ഇഡി കേസില് പിണറായിക്ക് പിന്തുണയുമായി ടികെ ഗോവിന്ദന്; നടപ്പിലാക്കുന്നത് ബിജെപിയുടെ തന്ത്രമെന്ന് വിമര്ശനം
Kannur, 14 സെപ്റ്റംബര്‍ (H.S.) മാസപ്പടി കേസില്‍ പിണറായി വിജയനും കുടുംബത്തിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട ഇഡി നടപടിയില്‍ വിമര്‍ശനവുമായി തളിപ്പറമ്പ് എംഎല്‍എ ടികെ ഗോവിന്‍ന്‍. ഇഡി നടപടി ഇന്ത്യ മുന്
tk govindhan


Kannur, 14 സെപ്റ്റംബര്‍ (H.S.)

മാസപ്പടി കേസില്‍ പിണറായി വിജയനും കുടുംബത്തിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട ഇഡി നടപടിയില്‍ വിമര്‍ശനവുമായി തളിപ്പറമ്പ് എംഎല്‍എ ടികെ ഗോവിന്‍ന്‍. ഇഡി നടപടി ഇന്ത്യ മുന്നണിയില്‍ ഭിന്നതയുണ്ടാക്കാനുള്ള ബിജെപിയുടെ തന്ത്രമാണെന്ന ഗോവിന്ദന്‍ വിമര്‍ശിച്ചു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയാണ് ഇഡി നീങ്ങുന്നത്. ഇഡി നിഷ്പക്ഷ ഏജന്‍സിയാണെന്ന് ആരും വിശ്വസിക്കില്ല. പിണറായി വിജയനെതിരെ ഇഡി അന്വേഷണം വരുമ്പോള്‍ അത് മികച്ചതാണെന്നും മറ്റുള്ളവര്‍ക്കെതിരെ വരുമ്പോള്‍ മോശമാണെന്നുമുള്ള ചില യുഡിഎഫ് നേതാക്കളുടെ ഇരട്ടത്താപ്പ് ശരിയല്ല. പിണറായി വിജയന്റെ മകള്‍ വീണ തെറ്റായ മാര്‍ഗത്തിലൂടെ പണം സമ്പാദിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം. അതിന് കൃത്യമായ അന്വേഷണ രീതികളുണ്ട്. അതിനുപകരം പിണറായി വിജയനെ കുടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്വേഷണം നടത്തുന്നതെങ്കില്‍ ആ ഏജന്‍സിയുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവും ടി.കെ. ഗോവിന്ദന്‍ ഉന്നയിച്ചു. സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ പ്രക്രിയ വെറും അധരവ്യായാമം മാത്രമാണ്. പാര്‍ട്ടി തെറ്റുതിരുത്തിയ ചരിത്രമില്ല. ചര്‍ച്ച ചെയ്ത് മനോഹരമായ തീരുമാനമെടുത്ത് താഴെത്തട്ടിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയല്ലാതെ പ്രായോഗികമായി ഒന്നും നടക്കാറില്ല. പാര്‍ട്ടി നേതൃത്വത്തിന്റെ ധാര്‍ഷ്ട്യമാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്നാണ് കീഴ്ഘടകങ്ങളില്‍ ഉയര്‍ന്ന അഭിപ്രായം. തളിപ്പറമ്പിലും പയ്യന്നൂരിലും മാത്രമല്ല, കേരളത്തിലുടനീളം ഈ പ്രശ്‌നമുണ്ട്.

സംസ്ഥാന സമിതിയില്‍ വ്യക്തിവിമര്‍ശനം വേണ്ടെന്ന് പറയുന്നത് നേതാക്കളെ സ്തുതിക്കാന്‍ വേണ്ടിയാണോയെന്നും അദ്ദേഹം ചോദിച്ചു. വിമര്‍ശനം ഉള്‍ക്കൊണ്ട് നേതൃത്വത്തെ മാറ്റുകയാണ് സിപിഎം ചെയ്യേണ്ടതെന്നും അതിനുള്ള ആര്‍ജവം പാര്‍ട്ടിക്കുണ്ടോയെന്നും തളിപ്പറമ്പില്‍ നിന്നുള്ള എംഎല്‍എയും മുന്‍ സിപിഎം നേതാവുമായ അദ്ദേഹം ചോദിച്ചു.

പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവ് പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കത്ത് നല്‍കിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) നടത്തിയ അന്വേഷണത്തിലും പരിശോധനകളിലും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ സ്വന്തമായി കേസെടുക്കാന്‍ അധികാരമുള്ള ഇഡി എന്തിനാണ് സംസ്ഥാന സര്‍ക്കാരിനോട് ഇതിനായി ആവശ്യപ്പെടുന്നതെന്ന് ടി.കെ. ഗോവിന്ദന്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇഡി അവരുടെ രാഷ്ട്രീയ ആയുധമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.

കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന കമ്പനി ഐടി കണ്‍സള്‍ട്ടന്‍സി സേവനങ്ങളുടെ പേരില്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന് 2.78 കോടി രൂപ അനധികൃതമായി നല്‍കിയെന്നാണ് ഇഡിയുടെ പ്രധാന ആരോപണം. നിലവില്‍ ഈ കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ജൂണില്‍ തിരുവനന്തപുരത്ത് പിണറായി വിജയനൊപ്പം വാടക വീട്ടില്‍ താമസിക്കുന്ന വീണയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ കേന്ദ്ര ഏജന്‍സി പരിശോധന നടത്തുകയും പിന്നീട് അവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സിഎംആര്‍എല്‍ കമ്പനിയും എക്‌സാലോജിക്കും തമ്മില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ സുതാര്യതയില്ലെന്നും സേവനങ്ങള്‍ നല്‍കാതെയാണ് പണം കൈപ്പറ്റിയതെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. ഈ കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇഡി അന്വേഷണം ഊര്‍ജിതമാക്കിയത്.

നിലവിലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനോടാണ് പ്രതിപക്ഷ നേതാവിനെതിരെ കേസെടുക്കാന്‍ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ദേശീയതലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം തുടരുന്ന സാഹചര്യത്തിലാണ് ഇഡിയുടെ പുതിയ നീക്കം. ഈ അവസരം മുതലെടുത്ത് മുന്നണിയില്‍ വിള്ളല്‍ വീഴ്ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

---------------

Hindusthan Samachar / Sreejith S


Latest News