80 ശതമാനം മലയാളികൾക്കും മോഡി ഭരണത്തിന്റെ ഗുണഫലങ്ങൾ ലഭ്യമാക്കി : ബിജെപി
Thiruvananthapuram, 15 സെപ്റ്റംബര് (H.S.) പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് 2026 ഒക്ടോബർ 7ന് 25 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ഒരു മാസം നീളുന്ന വിപുലമായ സേവന സമർപ്പണ പരിപാടികൾ സംഘടിപ്പി
Adv s Suresh


Thiruvananthapuram, 15 സെപ്റ്റംബര് (H.S.)

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് 2026 ഒക്ടോബർ 7ന് 25 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ഒരു മാസം നീളുന്ന വിപുലമായ സേവന സമർപ്പണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് അറിയിച്ചു. 80 ശതമാനം മലയാളികൾക്കും മോഡി ഭരണത്തിന്റെ ഗുണഫലങ്ങൾ ലഭ്യമായതായും സേവാ സങ്കൽപ്പ് അഭിയാന്റെ ഭാഗമായി കേരളത്തിൽ അമ്പത് ലക്ഷം പേരെ സമ്പർക്കം ചെയ്യുമെന്നും എസ് സുരേഷ് അറിയിച്ചു.

ജനസേവനം രാഷ്ട്രസേവനം എന്ന സന്ദേശമുയർത്തിയാണ് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ സേവന സമർപ്പണ പരിപാടികൾ സംഘടിപ്പിക്കുന്നത്. 25 വർഷത്തെ ജനസേവനത്തിന്റെ ഭാഗമായി രാജ്യത്താകമാനം നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് കേരളത്തിലും വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്.

2001 ഒക്ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശ്രീ നരേന്ദ്രമോദി, അധികാരമേൽക്കുമ്പോൾ വലിയ പ്രതിസന്ധികളിലൂടെയായിരുന്നു ഗുജറാത്ത് കടന്നുപോയിരുന്നത്. ഭുജ് ഭൂചലനം സൃഷ്ടിച്ച മഹാദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് ഗുജറാത്തിനെ അതിവേഗം പുനർനിർമ്മിക്കുന്നതിനും സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനും മോദി നേതൃത്വം നൽകി. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയ ആ വികസന സമീപനമാണ് പിന്നീട് ഗുജറാത്തിനെ രാജ്യത്തിന്റെ വികസന മാതൃകകളിലൊന്നാക്കി മാറ്റിയത്.

2014ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലയിലും സമ്പദ്വ്യവസ്ഥയിലും വലിയ മുന്നേറ്റമാണ് ഉണ്ടായത്. റോഡുകൾ, റെയിൽവേ, വൈദ്യുതി, വിമാനത്താവളങ്ങൾ, ഡിജിറ്റൽ പേയ്മെന്റുകൾ, ബാങ്കിംഗ്, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിൽ രാജ്യത്തിന്റെ അടിസ്ഥാന ശേഷി ശക്തിപ്പെട്ടു. ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയതും ഈ മുന്നേറ്റത്തിന്റെ ഭാഗമാണ്.

കേരളത്തിൽ 50 ലക്ഷം ജനങ്ങളിലേക്ക് സേവന പ്രവർത്തനങ്ങളുടെ സന്ദേശം എത്തിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. സംസ്ഥാനത്തെ ഇരുപതിനായിരത്തോളം ബൂത്തുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ബിജെപിയുടെ രണ്ടായിരത്തോളം ജനപ്രതിനിധികൾ വാർഡ് തലത്തിൽ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെയും പദ്ധതികളുടെ വ്യാപ്തിയെയും സംബന്ധിച്ച് ഓഡിറ്റിംഗ് നടത്തും.

അർഹരായിട്ടും കേന്ദ്രസർക്കാരിന്റെ ക്ഷേമ പദ്ധതികൾ ലഭിക്കാത്തവരെ കണ്ടെത്തി പദ്ധതികളുടെ ആനുകൂല്യം ഉറപ്പാക്കുന്നതിനായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കും. കേരളത്തിലെ വലിയൊരു വിഭാഗം കുടുംബങ്ങൾ കേന്ദ്രസർക്കാരിന്റെ ഏതെങ്കിലും ഒരു ക്ഷേമ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. കോവിഡ് വാക്സിനേഷൻ ഉൾപ്പെടെ പരിശോധിക്കുമ്പോൾ നരേന്ദ്രമോദി സർക്കാരിന്റെ സേവനത്തിന്റെ വ്യാപ്തി കേരളത്തിലെ മുഴുവൻ ജനങ്ങളിലേക്കും എത്തിയിട്ടുണ്ടെന്നും അഡ്വ. എസ്. സുരേഷ് പറഞ്ഞു.

ഒരു വർഷം മുമ്പ് ബിജെപി ആരംഭിച്ച ഹെൽപ്പ് ഡെസ്കുകൾ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. തിരുവനന്തപുരം നഗരസഭ, പാലക്കാട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റികൾ, ബിജെപി ഭരിക്കുന്ന പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഔദ്യോഗികമായി സേവന സമർപ്പണ മാസം ആചരിക്കും. തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തിൽ കേന്ദ്രമന്ത്രി ശ്രീ സുരേഷ് ഗോപിയും ബിജെപി എംഎൽഎമാരുള്ള മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ അതത് എംഎൽഎമാരും പരിപാടികൾക്ക് നേതൃത്വം നൽകും.

സേവന സമർപ്പണത്തിന്റെ ഭാഗമായി പ്രധാന പരിപാടികൾ

വികസനത്തിനായി ദീപം:

കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ വാർഡ് തലത്തിൽ ഒത്തുചേർന്ന് വീടുകളിലും ദീപം തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കും.

സ്വപ്ന ഭാരതം — സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 7 വരെ:

സ്കൂൾ വിദ്യാർത്ഥികൾക്കായി ‘സ്വപ്ന ഭാരതം’ എന്ന വിഷയത്തിൽ ചിത്രരചന, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കും. പഞ്ചായത്ത്, ജില്ലാ, സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന കുട്ടികളെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിക്കും.

അംഗനവാടി ഉത്സവം — സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 7 വരെ:

അംഗനവാടികളിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്യും. അംഗനവാടി ടീച്ചർമാരെയും ആശാ പ്രവർത്തകരെയും ആദരിക്കും.

രക്തദാന–മെഡിക്കൽ ക്യാമ്പുകൾ — സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 2 വരെ:

സംസ്ഥാനത്തെ വിവിധ ബ്ലഡ് ബാങ്കുകളുടെ ആവശ്യാനുസരണം രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കും. ഇതോടൊപ്പം ബ്ലഡ് ഡയറക്ടറി തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തും.

ശ്രീ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റതിന്റെ 25-ാം വാർഷിക ദിനമായ ഒക്ടോബർ 7ന് കേരളത്തിലെ 30 സംഘടനാ ജില്ലാ കേന്ദ്രങ്ങളിൽ വികസന ജ്യോതി യാത്ര സംഘടിപ്പിക്കും. നൂറുകണക്കിന് വാഹനങ്ങൾ പങ്കെടുക്കുന്ന യാത്രകൾക്ക് ശേഷം നടക്കുന്ന പൊതുയോഗങ്ങളിൽ ആയിരക്കണക്കിന് ആളുകളും കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളും പങ്കെടുക്കും.

ബിജെപി ഹെൽപ്പ് ഡെസ്കുകൾ, ജനപ്രതിനിധികൾ, പാർട്ടിയുടെ വിവിധ ഘടകങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ വാർഡ് തല ക്യാമ്പുകൾ സംഘടിപ്പിക്കും. കേന്ദ്രസർക്കാർ ക്ഷേമ പദ്ധതികൾക്ക് അർഹരായിട്ടും ആനുകൂല്യം ലഭിക്കാത്തവരെ കണ്ടെത്തി പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തും.

ഗാന്ധിജയന്തി ദിനത്തിൽ പ്രാദേശിക ഘടകങ്ങൾ, ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ ശുചിത്വ ക്യാമ്പുകൾ സംഘടിപ്പിക്കും. പൊതുസ്ഥലങ്ങൾ, ശുചിമുറികൾ, ജലാശയങ്ങൾ, പൊതുവഴികൾ എന്നിവ ശുചീകരിച്ച് മാലിന്യമുക്ത അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തും.

പഞ്ചായത്ത് മെമ്പർ മുതൽ പാർലമെന്റ് അംഗം വരെയുള്ള ഏകദേശം 1.25 ലക്ഷം ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ഒരുമിച്ച് പൂർണമായ ‘വന്ദേമാതരം’ ആലപിക്കുന്ന വിപുലമായ പരിപാടി സംഘടിപ്പിക്കും. പരിപാടി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടുന്നതിനുള്ള ശ്രമവും നടത്തും. ഇതോടൊപ്പം ഷോർട്ട് ഫിലിം മത്സരവും സംഘടിപ്പിക്കും.

ജനസേവനം രാഷ്ട്രസേവനം എന്ന ആശയത്തെ മുൻനിർത്തി നരേന്ദ്രമോദിയുടെ 25 വർഷത്തെ ജനസേവനത്തിന്റെ സന്ദേശം കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുകയാണ് സേവന സമർപ്പണ മാസത്തിന്റെ ലക്ഷ്യമെന്നും അഡ്വ. എസ്. സുരേഷ് പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News