Enter your Email Address to subscribe to our newsletters

Kozhikode, 13 സെപ്റ്റംബര് (H.S.)
കോഴിക്കോട്: നഗരത്തിൽ വിൽപനയ്ക്കായി കൊണ്ടുവന്ന ഒരു കിലോഗ്രാമിലധികം കഞ്ചാവുമായി ലക്ഷദ്വീപ് സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പൊലീസ് പിടികൂടി. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് യാസിൻ (34), കോഴിക്കോട് ഉമ്മളത്തൂർ സ്വദേശി അബ്ദുൾ മുനീർ (27) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് വിപണിയിൽ ആവശ്യക്കാർക്ക് കൈമാറാൻ പാക്കറ്റുകളാക്കി സൂക്ഷിച്ചിരുന്ന 1.048 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
കോഴിക്കോട് കല്ലായി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പ്രതികൾ ലഹരി ഇടപാടുകൾ നടത്തിയിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസബ ഇൻസ്പെക്ടർ സായൂജിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ലോഡ്ജിൽ മുറിയെടുത്ത് ദീർഘനാളായി ഇവർ ലഹരി ഇടപാടുകൾ നടത്തിവരികയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
നഗരത്തിലെ യുവാക്കളെയും വിദ്യാർഥികളെയും കേന്ദ്രീകരിച്ച് ചെറിയ അളവിലുള്ള പൊതികളാക്കി കഞ്ചാവ് വിതരണം ചെയ്യുന്ന ശൃംഖലയിലെ പ്രധാനികളാണ് പിടിയിലായതെന്ന് പൊലീസ് സൂചിപ്പിച്ചു. പുറത്തുനിന്ന് വൻതോതിൽ ലഹരിവസ്തുക്കൾ എത്തിച്ച് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ വിതരണം നടത്തുന്നതാണ് ഇവരുടെ രീതി. പ്രതികൾക്ക് കഞ്ചാവ് എവിടെനിന്നാണ് ലഭിച്ചതെന്നും ഈ ഇടപാടിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലഹരിക്കെതിരെ നഗരപരിധിയിൽ പൊലീസ് പരിശോധന കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ, നഗരത്തിലെ ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ച് സിറ്റി ക്രൈം സ്ക്വാഡും ലോക്കൽ പൊലീസും കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കസബ പൊലീസ് അറിയിച്ചു. ലഹരിക്കടത്ത് തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ഊർജിതമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K