ഇ ഡി നീക്കം രാഷ്ട്രീയപ്രേരിതമെന്ന വാദം തള്ളി വി. കുഞ്ഞികൃഷ്ണൻ; 'ആരോപണങ്ങളിൽ വിശദീകരണം നൽകാൻ നേതൃത്വം തയ്യാറാകണം'
Kannur, 14 സെപ്റ്റംബര് (H.S.) കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടികൾ രാഷ്ട്രീയപ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് മുൻ സിപിഐഎം നേതാവും പയ്യന്നൂർ എംഎൽഎയുമായ വി. കുഞ്ഞികൃഷ്ണൻ. പാർട്ടിയുടെ ഉന്നത നേ
ഇ ഡി നീക്കം രാഷ്ട്രീയപ്രേരിതമെന്ന വാദം തള്ളി വി. കുഞ്ഞികൃഷ്ണൻ; 'ആരോപണങ്ങളിൽ വിശദീകരണം നൽകാൻ നേതൃത്വം തയ്യാറാകണം'


Kannur, 14 സെപ്റ്റംബര് (H.S.)

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടികൾ രാഷ്ട്രീയപ്രേരിതമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് മുൻ സിപിഐഎം നേതാവും പയ്യന്നൂർ എംഎൽഎയുമായ വി. കുഞ്ഞികൃഷ്ണൻ. പാർട്ടിയുടെ ഉന്നത നേതൃത്വത്തിലുള്ളവരുടെ മക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുമ്പോൾ കൃത്യവും വ്യക്തവുമായ വിശദീകരണം ജനങ്ങൾക്ക് നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും ഇവിടെ അതിന് നേതൃത്വം തയ്യാറായിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

പാർട്ടി നേതാക്കളുടെ കുടുംബാംഗങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങളെ സംശയത്തിന്റെ നിഴലിൽ നിർത്താതെ സുതാര്യമായി പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം നേതൃത്വത്തിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നേതൃത്വത്തിലുള്ളവരുടെ കുടുംബത്തിനെതിരെയോ മക്കൾക്കെതിരെയോ എന്തെങ്കിലും ആരോപണങ്ങൾ വന്നാൽ കൃത്യമായ വിശദീകരണം നൽകാൻ നേതൃത്വം തയ്യാറാകണം. എന്നാൽ ഇവിടെ അതിന് തയ്യാറായിട്ടില്ല. വ്യക്തമായ ഒരു വിശദീകരണം നൽകാത്തിടത്തോളം കാലം ആരോപണങ്ങളിൽ എന്തോ കഴമ്പുണ്ടെന്ന് പൊതുജനം വിശ്വസിച്ചാൽ അവരെ കുറ്റപ്പെടുത്താനാകില്ല. കേന്ദ്ര ഏജൻസികളുടെ ഭാഗത്തുനിന്ന് രാഷ്ട്രീയ പ്രേരിതമായ നിലപാടുകൾ ഉണ്ടാകാറുണ്ടെന്നത് വസ്തുതയാണ്. പ്രതിപക്ഷത്തുള്ള നേതാക്കന്മാർക്കെതിരെ അത്തരം നീക്കങ്ങൾ ഉണ്ടാകാറുമുണ്ട്. എന്നാൽ ഈ വിഷയത്തിൽ അത്തരമൊരു രാഷ്ട്രീയ നീക്കമാണ് നടക്കുന്നതെങ്കിൽ ജനങ്ങൾ വിശ്വസിക്കുന്ന തരത്തിലുള്ള കൃത്യമായ വിശദീകരണം നൽകാൻ പാർട്ടി ബാധ്യസ്ഥരാണ്. പിണറായി വിജയന്റെ കുടുംബത്തിനെതിരെയുള്ള വിമർശനങ്ങളെ എന്തിനാണ് പാർട്ടിക്കെതിരെയുള്ള കടന്നാക്രമണമായി മാറ്റുന്നത്? കുഞ്ഞികൃഷ്ണൻ ചോദിച്ചു.

സിപിഐഎം നിലവിലെ സാഹചര്യത്തിൽ ഒരു ആത്മപരിശോധനയ്ക്കോ തിരുത്തലിനോ സന്നദ്ധമാകുമോ എന്ന കാര്യത്തിൽ കടുത്ത സംശയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യഥാർത്ഥ തെറ്റിന്റെ കാരണങ്ങൾ എന്താണെന്ന് കണ്ടെത്തുകയും അത് തുറന്നുസമ്മതിക്കുകയും ചെയ്താൽ മാത്രമേ ഏത് പ്രസ്ഥാനത്തിനും തിരുത്തൽ സാധ്യമാകൂ. എന്നാൽ പാർട്ടിയിൽ ഇതുവരെ അത്തരമൊരു തിരുത്തൽ പ്രക്രിയയ്ക്കുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ നടന്നിട്ടില്ല. സംഘടനാപരമായ തെറ്റുകൾ ആവർത്തിക്കുകയും തെറ്റുകളെ ന്യായീകരിക്കുകയും ചെയ്യുന്ന രീതിയാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹം വിമർശിച്ചു.

പാർട്ടി ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് നേതൃത്വവുമായി ഇടഞ്ഞ് സിപിഐഎമ്മിൽ നിന്ന് പുറത്താവുകയും തുടർന്ന് പയ്യന്നൂരിൽ ജനപിന്തുണയോടെ തുടരുകയും ചെയ്യുന്ന നേതാവാണ് വി. കുഞ്ഞികൃഷ്ണൻ. പാർട്ടിയുടെ പ്രമുഖ നേതാക്കൾക്കെതിരെയുള്ള ഇ.ഡി നീക്കങ്ങളെ സിപിഐഎം രാഷ്ട്രീയമായി പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മുൻ പാർട്ടി നേതാവിന്റെ ഈ തുറന്ന നിലപാട്. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ ആരോപണങ്ങളിൽ വ്യക്തത വരുത്താതെ ഒഴിഞ്ഞുമാറുന്നത് പാർട്ടിക്ക് കൂടുതൽ തിരിച്ചടിയാകുമെന്ന വി. കുഞ്ഞികൃഷ്ണന്റെ വാക്കുകൾ ഭരണ-പാർട്ടി തലങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News