Enter your Email Address to subscribe to our newsletters

Thiruvananthapuram, 15 സെപ്റ്റംബര് (H.S.)
മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തിനെതിരെ ഏഴ് ചോദ്യങ്ങളുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ്. ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ അന്വേഷണത്തെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് വിളിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഷോൺ ജോർജ് ഉന്നയിച്ച ഏഴ് ചോദ്യങ്ങൾ:
1️⃣ സേവനം നൽകിയതിന്റെ പേരിലാണ് പണം വാങ്ങിയതെന്നും അതിന് ജിഎസ്ടിയും നികുതിയും അടച്ചിട്ടുണ്ടെന്നും മുൻമുഖ്യമന്ത്രി പറയുന്നു.
കരാർ പ്രകാരം ലഭിക്കേണ്ട തുക ഏകദേശം 1.72 കോടി രൂപ മാത്രമാണെങ്കിൽ, പുറത്തുവന്ന കണക്കുകൾ പ്രകാരം ഏകദേശം 3.28 കോടി രൂപ ലഭിച്ചതായി പറയപ്പെടുന്ന അധിക 1.56 കോടി രൂപയ്ക്ക് എന്താണ് മുൻമുഖ്യമന്ത്രിയുടെ മറുപടി?
സേവനം നൽകിയെന്ന് തന്നെ സമ്മതിച്ചാലും ഈ അധിക തുകയുടെ ഉറവിടവും സേവനവും എന്താണ്?
2️⃣ സ്വന്തം മകളുടെ കമ്പനിക്ക് എ.കെ.ജി. സെന്ററിന്റെ വിലാസം ഉപയോഗിക്കാൻ സി.പി.എം.യിലെ മറ്റേതെങ്കിലും പ്രവർത്തകനോ നേതാവിനോ ഇതുപോലെ അനുമതി ലഭിക്കുമോ?
എന്തുകൊണ്ടാണ് പിണറായിയുടെ മകളുടെ കമ്പനിക്ക് പാർട്ടി ആസ്ഥാനവുമായി ബന്ധപ്പെട്ട വിലാസം ഉപയോഗിക്കേണ്ടിവന്നത്?
3️⃣ ഇന്റേണൽ സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്ന “P.V.” ആരാണ്?
എക്സാലോജിക് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും സേവനം നൽകാതെയാണ് പണം നൽകിയതെന്നും, ആ പണം കമ്പനിയുമായി ബന്ധപ്പെട്ട ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന് വേണ്ടിയാണോ നൽകിയതെന്ന സംശയവും രേഖയിൽ ഉണ്ടെന്നാണ് പുറത്തുവന്നിട്ടുള്ളത്.
2016–2019 കാലഘട്ടത്തിൽ വീണ വിജയനുമായി ബന്ധപ്പെട്ട ഈ ഇടപാടിൽ പറയപ്പെടുന്ന “പ്രമുഖ രാഷ്ട്രീയ നേതാവ്” പിണറായി വിജയനല്ലെങ്കിൽ, അത് ആരാണ്?
4️⃣ 2016-ൽ പിണറായി തന്നെ പരിസ്ഥിതി വകുപ്പും കൈകാര്യം ചെയ്തിരുന്നു.
പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട പരാതികളും ആരോപണങ്ങളും നേരത്തേ തന്നെ സി.എം.ആർ.എല്ലിനെതിരെ ഉണ്ടായിരുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട കമ്പനി സി.എം.ആർ.എല്ലുമായി കരാറിൽ ഏർപ്പെട്ടപ്പോൾ ആ ഇടപാട് പരിശോധിക്കാനോ തടയാനോ മുഖ്യമന്ത്രി തയ്യാറാകാതിരുന്നത് എന്തുകൊണ്ട്?
5️⃣ മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തിന്റെ പശ്ചാത്തലത്തിൽ ഈ ഇടപാട് എങ്ങനെ ന്യായീകരിക്കും?
(Code of conduct for ministers clause (2) )
സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി.ക്ക് സി.എം.ആർ.എല്ലിൽ ഓഹരി പങ്കാളിത്തമുണ്ടായിരുന്ന സാഹചര്യത്തിൽ, അന്നത്തെ മുഖ്യമന്ത്രിയും പരിസ്ഥിതി വകുപ്പ് മന്ത്രിയുമായിരുന്ന പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കമ്പനി സി.എം.ആർ.എല്ലുമായി സാമ്പത്തിക കരാറിൽ ഏർപ്പെട്ടത് താൽപര്യസംഘർഷത്തിന്റെ (conflict of interest) പരിധിയിൽ വരുന്നതല്ലേ?
6️⃣ പിണറായി വിജയന്റെ മകളുടെ കമ്പനിയുടെ മെന്ററായി വെബ്സൈറ്റിൽ പരാമർശിച്ചിരുന്ന ജൈക് ബാലഗോപാലിന്റെ പങ്കിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്?
അദ്ദേഹത്തിന്റെ കോർപ്പറേറ്റ് ബന്ധങ്ങളും പിന്നീട് ഉയർന്നുവന്ന ആരോപണങ്ങളും ഉൾപ്പെടെ, ഈ ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രി എന്തുകൊണ്ട് വ്യക്തമായ വിശദീകരണം നൽകുന്നില്ല?
7️⃣ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സാധാരണ പൗരന് സി.എം.ആർ.എല്ലിനെതിരെ സ്വതന്ത്രമായി പരാതി നൽകാൻ യഥാർത്ഥത്തിൽ എവിടെയായിരുന്നു അവസരം?
സർക്കാരിനെ സമീപിച്ചാൽ — സർക്കാരിന്റെ ഭാഗത്ത് മുഖ്യമന്ത്രിയുടെ മകൾ കരാറിൽ ഏർപ്പെട്ടിട്ടുള്ള കമ്പനിക്ക് എതിരെ മിണ്ടാൻ ആർക്കാണ് പറ്റുക .റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥൻ പോയ വഴി കണ്ടില്ല
കോടതിയെ സമീപിച്ചാൽ — സർക്കാർ ഭാഗത്ത് ഹാജരാകുന്ന അഭിഭാഷകൻ പിണറായിയുടെ അടുത്ത ബന്ധു
ഇങ്ങനെയൊരു സാഹചര്യത്തിൽ ഒരു സാധാരണ പൗരന് നിഷ്പക്ഷമായി പരാതി നൽകാൻ ഏത് വാതിലാണ് തുറന്നിരുന്നത്?
ഈ ചോദ്യങ്ങൾക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണെങ്കിൽ കേരളത്തിലെ ജനങ്ങൾ ഇത് ചോദിച്ചുകൊണ്ടിരിക്കുമെന്നും ഷോൺ ജോർജ് വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR