Enter your Email Address to subscribe to our newsletters

Kozhikode, 13 സെപ്റ്റംബര് (H.S.)
കോഴിക്കോട്: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഴം അളക്കാൻ കോഴിക്കോട്ട് ചേർന്ന സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിയിൽ നേതൃത്വത്തിനെതിരെ കടുത്ത സ്വയംവിമർശനം. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ എതിരാളികൾ വ്യാപകമായി ഉയർത്തിയ ‘ബിജെപി ഡീൽ’ ആരോപണത്തെ തുടക്കത്തിൽ തന്നെ വേണ്ടത്ര ഗൗരവത്തോടെ കാണാനോ പ്രതിരോധിക്കാനോ കഴിഞ്ഞില്ലെന്ന നിർണായക വീഴ്ച പാർട്ടി മാർഗരേഖയിൽ തുറന്നുസമ്മതിക്കുന്നു. രാഷ്ട്രീയമായി വലിയ പ്രത്യാഘാതം സൃഷ്ടിച്ച ഈ ആഖ്യാനത്തെ മുളയിലെ നുള്ളാൻ കഴിയാതിരുന്നത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്താൻ ഇടയാക്കിയെന്നാണ് സംഘടനയുടെ പുതിയ വിലയിരുത്തൽ.
ജില്ലാ കമ്മിറ്റി ഓഫീസിലെ ഇ.എം.എസ്–എ.കെ.ജി ഓഡിറ്റോറിയത്തിൽ തുടക്കമായ മൂന്ന് ദിവസത്തെ വിപുലീകൃത സംസ്ഥാന സമിതിയിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംഘടനാ മാർഗരേഖ അവതരിപ്പിച്ചത്. പാർട്ടിയുടെ പരമ്പരാഗത സംഘടനാ ചട്ടക്കൂടുകൾക്കപ്പുറം താഴേത്തട്ടിൽ നിന്ന് ശേഖരിച്ച ഇരുപതിനായിരത്തിലധികം ജനകീയ പ്രതികരണങ്ങളും കീഴ്ഘടകങ്ങളുടെ അഭിപ്രായങ്ങളും ക്രോഡീകരിച്ചാണ് മാർഗരേഖ തയ്യാറാക്കിയിട്ടുള്ളത്.
നേരത്തെ സംസ്ഥാന സമിതിയും കേന്ദ്ര കമ്മിറ്റിയും തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തപ്പോൾ, പ്രചാരണ വേളയിൽ പാർട്ടിക്ക് പ്രതിരോധം തീർക്കാൻ സാധിച്ചില്ലെന്ന പൊതുവായ നിരീക്ഷണം മാത്രമാണ് നടത്തിയിരുന്നത്.
എന്നാൽ വിപുലീകൃത സമിതിയിലേക്ക് എത്തിയപ്പോൾ കൂടുതൽ വ്യക്തതയോടെയും കാർക്കശ്യത്തോടെയും കാര്യങ്ങൾ വിലയിരുത്താൻ നേതൃത്വം തയ്യാറായി. ബിജെപി–സിപിഐഎം അവിഹിത ബാന്ധവം ഉണ്ടെന്ന ആരോപണം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ അതിനെ ശക്തമായി തള്ളിക്കളയാനും രാഷ്ട്രീയമായി തുറന്നുകാട്ടാനും പാർട്ടിയുടെ വിവിധ ഘടകങ്ങൾക്ക് സാധിച്ചില്ല. ആരോപണത്തെ വെറും പ്രചാരവേലയായി കണ്ട് നിസാരവൽക്കരിച്ചത് ജനവിഭാഗങ്ങൾക്കിടയിൽ സംശയങ്ങൾ രൂപപ്പെടാൻ വഴിവെച്ചുവെന്ന് രേഖ കുറ്റപ്പെടുത്തുന്നു.
പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടാകുമ്പോഴും ബഹുജന സ്വാധീനം ചോർന്നുപോകുന്ന വിരോധാഭാസവും രേഖയിൽ അക്കമിട്ടു നിരത്തുന്നുണ്ട്. സംസ്ഥാന സമിതി അംഗങ്ങൾ വെറുതെ യോഗങ്ങളിൽ പങ്കെടുത്ത് മടങ്ങുന്ന പതിവ് രീതി അവസാനിപ്പിക്കണമെന്നും, ഓരോ ജില്ലകളിലും തങ്ങി ജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തണമെന്നും കർശന നിർദേശമുണ്ട്. സംഘടനാപരമായ അലംഭാവവും പൊതുവിഷയങ്ങളിലുള്ള മുൻകൈ നഷ്ടപ്പെടലും ഇടതുപക്ഷ സ്വാധീനത്തെ ദുർബലപ്പെടുത്താൻ കാരണമായി.
വലതുപക്ഷ രാഷ്ട്രീയ ആശയങ്ങളും വർഗീയ ധ്രുവീകരണവും സംസ്ഥാനത്ത് പിടിമുറുക്കാൻ ശ്രമിക്കുമ്പോൾ, പ്രത്യയശാസ്ത്രപരമായ ജാഗ്രതക്കുറവ് വലിയ വില നൽകേണ്ടിവരുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജനറൽ സെക്രട്ടറി എം.എ. ബേബിയും ഓർമിപ്പിച്ചു. ആർഎസ്എസുമായുള്ള ബന്ധത്തെക്കുറിച്ച് സൃഷ്ടിക്കപ്പെട്ട പ്രതീതിയെ യഥാസമയം പ്രതിരോധിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും, തെറ്റുകൾ തുറന്നുസമ്മതിച്ച് തിരുത്തൽ പ്രക്രിയയിലൂടെ മാത്രമേ ജനവിശ്വാസം പൂർണമായി വീണ്ടെടുക്കാനാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
307 പ്രതിനിധികൾ പങ്കെടുക്കുന്ന യോഗത്തിൽ, മാർഗരേഖയിലെ പരാമർശങ്ങൾ വരും ദിവസങ്ങളിൽ വിശദമായ ചർച്ചയ്ക്ക് വഴിവെക്കും. പരമ്പരാഗതമായി ഇത്തരം സമിതികളിൽ സ്വീകരിക്കാറുള്ള പ്രതിരോധ തന്ത്രങ്ങളിൽ നിന്ന് മാറി, തുറന്ന സ്വയംവിമർശനത്തിലൂടെ താഴേത്തട്ട് മുതൽ സംഘടനയെ ഉടച്ചുവാർക്കാനുള്ള നിർണായക ഘട്ടത്തിലേക്കാണ് സിപിഐഎം കടക്കുന്നത് എന്ന വ്യക്തമായ സൂചനയാണ് കോഴിക്കോട് നിന്നുള്ള മാർഗരേഖ നൽകുന്നത്.
---------------
Hindusthan Samachar / Roshith K