Enter your Email Address to subscribe to our newsletters

Mumbai, 14 സെപ്റ്റംബര്‍ (H.S.)
ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ രാഷ്ട്രീയ ഭിന്നതകളും മാറ്റിവെക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു കുട്ടിക്ക് തൻ്റെ മാതൃഭാഷയിലൂടെ മാത്രമേ രാജ്യത്തെ ശരിക്കും മനസിലാക്കാൻ കഴിയൂ എന്നും അമിത് ഷാ പറഞ്ഞു. ആറാമത് അഖിലേന്ത്യാ രാജ്ഭാഷാ സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെക്കണം. രാജ്യത്തെ ഭാഷകളെ ഭരണത്തിൻ്റെയും ശാസ്ത്രത്തിൻ്റെയും ഭാഷയാക്കി മാറ്റാനാണ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നത്. സാഹിത്യത്തിലൂടെ രാജ്യത്തെ ഭാഷകളെ സമ്പന്നമാക്കുകയാണ് ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു. അതേസമയം ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കീഴിൽ പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർബന്ധമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാതൃഭാഷയ്ക്ക് പുറമെ മറ്റൊരു ഇന്ത്യൻ ഭാഷ കൂടി പഠിക്കണമെന്ന എൻഇപിയിലെ വ്യവസ്ഥയെ എതിർക്കുന്നവർ തങ്ങൾ എത്ര വലിയ തെറ്റാണ് ചെയ്യുന്നതെന്ന് അറിയുന്നില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ഹിന്ദിയെ രാജ്യത്തെ മറ്റ് ഭാഷകൾക്ക് എതിരാളിയായി കാണരുതെന്നും എല്ലാ ഭാഷകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏക ബഹുഭാഷാ സംസ്ഥാനമെന്ന നിലയിൽ മഹാരാഷ്ട്രയെ പ്രശംസിക്കുകയും ചെയ്‌തു. മറാത്തി ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷ പദവി നൽകിയത് മോദി സർക്കാരാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
വന്ദേമാതരം കേവലം ഒരു ഗാനമല്ല, മറിച്ച് സ്വാതന്ത്ര്യം നേടുന്നതിനായി ഇന്ത്യൻ ബോധത്തെ ഉണർത്താനുള്ള ഒരു ശ്രമമായിരുന്നു. ഇന്ത്യയുടെ സാംസ്കാരിക ദേശീയതയ്ക്ക് അത് അടിത്തറയിട്ടു. ദേശീയ ഗാനത്തിന് അതിൻ്റെ പൂർണമായ പ്രൗഢി വീണ്ടെടുക്കാൻ 80 വർഷമെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഔദ്യോഗിക ചടങ്ങുകളിൽ ആദ്യത്തെ രണ്ട് വരികൾ മാത്രം പാടണമെന്ന പഴയ തീരുമാനത്തെ പരാമർശിച്ചുകൊണ്ട്, പിന്നീട് ഗാനം വിഭജിക്കപ്പെട്ടുവെന്നും അതിൻ്റെ പ്രൗഢി വീണ്ടെടുക്കാൻ പതിറ്റാണ്ടുകൾ വേണ്ടിവന്നുവെന്നും അമിത് ഷാ പറഞ്ഞു.
സാംസ്കാരിക ദേശീയത എന്നാൽ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ചുള്ള അവബോധം സൃഷ്ടിക്കലാണ്. സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ചുള്ള ജനങ്ങളുടെ ബോധം ഉണർത്തുന്നത് സാംസ്കാരിക ദേശീയതയിലൂടെ മാത്രമേ സാധ്യമാകൂകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നരേന്ദ്ര മോദിയെപ്പോലൊരു പ്രധാനമന്ത്രിയെ ഇന്ത്യക്ക് ലഭിച്ചതുകൊണ്ടാണ് 'വന്ദേമാതരം' വീണ്ടും അതിൻ്റെ പ്രൗഢി വീണ്ടെടുക്കുകയും എല്ലാ സർക്കാർ ചടങ്ങുകളിലും അത് പൂർണരൂപത്തിൽ ആലപിക്കാൻ തുടങ്ങുകയും ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / Sreejith S