പണമല്ല പവര് ആണ് പ്രധാനം; ഉയര്ന്ന വിലക്ക് വൈദ്യുതി വാങ്ങുമെന്ന് മന്ത്രി സണ്ണി ജോസഫ്
Kozhikkode, 14 സെപ്റ്റംബര്‍ (H.S.) വൈദ്യുതി പ്രതിസന്ധിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ വിമര്‍ശനം രൂക്ഷമായതോടെ നടപടികളുമായി സര്‍ക്കാര്‍. മറികടക്കാന്‍ ഉയര്‍ന്ന വില നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ അനുമതി തേടി കെഎസ്ഇബി സര്‍ക്കാരി
Sunny Joseph


Kozhikkode, 14 സെപ്റ്റംബര്‍ (H.S.)

വൈദ്യുതി പ്രതിസന്ധിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ വിമര്‍ശനം രൂക്ഷമായതോടെ നടപടികളുമായി സര്‍ക്കാര്‍. മറികടക്കാന്‍ ഉയര്‍ന്ന വില നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ അനുമതി തേടി കെഎസ്ഇബി സര്‍ക്കാരിനെ സമീപിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നതും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അധിക വൈദ്യുതി ലഭ്യമാക്കുന്നതിലെ തടസങ്ങളും കാരണം രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ കടുത്ത വൈദ്യുതി നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പരമാവധി വൈദ്യുതി ലഭ്യമാക്കാനുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്ന് മന്ത്രി വ്യക്തമാക്കി. ഉയര്‍ന്ന വില നല്‍കേണ്ടി വന്നാലും ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കേണ്ടതുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശനും കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനും കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ തേടി കെഎസ്ഇബി ബോര്‍ഡ് അംഗങ്ങള്‍ അവിടങ്ങളിലെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഇതിനായി മുഖ്യമന്ത്രി അനുമതി നല്‍കിയിട്ടുണ്ട്. കെഎസ്ഇബി ചെയര്‍മാനുമായി ഇക്കാര്യം സംസാരിച്ചതായും ബോര്‍ഡ് അംഗങ്ങള്‍ യാത്രയ്ക്ക് സജ്ജരാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സന്ദര്‍ശനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല.

സൗരോര്‍ജം ഉപയോഗപ്പെടുത്തുന്ന കാര്യവും സജീവ പരിഗണനയിലുണ്ട്. സംസ്ഥാനത്ത് നിലവില്‍ സൗരോര്‍ജ ഉത്പാദനം നടക്കുന്നുണ്ടെങ്കിലും രാത്രികാല ഉപയോഗത്തിനായി അവ സംഭരിച്ച് വയ്ക്കുന്നതിനുള്ള ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം പോലുള്ള സംവിധാനങ്ങള്‍ പൂര്‍ണമായും ഫലപ്രദമായിട്ടില്ല. എല്ലാവരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വഴികള്‍ ആലോചിക്കുമെന്നും അവര്‍ക്ക് ആവശ്യമായ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാത്രികാല വിതരണത്തിനായി ഉയര്‍ന്ന വില നല്‍കി വാങ്ങാനും സര്‍ക്കാര്‍ തയാറാണ്. നിലവിലെ പ്രതിസന്ധി എല്ലാവരെയും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്നും ഉത്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയൊരു നയം അനിവാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ലഭ്യമായ വൈദ്യുതി വളരെ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും അനാവശ്യ ഉപയോഗം ഒഴിവാക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. പകല്‍ സമയങ്ങളിലും തെരുവുവിളക്കുകള്‍ കത്തിക്കിടക്കുന്നത് മുന്‍ മന്ത്രി വി.എം സുധീരന്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തെരുവുവിളക്കുകളുടെ നിയന്ത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്, കെഎസ്ഇബിക്കല്ല എന്ന് അദ്ദേഹം വിശദീകരിച്ചു.

നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കെഎസ്ഇബിയെയോ സംസ്ഥാന സര്‍ക്കാരിനെയോ കുറ്റപ്പെടുത്താനാകില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍ തുടര്‍ന്നിരുന്നെങ്കില്‍ ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു. വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഈ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചപ്പോള്‍, മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആറുമാസത്തിന് ശേഷം മാത്രമാണ് ഇതിനെതിരെ അപ്പീല്‍ നല്‍കിയത്. അപ്പോഴേക്കും കരാറില്‍ നിന്ന് വിതരണക്കാര്‍ പിന്മാറിയിരുന്നതായും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

---------------

Hindusthan Samachar / Sreejith S


Latest News