മാങ്ങയ്ക്ക് കല്ലെറിഞ്ഞ ഉന്നമാണ് രാഷ്ട്രീയത്തിൽ തുണച്ചത്'; സ്കൂൾ കാലത്തെ കുസൃതികൾ ഓർത്തെടുത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ
Panangad , 13 സെപ്റ്റംബര് (H.S.) പനങ്ങാട്: പഠനകാലത്തെ നർമ്മം നിറഞ്ഞ ഓർമ്മകളും ബാല്യകാല കുസൃതികളും വേദിയിൽ പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്കൂൾ കാലഘട്ടത്തിൽ മാവിൽ കല്ലെറിഞ്ഞുണ്ടാക്കിയ കൃത്യമായ ഉന്നമാണ് പിൽക്കാലത്ത് തന്റെ രാഷ്ട്രീയ ജീവിതത്തി
മാങ്ങയ്ക്ക് കല്ലെറിഞ്ഞ ഉന്നമാണ് രാഷ്ട്രീയത്തിൽ തുണച്ചത്'; സ്കൂൾ കാലത്തെ കുസൃതികൾ ഓർത്തെടുത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ


Panangad , 13 സെപ്റ്റംബര് (H.S.)

പനങ്ങാട്: പഠനകാലത്തെ നർമ്മം നിറഞ്ഞ ഓർമ്മകളും ബാല്യകാല കുസൃതികളും വേദിയിൽ പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. സ്കൂൾ കാലഘട്ടത്തിൽ മാവിൽ കല്ലെറിഞ്ഞുണ്ടാക്കിയ കൃത്യമായ ഉന്നമാണ് പിൽക്കാലത്ത് തന്റെ രാഷ്ട്രീയ ജീവിതത്തിലും തുണച്ചതെന്ന് അദ്ദേഹം പറഞ്ഞു. താൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ പനങ്ങാട് സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഘടനയും അധ്യാപകരും ചേർന്ന് നൽകിയ ഊഷ്മളമായ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഴയ സഹപാഠികളെയും അധ്യാപകരെയും സാക്ഷിയാക്കി സ്കൂൾ മുറ്റത്തെ പഴയ അനുഭവങ്ങൾ അദ്ദേഹം വേദിയിൽ അയവിറക്കി. കല്ലെറിഞ്ഞ് മാങ്ങ വീഴ്ത്തിയതും സഹപാഠിയുടെ സൈക്കിളിന്റെ കാറ്റഴിച്ചുവിട്ടതുമുൾപ്പെടെയുള്ള കൗതുകകരമായ കഥകൾ സദസ്സിൽ വലിയ ചിരി പടർത്തി. കൂട്ടുകാരുമൊത്ത് കാൽനടയായി സ്കൂളിലേക്ക് പോയിരുന്ന കാലത്തെക്കുറിച്ചായിരുന്നു മുഖ്യമന്ത്രി പ്രധാനമായും സംസാരിച്ചത്.

ഗോപി സാറിന്റെയും ലീല ടീച്ചറുടെയും മകനായ ഒ.ജി. സുനിൽ അന്ന് സ്കൂളിലേക്ക് വന്നിരുന്നത് സൈക്കിളിലായിരുന്നു. ഞങ്ങളെല്ലാം വലിയൊരു കൂട്ടമായി കാൽനടയായി വരുമ്പോൾ അവൻ മാത്രം സൈക്കിളിൽ പായുന്നത് ഞങ്ങൾക്കാർക്കും അത്ര പിടിച്ചിരുന്നില്ല. ആ ഒരു അസൂയയുടെ പുറത്താണ് ഒരിക്കൽ പണി കൊടുക്കാൻ തീരുമാനിച്ചത്. അവൻ കടയിൽ സാധനം വാങ്ങാൻ കയറിയ തക്കത്തിന് സൈക്കിളിന്റെ കാറ്റഴിച്ചുവിട്ടു. അത് ഞാൻ ഒറ്റയ്ക്കല്ല ചെയ്തത്, നടന്നുപോകുന്ന ഞങ്ങളുടെ മുഴുവൻ ടീമും ചേർന്നായിരുന്നു. അന്ന് അതൊരു വല്ലാത്ത സുഖമായിരുന്നു, ചിരിയോടെ മുഖ്യമന്ത്രി അനുസ്മരിച്ചു. വേദിയിൽ എത്തിയപ്പോൾ സുനിൽ തന്നെ കണ്ട് ഇക്കാര്യം വീണ്ടും ഓർമ്മിപ്പിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പഴയ വിദ്യാലയ മുറ്റത്തേക്ക് തിരികെയെത്തുമ്പോൾ അധികാരത്തിന്റെ ഭാരങ്ങളെല്ലാം മറന്ന് ഒരു സാധാരണ വിദ്യാർത്ഥിയായി മാറാൻ കഴിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ പിൽക്കാലത്തുണ്ടായ എല്ലാ നേട്ടങ്ങൾക്കും രാഷ്ട്രീയ നിലപാടുകൾക്കും അടിത്തറയിട്ടത് ഈ വിദ്യാലയത്തിൽ നിന്ന് ലഭിച്ച മൂല്യങ്ങളും സൗഹൃദങ്ങളുമാണ്. ഔദ്യോഗിക പദവികളുടെ തിരക്കുകൾക്കിടയിലും ബാല്യകാല സൗഹൃദങ്ങൾ നൽകുന്ന ഊർജ്ജം ചെറുതല്ലെന്നും, ആ പഴയ സൗഹൃദങ്ങളാണ് ഏത് പ്രതിസന്ധി ഘട്ടത്തിലും മുന്നോട്ടുപോകാൻ കരുത്തേകുന്നതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സ്കൂൾ അധികൃതരും പൂർവ വിദ്യാർത്ഥികളും പ്രദേശവാസികളും ഉൾപ്പെടെ വലിയൊരു സദസ്സാണ് ചടങ്ങിൽ പങ്കെടുത്തത്.

---------------

Hindusthan Samachar / Roshith K


Latest News