വൈദ്യുതി പ്രതിസന്ധി മറികടക്കാൻ അടിയന്തര നീക്കം; ആഡംബര ലൈറ്റുകൾ ഒഴിവാക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്
Thiruvananthapuram , 13 സെപ്റ്റംബര് (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമങ്ങൾ തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. അപ്രതീക്ഷിതമായി ഉണ്ടായ ഈ സാങ്കേതിക-ഉത്പാദന പ്രതിസന്ധി
വൈദ്യുതി പ്രതിസന്ധി മറികടക്കാൻ അടിയന്തര നീക്കം; ആഡംബര ലൈറ്റുകൾ ഒഴിവാക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്


Thiruvananthapuram , 13 സെപ്റ്റംബര് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമങ്ങൾ തുടരുകയാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. അപ്രതീക്ഷിതമായി ഉണ്ടായ ഈ സാങ്കേതിക-ഉത്പാദന പ്രതിസന്ധി മറികടക്കാൻ പൊതുജനങ്ങളുടെ പൂർണ പിന്തുണ അത്യാവശ്യമാണെന്നും എല്ലാവരും സർക്കാരുമായി സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. വൈദ്യുതി ഉപയോഗം സ്വയം നിയന്ത്രിച്ചുകൊണ്ട് സംസ്ഥാനത്തെ ഇരുട്ടിലാക്കാതിരിക്കാൻ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കേരളത്തിൽ മാത്രമല്ല, രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും സമാനമായ രീതിയിൽ കടുത്ത വൈദ്യുതി ക്ഷാമം നിലനിൽക്കുന്നുണ്ട്. കേന്ദ്ര വിഹിതത്തിലുണ്ടായ കുറവും പുറത്തുനിന്ന് ഉയർന്ന വിലകൊടുത്ത് വൈദ്യുതി വാങ്ങുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളുമാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണം. ഈ യാഥാർഥ്യം ഉൾക്കൊണ്ട് ജനങ്ങൾ വൈദ്യുതി ഉപയോഗം പരമാവധി ചുരുക്കണം. പ്രത്യേകിച്ച് വൈകുന്നേരം ഏഴ് മണി മുതൽ രാത്രി പതിനൊന്ന് മണി വരെയുള്ള പീക്ക് അവർ സമയങ്ങളിൽ അനാവശ്യമായ വൈദ്യുതി ഉപയോഗം പൂർണമായും ഒഴിവാക്കണം. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വിനോദ കേന്ദ്രങ്ങളിലും ഉപയോഗിക്കുന്ന ആഡംബര അലങ്കാര ലൈറ്റുകൾ അടിയന്തരമായി ഒഴിവാക്കാൻ എല്ലാവരും തയാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, ചിലയിടങ്ങളിൽ ബോധപൂർവം വൈദ്യുതി വിതരണം തടസ്സപ്പെടുത്തുന്നതായി പരാതികളുണ്ടെന്നും ഇക്കാര്യം സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി. മനഃപൂർവം വൈദ്യുതി വിച്ഛേദിക്കുന്ന സാമൂഹിക വിരുദ്ധരോ ജീവനക്കാരോ ഉണ്ടോയെന്ന് കർശനമായി പരിശോധിക്കും. മനഃപൂർവം പവർ കട്ട് ഉണ്ടാക്കുന്ന ചില കേന്ദ്രങ്ങളുണ്ടെന്ന് മുഖ്യമന്ത്രി മുൻപ് പറഞ്ഞത് വസ്തുതകൾ പരിശോധിച്ച ശേഷമാണ്, അത് വെറുതെ പറഞ്ഞതല്ലെന്നും മന്ത്രി ഓർമിപ്പിച്ചു. ഇത്തരം അട്ടിമറി ശ്രമങ്ങൾ എവിടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ മുഖംനോക്കാതെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മഴക്കുറവ് മൂലം സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതികളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നത് ആഭ്യന്തര ഉത്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ലോഡ്ഷെഡ്ഡിങ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കാതിരിക്കാൻ സംസ്ഥാന സർക്കാർ വിവിധ തലങ്ങളിൽ ബദൽ മാർഗങ്ങൾ ആലോചിച്ചുവരികയാണ്. പവർ എക്സ്ചേഞ്ചുകളിൽ നിന്ന് അധിക വൈദ്യുതി ലഭ്യമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും സാങ്കേതിക തകരാറുകൾ പരിഹരിച്ച് വിതരണ ശൃംഖല കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / Roshith K


Latest News