Enter your Email Address to subscribe to our newsletters

Thrishur , 13 സെപ്റ്റംബര് (H.S.)
തൃശൂർ: മുതിർന്ന സിപിഐഎം നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ബേബി ജോൺ (74) അന്തരിച്ചു. അസുഖബാധിതനായി ദീർഘനാളായി തൃശൂരിൽ ചികിത്സയിലായിരുന്നു. സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയായും തൊഴിലാളി യൂണിയൻ രംഗത്തെ ശക്തമായ സാന്നിധ്യമായും പതിറ്റാണ്ടുകളോളം മധ്യകേരളത്തിലെ പാർട്ടി രാഷ്ട്രീയത്തെ നയിച്ച ജനകീയ നേതാവാണ് വിടവാങ്ങിയത്.
1952-ൽ മണലൂർ തൈക്കാട് ചക്രമാക്കിൽ അന്തോണിയുടെയും മേരിയുടെയും മകനായാണ് ജനനം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം 1971-ൽ പാർട്ടിയുടെ സജീവ അംഗമായി മാറി. ബ്ലാങ്ങാട് പി.വി.എം എൽ.പി സ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം, പിന്നീട് അധ്യാപന ജോലി രാജിവെച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങുകയായിരുന്നു.
ഇന്ത്യൻ ജനാധിപത്യം കടുത്ത വെല്ലുവിളി നേരിട്ട അടിയന്തരാവസ്ഥക്കാലത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി പോരാട്ടവീഥികളിൽ മുൻനിരയിലുണ്ടായിരുന്നു ബേബി ജോൺ. 1975-ലെ സ്വാതന്ത്ര്യദിനത്തിൽ അടിയന്തരാവസ്ഥയ്ക്കെതിരെ കരിങ്കൊടി കെട്ടി പ്രതിഷേധിക്കാൻ ശ്രമിച്ചതിന് ക്രൂരമായ പൊലീസ് മർദനത്തിനിരയാവുകയും ഡിഫൻസ് ഓഫ് ഇന്ത്യ റൂൾസ് (ഡിഐആർ) പ്രകാരം രണ്ടര മാസത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തു.
പാർട്ടി സംഘടനാരംഗത്തും തൊഴിലാളി പ്രസ്ഥാനങ്ങളിലും താഴെത്തട്ട് മുതൽ നേതൃനിരയിലേക്ക് ഉയർന്നുവന്ന നേതാവാണ് ബേബി ജോൺ. പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ സെക്രട്ടറി, ചാവക്കാട് ഏരിയ സെക്രട്ടറി എന്നീ ചുമതലകൾ വിജയകരമായി നിർവഹിച്ചു. 1986-ൽ ജില്ലാ കമ്മിറ്റി അംഗമായ അദ്ദേഹം 1997-ൽ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006 ജൂലൈയിലാണ് അദ്ദേഹം സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ ചുമതലയേറ്റെടുക്കുന്നത്. തുടർന്ന് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചു.
സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി എന്ന നിലയിലും ബീഡിത്തൊഴിലാളി യൂണിയൻ, മത്സ്യത്തൊഴിലാളി യൂണിയൻ, ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ എന്നിവയുടെ അമരക്കാരനായും തൊഴിലാളിവർഗ അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. ചാവക്കാട് നഗരസഭ നിലവിൽ വന്നപ്പോൾ കൗൺസിലറും ആദ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായി ജനപ്രതിനിധി രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ മണലൂർ മണ്ഡലത്തിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി അദ്ദേഹം ജനവിധി തേടിയിരുന്നു.
പരേതയായ ഷീലയാണ് ഭാര്യ. മാനവൻ, ഹിമവാൻ, അംഗന എന്നിവരാണ് മക്കൾ. മൃതദേഹം പൊതുദർശനത്തിന് വെക്കുന്ന തീയതി, സമയം, സംസ്കാര ചടങ്ങുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പാർട്ടി നേതൃത്വവും കുടുംബവും പിന്നീട് തീരുമാനിക്കും. ബേബി ജോണിന്റെ നിര്യാണത്തിൽ പ്രമുഖ രാഷ്ട്രീയ, സാമൂഹിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
---------------
Hindusthan Samachar / Roshith K