മാണി സി കാപ്പനെതിരായ ഹര്ജിയില് തുടര് നടപടിയുമായി ഹൈക്കോടതി; കക്ഷികള്ക്ക് നോട്ടിസ് അയച്ചു
Kochi, 14 സെപ്റ്റംബര്‍ (H.S.) പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടിസ് അയച്ചു. ചെക്ക് കേസില്‍ മുംബൈ കോടതി തടവുശിക്ഷ വിധിച്ച സാഹചര്യം ചൂണ്ടികാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേന്ദ്ര തെരഞ്ഞ
mani c kappan


Kochi, 14 സെപ്റ്റംബര്‍ (H.S.)

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടിസ് അയച്ചു. ചെക്ക് കേസില്‍ മുംബൈ കോടതി തടവുശിക്ഷ വിധിച്ച സാഹചര്യം ചൂണ്ടികാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍, മാണി സി കാപ്പന്‍, നിയമസഭാ സ്പീക്കര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ക്കാണ് കോടതി നോട്ടിസ് നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി, ഒരാഴ്ചയ്ക്കകം വിശദമായ മറുപടി നല്‍കാന്‍ എതിര്‍കക്ഷികളോട് നിര്‍ദേശിച്ചു.

മുംബൈ സ്വദേശിയായ മലയാളി ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നടപടി. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഹരി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മാണി സി കാപ്പന്‍ പണം വാങ്ങിയെന്നാണ് പരാതിക്കാരന്റെ പ്രധാന ആരോപണം.

ഇതുമായി ബന്ധപ്പെട്ട് നല്‍കിയ നാല് ചെക്ക് കേസുകളിലായി 3.5 വര്‍ഷത്തെ തടവുശിക്ഷയാണ് മുംബൈ ബോറിവാലി അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. ഇതിനുപുറമെ 5.30 കോടി രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടിരുന്നു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി ഉത്തരവില്‍ എവിടെയും പറയുന്നില്ലെന്നും, നാല് കേസുകളിലായി പ്രത്യേകം പ്രത്യേകമായാണ് തടവുശിക്ഷ വിധിച്ചിട്ടുള്ളതെന്നും ഹര്‍ജിക്കാരന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ഏതൊരു ജനപ്രതിനിധിയും ഉടനടി അയോഗ്യനാക്കപ്പെടുമെന്നാണ് ഹര്‍ജിയിലെ പ്രധാന വാദം. അതിനാല്‍ ശിക്ഷാവിധി വന്ന സെപ്റ്റംബര്‍ ഒന്നു മുതല്‍ മാണി സി കാപ്പന്‍ അയോഗ്യനാണെന്ന് ദിനേശ് മേനോന്റെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമസഭാ സ്പീക്കര്‍ക്ക് ഔദ്യോഗികമായി കത്ത് നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. വിഷയം ബോധപൂര്‍വം നീട്ടിക്കൊണ്ടുപോകാനാണ് സ്പീക്കര്‍ ശ്രമിക്കുന്നതെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നുണ്ട്. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാന്‍ സ്പീക്കര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ എംഎല്‍എ എന്ന നിലയില്‍ മാണി സി കാപ്പന് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അടിയന്തരമായി തടയണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ പാലാ നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം, മുംബൈ കോടതിയുടെ ശിക്ഷാവിധിക്കെതിരെ മാണി സി കാപ്പന്‍ മേല്‍ക്കോടതിയെ സമീപിച്ചിരുന്നു. നേരത്തെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും മേല്‍ക്കോടതിയെ സമീപിച്ച് ഇത് റദ്ദാക്കിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News