുകൾ എന്നിവിടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലായതിനാൽ കൃത്യമായ ഫയർ ഓഡിറ്റും മുൻകരുതലുകളും ഉറപ്പാക്കണം. വനമേഖലയിൽ കാട്ടുതീ വ്യാപിക്കാതിരിക്കാൻ വിനോദസഞ്ചാരികളും നാട്ടുകാരും ശ്രദ്ധിക്കുക.

- പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവർ: കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, കിടപ്പുരോഗികൾ എന്നിവരെ ഉച്ചവെയിൽ ഏൽക്കാതെ സംരക്ഷിക്കണം. സ്കൂളുകളിൽ ശുദ്ധജല ലഭ്യതയും വായുസഞ്ചാരവും ഉറപ്പാക്കണം.

- തൊഴിൽ സമയം: വഴിയോരക്കച്ചവടക്കാർ, നിർമാണ തൊഴിലാളികൾ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ എന്നിവർക്ക് വിശ്രമവേളകളും ആവശ്യത്തിന് തണലും കുടിവെള്ളവും ഉറപ്പാക്കേണ്ടതുണ്ട്.

അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും അധികൃതർ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News