വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാനത്തിന് കേന്ദ്രാശ്വാസം: 150 മെഗാവാട്ട് വൈദ്യുതി അധികമായി ലഭിക്കും
Thiruvananthapuram, 14 സെപ്റ്റംബര് (H.S.) തിരുവനന്തപുരം: കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസമേകി കേന്ദ്ര സർക്കാരിന്റെ നിർണായക തീരുമാനം. കേന്ദ്ര വിഹിതത്തിൽനിന്ന് സംസ്ഥാനത്തിന് അധികമായി 150 മെഗാവാട്ട് വൈദ്യുതി അനുവദിച്ച് ഉത്തരവായി
വൈദ്യുതി പ്രതിസന്ധിയിൽ സംസ്ഥാനത്തിന് കേന്ദ്രാശ്വാസം: 150 മെഗാവാട്ട് വൈദ്യുതി അധികമായി ലഭിക്കും


Thiruvananthapuram, 14 സെപ്റ്റംബര് (H.S.)

തിരുവനന്തപുരം: കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസമേകി കേന്ദ്ര സർക്കാരിന്റെ നിർണായക തീരുമാനം. കേന്ദ്ര വിഹിതത്തിൽനിന്ന് സംസ്ഥാനത്തിന് അധികമായി 150 മെഗാവാട്ട് വൈദ്യുതി അനുവദിച്ച് ഉത്തരവായി. ഇന്ന് രാത്രി മുതൽ തന്നെ ഈ അധിക വൈദ്യുതി സംസ്ഥാനത്തിന്റെ പവർ ഗ്രിഡിലേക്ക് എത്തിത്തുടങ്ങും. നിലവിലെ വിഹിതം ഡിസംബർ 31 വരെ തുടർച്ചയായി ലഭ്യമാക്കാനാണ് കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ തീരുമാനം.

സംസ്ഥാനത്ത് മഴ കുറഞ്ഞതും ഡാമുകളിലെ ജലനിരപ്പ് അപകടകരമായ വിധത്തിൽ താഴ്ന്നതും വലിയ തോതിലുള്ള വൈദ്യുതി ക്ഷാമത്തിന് വഴിതുറന്നിരുന്നു. ഇതേതുടർന്ന് വൈദ്യുതി ലഭ്യത ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. യഥാർത്ഥത്തിൽ 120 മെഗാവാട്ട് വൈദ്യുതി അധികമായി നൽകണമെന്ന ആവശ്യവുമായാണ് സംസ്ഥാന സർക്കാർ കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കത്തയച്ചിരുന്നത്. തുടർന്ന് സംസ്ഥാന ഊർജ്ജ വകുപ്പും കെ.എസ്.ഇ.ബി. അധികൃതരും കേന്ദ്രവുമായി നിരന്തരം ആശയവിനിമയം നടത്തുകയും സാഹചര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ സമ്മർദ്ദങ്ങൾക്കൊടുവിലാണ് സംസ്ഥാനം ആവശ്യപ്പെട്ടതിലും കൂടുതൽ, അതായത് 150 മെഗാവാട്ട് വൈദ്യുതി നൽകാൻ കേന്ദ്രം തയ്യാറായത്.

വേനൽക്കാലത്തിന് സമാനമായ രീതിയിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം പ്രതിദിനം കുതിച്ചുയരുകയാണ്. ഗാർഹിക-വാണിജ്യ ആവശ്യങ്ങൾക്കായുള്ള ഉപയോഗം ഉയർന്നതും, ആഭ്യന്തര ഉൽപ്പാദനത്തിലെ ഇടിവും കാരണം പീക്ക് അവർ സമയങ്ങളിൽ (വൈകുന്നേരം 6 മണി മുതൽ രാത്രി 11 വരെ) സംസ്ഥാനം വലിയ പ്രതിസന്ധിയാണ് നേരിട്ടിരുന്നത്. ഉയർന്ന വില നൽകി പവർ എക്സ്ചേഞ്ചുകളിൽനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുന്നത് കെ.എസ്.ഇ.ബി.ക്ക് കനത്ത സാമ്പത്തിക ബാധ്യതയും ഉണ്ടാക്കിയിരുന്നു.

നിലവിൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന 150 മെഗാവാട്ട് വൈദ്യുതി പൂർണ്ണമായ പരിഹാരമല്ലെങ്കിലും, അടിയന്തര സാഹചര്യങ്ങളെ നേരിടാനും നിയന്ത്രണങ്ങളിലേക്ക് കടക്കാതിരിക്കാനും ഇത് വലിയ തോതിൽ സഹായിക്കും. വൈദ്യുതി ലഭ്യത കുറഞ്ഞാൽ ലോഡ്ഷെഡ്ഡിംഗ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമോ എന്ന ആശങ്ക പൊതുജനങ്ങൾക്കിടയിൽ നിലനിന്നിരുന്നു. എന്നാൽ കേന്ദ്ര വിഹിതം ഉറപ്പായതോടെ അത്തരം കടുത്ത നടപടികൾ ഉടൻ വേണ്ടിവരില്ലെന്നാണ് കെ.എസ്.ഇ.ബി. നൽകുന്ന സൂചന.

ഡിസംബർ മാസം അവസാനം വരെ ഈ വിഹിതം ലഭ്യമാകുമെന്നത് വരും മാസങ്ങളിലെ ആസൂത്രണത്തിന് സഹായകമാകും. എങ്കിലും വൈദ്യുതി ഉപഭോഗം വിവേകപൂർവ്വം നിയന്ത്രിക്കണമെന്നും പീക്ക് അവർ സമയങ്ങളിൽ അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News