നീറ്റ് ക്രമക്കേടുകള് തടയാന് എന്.ടി.എ; പരീക്ഷ ഇനി ഓണ്ലൈനായി
New delhi, 14 സെപ്റ്റംബര്‍ (H.S.) നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകള്‍ തടയാന്‍ പുതിയ നടപടികള്‍. പേനയും പേപ്പറും ഉപയോഗിച്ചുള്ള ഒ.എം.ആര്‍ രീതിക്ക് പകരം കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായി മാറ്റാനൊരുങ്ങി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. ചോദ്യപേപ്പര്‍ ചോര്‍
NEET UG medical entrance exam


New delhi, 14 സെപ്റ്റംബര്‍ (H.S.)

നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകള്‍ തടയാന്‍ പുതിയ നടപടികള്‍. പേനയും പേപ്പറും ഉപയോഗിച്ചുള്ള ഒ.എം.ആര്‍ രീതിക്ക് പകരം കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായി മാറ്റാനൊരുങ്ങി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. ചോദ്യപേപ്പര്‍ ചോര്‍ച്ചയും മറ്റ് ക്രമക്കേടുകളും പൂര്‍ണമായി തടയുന്നതിനും പരീക്ഷാ രീതി ആധുനികരിക്കുന്നതിനുമുള്ള വലിയ പരിഷ്‌കാരങ്ങള്‍ക്കാണ് എന്‍.ടി.എ തുടക്കമിടുന്നത്. ഇന്‍ഫോസിസ് സഹ-സ്ഥാപകന്‍ നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് പരീക്ഷാ മാറ്റത്തിനായുള്ള തന്ത്രപ്രധാനമായ ബ്ലൂപ്രിന്റ് തയ്യാറാക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച, ആള്‍മാറാട്ടം തുടങ്ങിയ പരീക്ഷാ ക്രമക്കേടുകള്‍ക്ക് തടയിടാനും പരീക്ഷാ സംവിധാനം കൂടുതല്‍ സുതാര്യമാക്കാനുമാണ് ഈ വന്‍ പരിഷ്‌കാരമെന്ന് അധികൃതര്‍ അറിയിച്ചു.

നിലവില്‍ എന്‍.ടി.എ നടത്തുന്ന പ്രധാന പരീക്ഷകളില്‍ നീറ്റ് മാത്രമാണ് ഓഫ്ലൈന്‍ രീതിയില്‍ തുടരുന്നത്. ജെ.ഇ.ഇ, യുജിസി-നെറ്റ്, സി.യു.ഇ.ടി (CUET) പരീക്ഷകള്‍ ഇതിനകം തന്നെ കമ്പ്യൂട്ടര്‍ അധിഷ്ഠിതമാക്കി മാറ്റിയിട്ടുണ്ട്. 'സി.ബി.ടിയാണ് ഭാവി, വരും ദിവസങ്ങളില്‍ എല്ലാ പരീക്ഷകളും ഈ രീതിയിലാക്കും' എന്ന് എന്‍.ടി.എ ഡയറക്ടര്‍ ജനറല്‍ അഭിഷേക് സിങ് വ്യക്തമാക്കി.

'നീറ്റ് പരീക്ഷയൊഴികെ ഞങ്ങളുടെ മറ്റെല്ലാ പരീക്ഷകളും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകളാണ്. നീറ്റ് പരീക്ഷയും ഞങ്ങള്‍ വളരെ വേഗം തന്നെ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ രീതിയിലേക്ക് മാറ്റും. നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി നിലവില്‍ ഇതിനായി പ്രവര്‍ത്തിച്ചുവരികയാണ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ രീതി നടപ്പിലാക്കുന്നതിന് ഈ ടെസ്റ്റിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ (അടിസ്ഥാന സൗകര്യങ്ങള്‍) വര്‍ധിപ്പിക്കേണ്ടതും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കേണ്ടതുമുണ്ട്. അത് തന്നെയാണ് ഭാവി. നിലവില്‍ ജെ.ഇ.ഇ പരീക്ഷ, യുജിസി-നെറ്റ് , സി.യു.ഇ.ടി (CUET) പരീക്ഷകള്‍, എന്‍.ഐ.എഫ്.ടി പരീക്ഷകള്‍ എന്നിവയെല്ലാം കമ്പ്യൂട്ടര്‍ അധിഷ്ഠിതമായാണ് നടത്തുന്നത്. അതുകൊണ്ട് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകളാണ് ഭാവി, വരും ദിവസങ്ങളില്‍ ഞങ്ങളുടെ എല്ലാ പരീക്ഷകളും കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകളായി മാറും,' എന്‍.ടി.എ ഡയറക്ടര്‍ ജനറല്‍ അഭിഷേക് സിങ് പ്രതികരിച്ചു.

പരീക്ഷാ കേന്ദ്രങ്ങളിലെ കൃത്രിമത്വവും ആള്‍മാറാട്ടവും കണ്ടെത്താന്‍ എന്‍.ടി.എ എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കും. പരീക്ഷാ ലോഗുകളും ഡാറ്റാ പാറ്റേണുകളും എ.ഐ വിശകലനം ചെയ്യുന്നതിലൂടെ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ തുടക്കത്തില്‍ തന്നെ കണ്ടെത്താനും സുതാര്യത ഉറപ്പാക്കാനും സാധിക്കും. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷയായതിനാല്‍ ഇന്ത്യയിലുടനീളം ആവശ്യത്തിന് കമ്പ്യൂട്ടര്‍ ടെസ്റ്റിംഗ് സെന്ററുകളും സുരക്ഷിതമായ സംവിധാനങ്ങളും ഒരുക്കുകയാണ് സമിതിയുടെ പ്രധാന ലക്ഷ്യം.

ആഗോള തലത്തിലേക്ക് പരീക്ഷകള്‍: രാജ്യത്തെ പരീക്ഷാ സംവിധാനം പൂര്‍ണമായും സുരക്ഷിതവും സുതാര്യവുമാക്കിയ ശേഷം, ഭാവിയില്‍ അന്താരാഷ്ട്ര തലത്തിലുള്ള ആഗോള സംഘടനകള്‍ക്ക് വേണ്ടിയുള്ള പരീക്ഷകള്‍ കൂടി നടത്താന്‍ എന്‍.ടി.എയ്ക്ക് പദ്ധതിയുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എന്‍.ടി.എ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് പരീക്ഷാ സുരക്ഷ ശക്തമാക്കിക്കൊണ്ടുള്ള ഈ പുതിയ നീക്കം.

---------------

Hindusthan Samachar / Sreejith S


Latest News