പൊതുമുതല് നശിപ്പിച്ചു: 15 എസ്എഫ്ഐ നേതാക്കളെ തപ്പി പൊലീസ്
Thiruvanathapuram, 14 സെപ്റ്റംബര്‍ (H.S.) പൊതുമുതല്‍ നശിപ്പിച്ച കേസില്‍ എസ്എഫ്‌ഐക്കാരെ തപ്പി പോലീസ്. മുന്‍സര്‍ക്കാരിന്റെ കാലത്ത് ഭരണസ്വാധീനത്തില്‍ രക്ഷപ്പെട്ട എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ പൊലീസ് തീരുമാനം. ഈ മാസം 2ന് സെക്രട്ടേറ
Sfi


Thiruvanathapuram, 14 സെപ്റ്റംബര്‍ (H.S.)

പൊതുമുതല്‍ നശിപ്പിച്ച കേസില്‍ എസ്എഫ്‌ഐക്കാരെ തപ്പി പോലീസ്. മുന്‍സര്‍ക്കാരിന്റെ കാലത്ത് ഭരണസ്വാധീനത്തില്‍ രക്ഷപ്പെട്ട എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ പൊലീസ് തീരുമാനം. ഈ മാസം 2ന് സെക്രട്ടേറിയറ്റിലേക്കു നടത്തിയ പ്രകടനത്തില്‍ പൊലീസിനെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ പിടികൂടാനും ഇവര്‍ക്കെതിരെ മുന്‍സര്‍ക്കാരിന്റെ കാലത്ത് എടുത്ത പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള മറ്റു കേസുകളില്‍ക്കൂടി അറസ്റ്റ് രേഖപ്പെടുത്താനും നടപടിയാരംഭിച്ചു.

തിരുവനന്തപുരം ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ (ക്രമസമാധാനം) നേതൃത്വത്തില്‍ ഇതിനായി ടീം രൂപീകരിച്ചു. എസ്എഫ്‌ഐയിലെ 15 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവരെത്തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പൊലീസ് തിരിച്ചു. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജോയല്‍ തോമസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. മുന്‍സര്‍ക്കാരിന്റെ കാലത്ത് ഗവര്‍ണര്‍ക്കെതിരെ നടത്തിയ സമരങ്ങളില്‍ പൊതുമുതല്‍ നശിപ്പിച്ച സംഭവങ്ങളില്‍ എസ്എഫ്‌ഐക്കാര്‍ പ്രതികളായെങ്കിലും നടപടിയെടുത്തിരുന്നില്ല. ഈ മാസം സെക്രട്ടേറിയറ്റിലേക്കു നടന്ന പ്രകടനത്തിലുണ്ടായ സംഘര്‍ഷത്തിലും ഇവര്‍ ഭാഗമായിരുന്നു.

പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകളില്‍ പ്രതികളായിട്ടും നടപടിയില്ലാത്ത സ്ഥിതി ഇനിയുണ്ടാവരുതെന്നാണു പൊലീസിന്റെ തീരുമാനം. സെക്രട്ടേറിയറ്റ് മാര്‍ച്ചിന്റെ ചിത്രങ്ങളിലൂടെ നേതാക്കളെ തിരിച്ചറിഞ്ഞാണ് നടപടിയിലേക്കു കടന്നത്. ഈ കേസില്‍ അറസ്റ്റ് ചെയ്യുകയാണ് നടപടിയുടെ ആദ്യഘട്ടം. പിന്നാലെ, മുന്‍ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തും. ഇക്കാര്യം കോടതിയെയും അറിയിക്കും.

---------------

Hindusthan Samachar / Sreejith S


Latest News