Enter your Email Address to subscribe to our newsletters

Thiruvananthapuram, 13 സെപ്റ്റംബര് (H.S.)
തിരുവനന്തപുരം: സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാരുകളുടെ കാലത്ത് നിയമിച്ച പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം അഞ്ഞൂറിൽ താഴെയാണെന്ന വാദം പൊളിയുന്നു. ഒന്നാം പിണറായി സർക്കാരും രണ്ടാം പിണറായി സർക്കാരും ചേർന്ന് വിവിധ ഘട്ടങ്ങളിലായി നിയമിച്ചത് ആയിരത്തിനാലൂറിലധികം പേഴ്സണൽ സ്റ്റാഫുകളെയെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകൾ പുറത്തുവന്നു. മുൻ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും പൊതുവേദികളിലും നിയമസഭയിലും ഉന്നയിച്ച വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന കണക്കുകളാണ് മനോരമ ന്യൂസ് പുറത്തുവിട്ട ഔദ്യോഗിക രേഖകളിലുള്ളത്.
ലഭ്യമായ വിവരാവകാശ കണക്കുകൾ പ്രകാരം, 2016-ൽ അധികാരമേറ്റ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിവിധ മന്ത്രിമാരുടെയും ചീഫ് വിപ്പിന്റെയും പ്രതിപക്ഷ നേതാവിന്റെയുമടക്കം ഓഫീസുകളിലായി പല ഘട്ടങ്ങളിലായി നിയമിക്കപ്പെട്ടത് 698 പേഴ്സണൽ സ്റ്റാഫുകളാണ്. 2021-ൽ അധികാരത്തിൽ വന്ന രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇത് വീണ്ടും വർദ്ധിച്ച് 715-ൽ എത്തി. അതായത്, കഴിഞ്ഞ പത്ത് വർഷത്തെ ഇടത് ഭരണത്തിനിടയിൽ ആകെ നിയമിക്കപ്പെട്ടത് 1413 പേഴ്സണൽ സ്റ്റാഫുകളാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിലെ കണക്കിലും വൈരുദ്ധ്യം
തന്റെ ഓഫീസിൽ ആകെ 32 പേഴ്സണൽ സ്റ്റാഫുകൾ മാത്രമാണ് ഉള്ളതെന്നായിരുന്നു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാൽ സർക്കാർ തന്നെ പുറത്തുവിട്ട ഔദ്യോഗിക പട്ടിക ഈ വാദത്തെയും ഖണ്ഡിക്കുന്നു. ഒഴിഞ്ഞുപോയവർക്ക് പകരമുള്ള പുനർനിയമനങ്ങളും കരാർ വ്യവസ്ഥയിലുള്ള മറ്റ് സുപ്രധാന നിയമനങ്ങളും പരിശോധിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആകെ സ്റ്റാഫുകളുടെ എണ്ണം ഈ പരിധിക്കും മുകളിലാണെന്ന് രേഖകൾ അടിവരയിടുന്നു.
പെൻഷൻ തട്ടിപ്പും രാഷ്ട്രീയ നിയമനങ്ങളും ചർച്ചയാകുന്നു
കേരളത്തിൽ പേഴ്സണൽ സ്റ്റാഫുകൾക്ക് രണ്ട് വർഷം പൂർത്തിയായാൽ ആജീവനാന്ത പെൻഷൻ ലഭിക്കുന്ന വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. ഈ ആനുകൂല്യം പരമാവധി സ്വന്തം പാർട്ടി കേഡർമാർക്ക് ലഭ്യമാക്കാൻ വേണ്ടി സർക്കാരുകൾ ബോധപൂർവ്വം ആളുകളെ മാറ്റിമാറ്റി നിയമിക്കുന്നുവെന്ന ആക്ഷേപം നേരത്തെ തന്നെ ശക്തമായിരുന്നു. പല ഘട്ടങ്ങളിലായി ഇത്രയധികം ആളുകളെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് തിരുകിക്കയറ്റിയത് വഴി സംസ്ഥാന ഖജനാവിന് കോടിക്കണക്കിന് രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുന്നത്. പെൻഷൻ ബാധ്യത ഒഴിവാക്കാനോ സ്റ്റാഫുകളുടെ എണ്ണം യുക്തിസഹമായി വെട്ടിച്ചുരുക്കാനോ സർക്കാർ തയ്യാറായില്ലെന്ന് മാത്രമല്ല, മുൻ സർക്കാരുകളുടെ റെക്കോർഡുകൾ ഭേദിക്കുന്ന തരത്തിലാണ് നിയമനങ്ങൾ നടത്തിയതെന്നും രേഖകൾ തെളിയിക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജനക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും പണമില്ലെന്ന് പറയുന്ന സർക്കാർ, സ്വന്തം പാർട്ടിക്കാർക്ക് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ വാരിക്കോരി നൽകുകയാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്ക് പുതിയ രേഖകൾ വലിയ രാഷ്ട്രീയ ആയുധമാകും. പൊതുസമൂഹത്തിന് മുന്നിൽ പറഞ്ഞ കണക്കുകളും സ്വന്തം വകുപ്പുകൾ തന്നെ നൽകിയ ഔദ്യോഗിക രേഖകളും തമ്മിൽ പൊരുത്തപ്പെടാത്തത് ഇടതുമുന്നണിയെയും സർക്കാരിനെയും വരുംദിവസങ്ങളിൽ കടുത്ത പ്രതിരോധത്തിലാക്കുമെന്നുറപ്പാണ്.
---------------
Hindusthan Samachar / Roshith K