Enter your Email Address to subscribe to our newsletters

Thrissur , 13 സെപ്റ്റംബര് (H.S.)
ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന് (സെപ്റ്റംബർ 13) ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മാമാങ്കത്തിന് വേദിയാകുന്നു. മുൻകൂട്ടി ബുക്ക് ചെയ്ത 443 വിവാഹങ്ങളാണ് ഇന്ന് ഗുരുവായൂരപ്പന്റെ സന്നിധിയിൽ നടക്കുന്നത്. ഇത് കൂടാതെ നേരിട്ടെത്തി ബുക്ക് ചെയ്യുന്ന സ്പോട്ട് ബുക്കിങ് സംവിധാനം കൂടിയുള്ളതിനാൽ ആകെ വിവാഹങ്ങളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. മംഗല്യപ്പന്തലിലേക്ക് വധൂവരന്മാരും ബന്ധുക്കളും ഒഴുകിയെത്തിയതോടെ ക്ഷേത്രനഗരി പൂർണമായും ഉത്സവലഹരിയിലാണ്. കൊവിഡ് കാലത്തിന് ശേഷം ഇത്രയധികം വിവാഹങ്ങൾ ഒരൊറ്റ ദിവസം ക്ഷേത്രത്തിൽ നടക്കുന്നത് ഇതാദ്യമായാണ്.
വിപുലമായ ക്രമീകരണങ്ങളുമായി ദേവസ്വം
അസാധാരണമായ ഈ ജനത്തിരക്ക് കണക്കിലെടുത്ത് വിവാഹ ചടങ്ങുകളും ക്ഷേത്ര ദർശനവും സുഗമമായി നടത്തുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്. ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഭക്തരുടെ സഹായവും സഹകരണവും ഉണ്ടാകണമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ എന്നിവർ അഭ്യർഥിച്ചു.
ഭക്തർക്ക് തടസമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ ദേവസ്വം ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അഭൂതപൂർവ്വമായ ഭക്തജനതിരക്ക് കണക്കിലെടുത്ത് ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പൊലീസിനെ വിന്യസിക്കും.
വിവാഹങ്ങൾ പുലർച്ചെ 4 മണി മുതൽ ആരംഭിച്ചു; കൂടുതൽ മണ്ഡപങ്ങൾ
സമയബന്ധിതമായി പൂർത്തിയാക്കാൻ പുലർച്ചെ 4 മണി മുതൽ ആറ് മണ്ഡപങ്ങളിലായി കല്യാണങ്ങൾ ആരംഭിച്ചു. താലികെട്ടിനായി ആറ് മണ്ഡപങ്ങളാണ് സജ്ജമാക്കിയത്. താലികെട്ട് ചടങ്ങ് നിർവഹിക്കാൻ ക്ഷേത്രം കോയ്മാരായ വിവാഹ മണ്ഡപത്തിലേക്ക് അധികമായി നിയോഗിച്ചു. സമീപമായി മംഗള വാദ്യസംഘ ത്തെയും നിയോഗിച്ചു. ക്ഷേത്രം കിഴക്കേ നട പൂർണമായും വൺവേ ആയാണ് പ്രവര്ത്തിക്കുന്നത്. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.
വിവാഹസംഘത്തിനുള്ള പ്രത്യേക നിര്ദേശങ്ങള്
വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേൽപുത്തൂർ ആഡിറ്റോറിയത്തിന് തെക്ക് പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ആദ്യം ടോക്കൺ വാങ്ങണം. ഇവർക്ക് ആ പന്തലിലെത്തി വിശ്രമിക്കാം. താലികെട്ട് സമയമാകുമ്പോൾ ഇവരെ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി ഊഴമെത്തുമ്പോൾ വിവാഹ ചടങ്ങ് നടത്താം.
കല്യാണം കഴിഞ്ഞാൽ വിവാഹ സംഘംക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല. വധുവരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ. ചടങ്ങിനെത്തുന്നവരുടെ എണ്ണം വധുവരൻമാരുടെ കുടുംബാംഗങ്ങൾ പരമാവധി നിയന്ത്രിക്കണം.
ദർശന ക്രമീകരണം
സുഗമമായ ക്ഷേത്ര ദർശനത്തിനായി കൂടുതൽ സൗകര്യമൊരുക്കാൻ ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം. ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ക്ഷേത്ര, ചടങ്ങിനെത്തുന്നവർക്കും ദർശനത്തിനെത്തുന്ന ഭക്തർക്കും കരുതലും സഹായവുമൊരുക്കി ദേവസ്വം ജീവനക്കാരും സെക്യൂരിറ്റി വിഭാഗവും പൊലീസും ഉണ്ടാകും. മഫ്തിയിൽ ക്ഷേത്രത്തിനകത്തും പൊലീസിനെ വിന്യസിക്കും. പോക്കറ്റടിക്കാർ, സാമൂഹ്യവിരുദ്ധർ എന്നിവരെ കർശനമായി അമർച്ച ചെയ്യാൻ പൊലീസിനോട് അഭ്യർഥിച്ചിട്ടുണ്ട്.
പൊതുജന സുരക്ഷ
ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും ഉള്ള സി സി ടി വി ക്യാമറകൾ പ്രവർത്തനക്ഷമമാക്കും. 24 മണിക്കൂറും സി സി ടി വി നിരീക്ഷണം ശക്തമാക്കാൻ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമ നടപടി എടുക്കും. ക്ഷേത്രപരിസരത്ത് ഭക്തർക്കെല്ലാം യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കും. അടിയന്തിര ഘട്ടത്തിൽ ഭക്തർക്ക് വൈദ്യ പരിചരണം ലഭ്യമാക്കാൻ ദേവസ്വം മെഡിക്കൽ സെൻ്ററിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ക്ഷേത്രനടയിൽ ആംബുലൻസും സജ്ജമാക്കിയാതായി അധികൃതര് അറിയിച്ചു.
റോഡുകളിൽ പാർക്കിങ്ങ് അനുവദിക്കില്ല
വിവാഹത്തിനും ദർശനത്തിനും ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ക്ഷേത്രം ഇന്നർ റിംഗ്, ഔട്ടർ റിങ്ങ് റോഡുകളിൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ല. പാർക്കിങ്ങ് അനുവദനീയ കേന്ദ്രങ്ങളിൽ മാത്രം നടത്തണം. ദേവസ്വം ശ്രീകൃഷ്ണ എച്ച് എസ് എസ്. ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ മൈതാനങ്ങളിൽ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. അടിയന്തര സന്ദർഭത്തിൽ ആംബുലൻസിനും ഫയർഫോഴ്സിനും പ്രത്യേക വഴിയൊരുക്കും.
ഗുരുവായൂരിലേക്കുള്ള പ്രധാന റോഡ് മാർഗങ്ങളായ കുന്നംകുളം -ഗുരുവായൂർ, ചൂണ്ടൽ- ഗുരുവായൂർ, ചാവക്കാട്-ഗുരുവായൂർ എന്നീ പാതകളുടെ ഓരത്ത് വാഹനങ്ങൾ കൂട്ടമായി പാർക്ക് ചെയ്യാതി രിക്കാൻ യാത്രക്കാർ ശ്രദ്ധിക്കണം. ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഭക്തജനങ്ങളുടെ പിന്തുണയും സഹായവും ദേവസ്വം ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നതായി ചെയർമാൻ എ.വി ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാലും അറിയിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR