പട്ടയ വിതരണത്തിൽ ലക്ഷ്യം മറികടക്കും; മന്ത്രി എ.പി അനിൽകുമാർ
Thiruvananthapuram, 14 സെപ്റ്റംബര്‍ (H.S.) സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച പട്ടയ വിതരണത്തിൽ ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം നേട്ടമുണ്ടാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ പറഞ്ഞു. മഞ്ചേരി മുനിസിപ്പൽ ടൗൺഹ
Anil kumar


Thiruvananthapuram, 14 സെപ്റ്റംബര്‍ (H.S.)

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച പട്ടയ വിതരണത്തിൽ ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം നേട്ടമുണ്ടാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ പറഞ്ഞു. മഞ്ചേരി മുനിസിപ്പൽ ടൗൺഹാളിൽ മലപ്പുറം ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നൂറു ദിവസം കൊണ്ട് 5000 പട്ടയങ്ങൾ വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതിനകം പതിനായിരത്തിലധികം പേർക്ക് പട്ടയം നൽകാൻ കഴിഞ്ഞു. ഭൂമിയുടെ തരംമാറ്റവുമായി ബന്ധപ്പെട്ട് 25,000 അപേക്ഷകൾ നൂറു ദിവസത്തിനകം തീർപ്പാക്കാൻ ലക്ഷ്യമിട്ട സ്ഥാനത്ത് 35,000 അപേക്ഷകളിൽ തീരുമാനമെടുത്തു കഴിഞ്ഞു. ഇത് അമ്പതിനായിരമായി ഉയർത്താനാണ് നിലവിൽ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ച് മഞ്ചേരി താലൂക്കിന് ആസ്ഥാനമായി പുതിയ റവന്യൂ ടവർ നിർമ്മിക്കാൻ അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു.

റവന്യൂ ഓഫീസുകളിലെത്തുന്ന ജനങ്ങളോട് ഉദ്യോഗസ്ഥർ അനുഭാവപൂർണ്ണമായ സമീപനം സ്വീകരിക്കണം. സേവനങ്ങൾ മനപ്പൂർവ്വം വൈകിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. അതേസമയം, അവധി ദിനങ്ങളിൽപ്പോലും ജോലി ചെയ്ത് അപേക്ഷകൾ തീർപ്പാക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മാർത്ഥതയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. റവന്യൂ സേവനങ്ങൾ പരമാവധി ഡിജിറ്റലൈസ് ചെയ്ത് ജനങ്ങൾക്ക് ഓഫീസുകളിൽ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ചേരി ലാൻഡ് ട്രിബ്യൂണൽ സേവനങ്ങൾ സുതാര്യമാക്കുന്നതിനായി തയ്യാറാക്കിയ പൗരാവകാശ രേഖയും മന്ത്രി പ്രകാശനം ചെയ്തു.

അഡ്വ. എം. റഹ്മത്തുള്ള എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

എം.എൽ.എമാരായ ടി.വി ഇബ്രാഹിം, ടി.പി അഷ്റഫലി, മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ വല്ലാഞ്ചിറ അബ്ദുൽ മജീദ്, ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കലക്ടർ സാക്ഷി മോഹൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പി.ഒ സാദിഖ്, മഞ്ചേരി മുനിസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ബീന ജോസഫ്, വാർഡ് കൗൺസിലർമാരായ വി.പി രാധാകൃഷ്ണൻ, വി.പി ഫിറോസ്, അഡ്വ: യു.എ ലത്തീഫ് , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

*'ഭൂരഹിതരില്ലാത്ത കേരളം':* *ജില്ലയിൽ 2305 പേർക്ക് ഭൂമിയുടെ അവകാശം ലഭിച്ചു*

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി 'ഭൂരഹിതരില്ലാത്ത കേരളം' എന്ന ലക്ഷ്യത്തിലൂന്നി മഞ്ചേരിയിൽ സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയിൽ 2305 പേർക്ക് ഭൂമിയുടെ അവകാശം കൈമാറി. മഞ്ചേരി മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ പട്ടയമേളയുടെ ഉദ്ഘാടനം നിർവഹിച്ചു.

എടവണ്ണ പെരകമണ്ണ വില്ലേജിൽ കല്ലീടുമ്പ് സ്വദേശി ലീലയ്ക്ക്, പെരകമണ്ണ വില്ലേജിൽ ഉൾപ്പെട്ട നാല് സെൻ്റ് ഭൂമിയുടെ അവകാശരേഖ കൈമാറിക്കൊണ്ടാണ് മന്ത്രി പട്ടയ വിതരണത്തിന് തുടക്കം കുറിച്ചത്.

ജില്ലയിലെ വിവിധ ലാൻഡ് ട്രിബ്യൂണലുകൾ വഴിയാണ് 2305 കൈവശക്കാർക്ക് പട്ടയം വിതരണം ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്തത് മഞ്ചേരി ലാൻഡ് ട്രിബ്യൂണലിൽ നിന്നാണ് - 937 എണ്ണം. തിരൂർ ലാൻഡ് ട്രിബ്യൂണൽ വഴി 728 പേർക്കും, തിരൂരങ്ങാടി ലാൻഡ് ട്രിബ്യൂണൽ വഴി 565 പേർക്കും പട്ടയങ്ങൾ നൽകി. കൂടാതെ, മലപ്പുറം ദേവസ്വം വഴി 69 പേർക്കും, എൽ.എ പട്ടയമായി 5 പേർക്കും, ഒരു ഓ.എൽ.എച്ച്.എസ് പട്ടയവും ചടങ്ങിൽ വിതരണം ചെയ്തു.

മഞ്ചേരി ലാൻഡ് ട്രിബ്യൂണലിനോട് അറ്റാച്ച് ചെയ്തിട്ടുള്ള 27 ലാൻഡ് ട്രിബ്യൂണൽ ഡിവിഷനുകളിലെ ഏകദേശം 10 ലക്ഷം പട്ടയ ഫയലുകൾ ശാസ്ത്രീയമായി തരംതിരിച്ച് ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.

*മഞ്ചേരി ലാൻഡ് ട്രിബ്യൂണലിൽ ഓൺലൈൻ ഹിയറിങ് സംവിധാനത്തിന് തുടക്കമായി*

മഞ്ചേരി ലാൻഡ് ട്രിബ്യൂണലിൽ ഇനി മുതൽ ഓഫീസിൽ നേരിട്ടെത്താതെ തന്നെ കേസുകളുടെ വിചാരണയിൽ പങ്കെടുക്കാം. ഇതിനായി തയ്യാറാക്കിയ പുതിയ ഓൺലൈൻ ഹിയറിങ് സൗകര്യം റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

എല്ലാവർക്കും തുല്യവും സുതാര്യവുമായ നീതിയും സേവനങ്ങളും വേഗത്തിൽ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മഞ്ചേരി ലാൻഡ് ട്രിബ്യൂണൽ പദ്ധതി നടപ്പിലാക്കുന്നത്. ഓൺലൈൻ വഴി ഹിയറിങ്ങിൽ പങ്കെടുക്കുന്നതിനായി പ്രത്യേക അപേക്ഷ നൽകിയ മലപ്പുറം മുണ്ടുപറമ്പ് സ്വദേശിനിയായ മുതിർന്ന പൗരയുമായി നേരിട്ട് ആശയവിനിമയം നടത്തിക്കൊണ്ടാണ് മന്ത്രി ഈ സംവിധാനം നാടിന് സമർപ്പിച്ചത്.

ഓഫീസുകളിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുന്ന മുതിർന്ന പൗരന്മാർക്കും ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർക്കും പുതിയ ഓൺലൈൻ സംവിധാനം ഏറെ സഹായകമാകും. സാധാരണക്കാർക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ പ്രാപ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

*മഞ്ചേരി ലാൻഡ് ട്രിബ്യൂണൽ സേവനങ്ങൾ ഇനി ഓൺലൈനിൽ; ഔദ്യോഗിക വെബ് പോർട്ടലിന് തുടക്കമായി*

മഞ്ചേരി ലാൻഡ് ട്രിബ്യൂണൽ ഓഫീസിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായി സജ്ജമാക്കിയ ഔദ്യോഗിക വെബ് പോർട്ടലിന് (landtribunalmanjeri.in) തുടക്കമായി. റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ പോർട്ടലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലാൻഡ് ട്രിബ്യൂണൽ ഓഫീസുമായി ബന്ധപ്പെട്ട അപേക്ഷാ വിവരങ്ങളും പ്രധാന പൊതുസേവനങ്ങളും കൂടുതൽ എളുപ്പത്തിൽ പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അപേക്ഷകളുടെ തൽസ്ഥിതി വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാൻ കഴിയുമെന്നതാണ് പോർട്ടലിന്റെ പ്രധാന സവിശേഷത. അപേക്ഷാ നമ്പറും വർഷവും നൽകിയാൽ അപേക്ഷയുടെ ഏറ്റവും പുതിയ പൊതുനില വീട്ടിലിരുന്ന് തന്നെ അറിയാൻ സാധിക്കും. കൂടാതെ, ലാൻഡ് ട്രിബ്യൂണൽ ഓഫീസിലേക്ക് ഓൺലൈനായി നിവേദനങ്ങളും അപേക്ഷകളും സമർപ്പിക്കാനുള്ള സൗകര്യവും പോർട്ടലിൽ ഒരുക്കിയിട്ടുണ്ട്.

ഓഫീസ് സന്ദർശിക്കുന്നതിനുള്ള മുൻകൂർ അപ്പോയിന്റ്മെന്റുകൾ, നോട്ടീസ് ബോർഡ്, വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങൾ, സിറ്റിസൺ കോർണർ എന്നിവയും പോർട്ടലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

*കാവനൂരിലെ ഭൂരഹിതർക്ക് 100 ദിവസത്തിനകം പട്ടയം*

കാവനൂർ ഗ്രാമപഞ്ചായത്തിലെ ഭൂരഹിതരായ പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിനുള്ള പ്രാരംഭ നടപടികൾക്ക് വേഗമേറുന്നു. ഏറനാട് താലൂക്ക്, കാവനൂർ ഗ്രാമപഞ്ചായത്ത്, കാവനൂർ വില്ലേജ് ഓഫീസ്, മഞ്ചേരി ലാൻഡ് ട്രിബ്യൂണൽ എന്നിവയുടെ സംയുക്ത പ്രവർത്തനത്തിലൂടെയാണ് നടപടികൾ പൂർത്തിയാക്കുന്നത്.

പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഗുണഭോക്താക്കളുടെ സംഗ്രഹ റിപ്പോർട്ടുകൾ മഞ്ചേരിയിൽ നടന്ന ജില്ലാതല പട്ടയമേളയിൽ വെച്ച് റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ ഏറ്റുവാങ്ങി. ഏറനാട് തഹസിൽദാർ സുമേഷ് ശങ്കർ പി, കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈദ, കാവനൂർ വില്ലേജ് ഓഫീസർ ഷാജു എന്നിവർ ചേർന്ന് ഗുണഭോക്തൃ കുടുംബങ്ങളുടെ സാന്നിധ്യത്തിലാണ് റിപ്പോർട്ടുകൾ കൈമാറിയത്. തുടർനടപടികൾ സുഗമമാക്കുന്നതിനായി മന്ത്രി ഈ റിപ്പോർട്ടുകൾ മഞ്ചേരി ലാൻഡ് ട്രിബ്യൂണൽ സ്പെഷ്യൽ തഹസിൽദാർ എം. മുകുന്ദന് വേദിയിൽ വെച്ചുതന്നെ കൈമാറി.

റിപ്പോർട്ട് സമർപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് 100 ദിവസത്തിനകം പട്ടയം ലഭ്യമാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. സാമൂഹിക നീതിയും ഭൂസുരക്ഷയും ഉറപ്പാക്കി, അർഹരായ ഒരാളെപ്പോലും ഒഴിവാക്കാതെയുള്ള കാര്യക്ഷമമായ സേവനമാണ് ഈ പ്രത്യേക പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News