Enter your Email Address to subscribe to our newsletters

Thiruvananthapuram, 13 സെപ്റ്റംബര് (H.S.)
ട്രെയിനില് നിന്ന് ഭക്ഷണം കഴിച്ചാല് ഇനി കീശ കാലിയാകും. ദക്ഷിണ റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ സാധനങ്ങൾക്ക് വില വർധിപ്പിച്ചു. 60 ആഹാര സാധനങ്ങളുടെ വിലയാണ് കൂട്ടിയത്. അഞ്ച് രൂപ മുതൽ 15 രൂപ വരെയാണ് വർധിപ്പിച്ചത്.
38 പാൻ ഇന്ത്യൻ വിഭവങ്ങൾക്കും 22 പ്രദേശിക വിഭവങ്ങൾക്കുമാണ് കാറ്ററിങ് യുണിറ്റുകൾ വില വർധിപ്പിച്ചത്. ഇതിന് പുറമെ ചിക്കൻ കറി, ഫ്രൈഡ് റൈസ്, ചില്ലി ചിക്കൻ എന്നിവയുൾപ്പെടെ എട്ട് അധിക വിഭവങ്ങൾ കൂടെ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി, സേലം, പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ കാറ്ററിങ് യൂണിറ്റുകൾക്കാണ് പുതുക്കിയ വില ബാധകമാകുന്നത്. കാറ്ററിങ് ലൈസൻസുള്ളവർ അംഗീകൃത മെനുവും വിലകളും വ്യക്തമായി പ്രദർശിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ദക്ഷിണ റെയിൽവേ പരിശോധനാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇഡ്ഡലി, ദോശ, ലക്ഷുഭക്ഷണം എന്നിവക്കും വില കൂടും
രണ്ട് ഇഡ്ഡലിയും ചട്ട്നിയും 20 രൂപയിൽ നിന്ന് 25 രൂപയായി ഉയർത്തി. ഉഴുന്നുവട മസാല വട എന്നിവ ഇനി മുതൽ 30 രൂപക്കായിരിക്കും ലഭിക്കുക. മസാലദോശ, ഉള്ളിദോശ (ഊത്തപ്പം),റവദോശ എന്നിവയുടെ വില 25 രൂപയിൽ നിന്ന് 30 രൂപയായി വർധിപ്പിച്ചു. റവ ഇഡ്ഡലിക്ക് 25 രൂപയുമായി വില.
ലഘുഭക്ഷണങ്ങളായ ആലുബോണ്ടക്ക് 25 രൂപയും ഉള്ളി പക്കോഡ, സമൂസ എന്നിവക്ക് 30 രൂപയുമായി നിലവിലെ വില. വെജിറ്റബിൾ സാൻവിച്ചിന് 35 രൂപയും വെജിറ്റബിൾ കടലറ്റ് 50 രൂപയും വെജിറ്റബിൾ ബർഗറിന് 55 രൂപയുമായി വില വർധിപ്പിച്ചു.
95 രൂപയുടെ ഊണിനും വില വർധിപ്പിച്ചു
95 രൂപയുടെ മീൻകറി ഊണിന് ഇനി മുതൽ 110 രൂപയാണ് വില. കർണാടക വിഭവമായ ബിസി ബലെ ബത്ത് 55 രൂപയിൽ നിന്ന് 65 രൂപയായി വർധിപ്പിച്ചു. ലെമൺ റൈസ്, തൈര്സാദം എന്നിവക്ക് 35 രൂപയും ടോമേറ്റോ റൈസ് 25 രൂപയും പൊങ്കലിന് 30 രൂപയുമാണ് പുതിയ വില. ഓംലെറ്റ് ഇനി മുതൽ 35 രൂപക്ക് കിട്ടില്ല. പകരം 45 രൂപയാക്കി വില വർധിപ്പിച്ചു. പുഴുങ്ങിയ മുട്ട 15 രൂപയിൽ നിന്ന് 20 രൂപയാക്കി. ബ്രഡിന് 10 രൂപയിൽ നിന്ന് 15 രൂപയാക്കി വർധിപ്പിച്ചു.
പുറത്തെ ഹോട്ടലുകളിലെ വില കയറ്റത്തിൽ യാത്രക്കാർക്ക് ആശ്വാസം റെയിൽവേ സ്റ്റേഷനുകൾ ആയിരുന്നു. അതിപ്പോൾ ഇല്ലാതാകുകയാണെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പ്രശാന്ത് പറഞ്ഞു. അഞ്ചു രൂപ മുതൽ 10 രൂപ വരെയാണ് കൂടിയത്. ഇതിൽ എന്തെങ്കിലും ഇളവ് നൽകണം. ആകെയുള്ള ആശ്വാസം ചായയ്ക്ക് വില കൂട്ടാത്തത് ആണെന്നും അദ്ദേഹം പറഞ്ഞു.
മാറ്റമില്ലാതെ പഴംപൊരിയും ഡിപ്പ് ചായയും
ഡിപ്പ് ചായയും കാപ്പിയും 10 രൂപയിൽ തന്നെ തുടരും. പഴംപൊരിയുടെ വിലയിലും മാറ്റമുണ്ടാവിവല്ല. 20 രൂപയാണ് പഴംപൊരിക്ക് വില. കൂടാതെ അഞ്ച് രൂപയുടെ ചപ്പാത്തിയും 10 രൂപയുടെ പറോട്ടയുടെ വിലയിലും മാറ്റമില്ലാതെ തുടരും.
മെനുവിൽ പുതുതായി ഉൾപ്പെടുത്തിയ വിഭവങ്ങൾ
ചിക്കൻ ഫ്രൈഡ് റൈസ്, ചിക്കൻ കറി, എഗ്ഗ് ഫ്രൈഡ് റൈസ്, വെജ് ഫ്രൈഡ് റൈസ്, ചില്ലി ചിക്കൻ, സ്റ്റപ്ഡ് പറോട്ട, വെജിറ്റബിൾ നൂഡിൽസ് തുടങ്ങിയ എട്ട് വിഭവങ്ങളാണ് മെനുവിൽ പുതുതായി കാറ്ററിങ് യൂണിറ്റുകൾ ഉൾപ്പെടുത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR