ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റിനെതിരെ അതിരൂക്ഷ വിമർശനവുമായി ഷാജി കോടംകണ്ടത്ത്
Thrissur , 13 സെപ്റ്റംബര് (H.S.) തൃശൂർ കോൺഗ്രസിലെ ആഭ്യന്തര ഭിന്നത വീണ്ടും തെരുവിലേക്ക്. ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് തന്നെ ബോധപൂർവ്വം സൈബർ കേസിൽ പ്രതിയാക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി കെപിസിസി സെക്രട്ടറി ഷാജി കോടംകണ്ടത്ത് രംഗത്തെത്തി. തനി
THRISSUR DCC CONTROVERSIES


Thrissur , 13 സെപ്റ്റംബര് (H.S.)

തൃശൂർ കോൺഗ്രസിലെ ആഭ്യന്തര ഭിന്നത വീണ്ടും തെരുവിലേക്ക്. ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് തന്നെ ബോധപൂർവ്വം സൈബർ കേസിൽ പ്രതിയാക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി കെപിസിസി സെക്രട്ടറി ഷാജി കോടംകണ്ടത്ത് രംഗത്തെത്തി. തനിക്കെതിരെ ഉയര്ന്ന സൈബർ കേസുകൾക്ക് പിന്നിൽ ഡിസിസി പ്രസിഡൻ്റിൻ്റെ പ്രതികാരബുദ്ധിയാണെന്നും, ഈ വിഷയത്തിൽ ജോസഫ് ടാജറ്റിനെതിരെ മാനനഷ്ടത്തിന് നിയമനടപടി സ്വീകരിക്കുമെന്നും ഷാജി കോടംകണ്ടത്ത് വ്യക്തമാക്കി.

ഡിസിസി പ്രസിഡൻ്റിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ ഷാജി കോടംകണ്ടത്തിനും മറ്റ് എട്ട് കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ സൈബർ പൊലീസ് കേസ് എടുത്തതിന് തൊട്ടുപിന്നാലെയാണ് തൃശൂരിലെ മുതിർന്ന നേതാക്കൾ പരസ്യ പോരിലേക്ക് കടന്നത്. തൃശൂർ ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തെ ജോസഫ് ടാജറ്റ് നശിപ്പിക്കുകയാണെന്നും കെപിസിസി സെക്രട്ടറി ആക്ഷേപിച്ചു.

മനപ്പൂർവ്വം സൈബർ കേസിൽ പ്രതിയാക്കാൻ ശ്രമം: ഷാജി കോടംകണ്ടത്ത്

ഈ സംഭവവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഇലക്ഷൻ സമയത്ത് പല പാർട്ടി പ്രവർത്തകരും പല പേരുകളിലായി വാട്സാപ്പ് ഗ്രൂപ്പുകൾ തുടങ്ങിയിട്ടുണ്ട്. ഇതിൽ ഒന്നിലും ഞാൻ യാതൊരുവിധ സന്ദേശങ്ങളും പോസ്റ്റ് ചെയ്തിട്ടില്ല. എൻ്റെ ഫോൺ പരിശോധിച്ചാൽ ആർക്കും അത് ബോധ്യപ്പെടും. ഡിസിസി പ്രസിഡൻ്റിൻ്റെ വീഴ്ചകൾക്കെതിരെ പരാതി നൽകിയതിൻ്റെ വിരോധമാണ് കേസിന് പിന്നിൽ. ഷാജി കോടംകണ്ടത്ത് പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒല്ലൂർ മണ്ഡലത്തിലെ തോൽവിയിൽ ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റിനെതിരെ താൻ മൂന്ന് തവണ കെപിസിസിക്ക് പരാതി നൽകിയിരുന്നതായി ഷാജി കോടംകണ്ടത്ത് ചൂണ്ടിക്കാട്ടി. ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്നിട്ടുപോലും ഒല്ലൂരിലെ പ്രചാരണത്തിന് ജോസഫ് ടാജറ്റ് മുൻകൈ എടുത്തില്ല. പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുടെ പ്രചാരണ പരിപാടികൾ തൃശൂരിലും ഒല്ലൂരിലും അദ്ദേഹം മനപ്പൂർവ്വം ഒഴിവാക്കി. തെരഞ്ഞെടുപ്പ് സമയത്ത് ഡിസിസി പ്രസിഡൻ്റിൻ്റെ പേരിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയതിനെക്കുറിച്ചും പരാതി നൽകിയിട്ടുണ്ട്.

പാർട്ടി വിരുദ്ധ നിലപാടുകളും വഞ്ചനയും

സിഎം ബാലകൃഷ്ണനെപ്പോലുള്ള മുതിർന്ന നേതാക്കൾ ഞങ്ങൾക്ക് എപ്പോഴും മാതൃകയാണ്. എത്ര ദേഷ്യം കാണിച്ചാലും അണികളെ നെഞ്ചോട് ചേർത്തുപിടിക്കുന്ന സമീപനമാണ് അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. എന്നാൽ നിലവിലെ നേതൃത്വം പാർട്ടിയെ തകർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്, ഷാജി കോടംകണ്ടത്ത് പറഞ്ഞു.

പൂക്കോട് പഞ്ചായത്തിൽ ആർഎസ്എസ് ബിജെപി സഖ്യത്തിന് വേണ്ടി പ്രവർത്തിച്ചു എന്ന് കോൺഗ്രസുകാർ പരാതിപ്പെട്ട അഭിഭാഷകനെ കോർപ്പറേഷൻ്റെ സ്റ്റാൻഡിംഗ് കൗൺസിലായി നിയമിക്കാൻ ഡിസിസി പ്രസിഡൻ്റ് മുൻകൈ എടുത്തു. കഴിഞ്ഞ പത്തു വർഷക്കാലമായി തൃശൂർ ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും കേസുകൾ സജീവമായി നടത്തിയിരുന്ന ജനപ്രിയ അഭിഭാഷകനെ ഒഴിവാക്കിയാണ് ഈ നിയമനം നടത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നപ്പോഴും പരാതി നൽകിയിരുന്നു. തുടർന്ന് ഒല്ലൂർ പഞ്ചായത്തിൽ യുഡിഎഫിൻ്റെ പേരിൽ യോഗം വിളിച്ച് തന്നെ തേജോവധം ചെയ്യുന്ന രീതിയിൽ പത്രപ്രസ്താവന പുറപ്പെടുവിച്ചതിനെതിരെയും കെപിസിസിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഷാജി കോടംകണ്ടത്ത് കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News