Enter your Email Address to subscribe to our newsletters

Thiruvanathapuram, 14 സെപ്റ്റംബര്‍ (H.S.)
അമീബിക് മസ്തിഷ്‌കജ്വരം സംബന്ധിച്ച് ഗൗരവമായ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദദ്ധര്‍. തലയ്ക്കു പരുക്കേല്‍ക്കുകയോ തലയ്ക്കും മൂക്കിനും ശസ്ത്രക്രിയ നടത്തുകയോ ചെയ്തവര്‍ക്കു രോഗം പകരാന്‍ സാധ്യത കൂടുതല്‍ എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജലാശയങ്ങളില്‍നിന്ന് അമീബിക് മസ്തിഷ്‌കജ്വരം പിടിപെടാനുള്ള സാധ്യതയാണ് ഏറെയുള്ളത്.
സംസ്ഥാന ആരോഗ്യവകുപ്പും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതിനാല്‍ ഇത്തരത്തില്‍ പരുക്കുള്ളവരും ശസ്ത്രക്രിയ നടത്തിയവരും പൊതുജലാശയങ്ങളിലും മറ്റും ഇറങ്ങുന്നത് ഒഴിവാക്കുകയോ ജാഗ്രത പാലിക്കുകയോ വേണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍ ഡോ.ജെറോമി തങ്കരാജ്, ഡോ.മനോജ് മുറേക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വിദഗ്ധരും ഉദ്യോഗസ്ഥരുമടങ്ങിയ സംഘമാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്.
താടിയെല്ല്, മുഖം എന്നിവിടങ്ങളിലടക്കം പരുക്കേറ്റവര്‍, മൂക്കിനു ശസ്ത്രക്രിയ നടത്തിയവര്‍ എന്നിവരില്‍ സാധാരണ ജലാശയങ്ങളില്‍ നിന്നുപോലും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചെന്ന് കണ്ടെത്തിയതായാണ് പഠനത്തില്‍ പറയുന്നത്. ഇതിനു പുറമേ മുറിവുകളും വ്രണങ്ങളും സാധാരണ ജലാശയങ്ങളിലെ വെള്ളത്തില്‍ കഴുകല്‍, ക്ലോറിനേഷന്‍ നടത്താത്ത കിണറുകളിലെ വെള്ളത്തിന്റെ ഉപയോഗം, മൂക്കിലേക്ക് ശക്തിയായി വെള്ളം കയറ്റല്‍ എന്നിവയിലൂടെയെല്ലാം രോഗം പിടിപെട്ടതായും കണ്ടെത്തി. രോഗം ബാധിച്ച വിവിധ ആളുകളില്‍ നടത്തിയ പഠനത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് 25.8% ആണ് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ മരണനിരക്കെന്നും പഠനത്തില്‍ പറയുന്നു.
നെഗ്ലേറിയ ഫൗളരി എന്ന അമീബ ബാധിച്ചവരില്‍ രോഗം പെട്ടെന്ന് ഗുരുതരമായി മരണം സംഭവിച്ചതായും എന്നാല്‍ അക്കാന്തമീബ പോലുള്ളവയില്‍ ചികിത്സ കുറച്ചുകൂടി ഫലപ്രദമായതായും വിദഗ്ധര്‍ പറയുന്നു. മഴ കുറയുമ്പോള്‍ ജാഗ്രത വേണം. മഴ കുറയുകയും ചൂട് കൂടുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഗത്തിനു സാധ്യതയേറെയെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അമീബിക് മസ്തിഷ്‌കജ്വരത്തിനു കാരണമാകുന്ന അമീബകള്‍ പെരുകാനുള്ള സാഹചര്യം കൂടുതലായതിനാലാണിത്.
മലിനമായതോ മഴയില്‍ മലിനജലം ഒഴുകിയെത്തുകയോ ചെയ്യുന്ന ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും പൊതുജലാശയങ്ങളില്‍ കുളിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. മലപ്പുറം കാടാമ്പുഴയില്‍ ഒരു യുവാവ് കഴിഞ്ഞ മാസം മരിക്കുകയും ഒരു കുട്ടി നിലവില്‍ ചികിത്സയില്‍ തുടരുകയും ചെയ്യുന്നുണ്ട്.
---------------
Hindusthan Samachar / Sreejith S