Enter your Email Address to subscribe to our newsletters

Kollam, 15 സെപ്റ്റംബര് (H.S.)
പുതുതലമുറയില് കാര്ഷിക സംസ്കാരവും അതോടൊപ്പം വളര്ത്തുമൃഗങ്ങളും, പക്ഷികളും ഉൾപ്പടെയുള നാടന് ജനുസ്സുകളോടുമുള്ള സ്നേഹവും വളര്ത്തണ്ടേത് അനിവാര്യമാണെന്ന് വനിതാ-ശിശു വികസന, മൃഗസംരക്ഷണ വകൂപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില് വിദ്യാര്ഥികള്ക്ക് താറാവുകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന 'പൊന്ചിറകുകള്' പദ്ധതിയുടെയും 'ഗോസമൃദ്ധി' എന്എല്എം സമഗ്ര കന്നുകാലി ഇന്ഷ്വറന്സ് പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു മന്ത്രി ബിന്ദു കൃഷ്ണ.
കേരള സര്ക്കാരിന്റെ നൂറുദിന കര്മ്മ പരിപാടിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് സ്കൂളുകളിലെ പൗള്ട്രി ക്ലബ്ബുകള് വഴിയാണ് 'പൊന്ചിറകുകള്' പദ്ധതി നടപ്പാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ വിദ്യാര്ഥികള്ക്ക് ചാര, ചെമ്പല്ലി തുടങ്ങിയ നാടന് ഇനങ്ങളില്പ്പെട്ട അഞ്ച് താറാവുകുഞ്ഞുങ്ങള്, ഒരു മാസത്തേക്കുള്ള പോഷകാഹാരം, ആവശ്യമായ മരുന്നുകള് എന്നിവ സൗജന്യമായി നല്കുന്നതാണ് പദ്ധതി.
നാടന് താറാവ് ഇനങ്ങളുടെ സംരക്ഷണത്തിനും ശാസ്ത്രീയമായ വളര്ത്തല് രീതികള് പരിചയപ്പെടുത്തുന്നതിനും കുട്ടികളില് മൃഗങ്ങളോടുള്ള സ്നേഹവും കരുതലും ഉത്തരവാദിത്തബോധവും വളര്ത്തുന്നതിനും പദ്ധതി സഹായികരമാകും. കുട്ടികളുടെ പോഷക സുരക്ഷയ്ക്കൊപ്പം അവരുടെ കുടുംബങ്ങള്ക്ക് അധിക വരുമാനവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നുവെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.
2 മുതല് 10 വയസ്സുവരെയുള്ള കറവപ്പശുക്കള്, എരുമകള്, ഏഴ് മാസം പിന്നിട്ട ഗര്ഭിണിയായ കിടാരികള് എന്നിവയ്ക്ക് 'ഗോസമൃദ്ധി' എന് എല് എം സമഗ്ര കന്നുകാലി ഇന്ഷ്വറന്സ് പദ്ധതിയിലൂടെ പരിരക്ഷ നൽകും. നാഷണല് ലൈവ്സ്റ്റോക്ക് മിഷന്റെ മാര്ഗനിര്ദേശപ്രകാരം 65,000 രൂപ വരെ മതിപ്പുവിലയുള്ള ഉരുക്കള്ക്ക് പ്രീമിയത്തിന്റെ 85 ശതമാനം വരെ ഇന്ഷ്വറന്സ് ലഭിക്കും. കര്ഷകരുടെ വ്യക്തിഗത സുരക്ഷയ്ക്കായി ഒരു ലക്ഷം രൂപയുടെ ഇന്ഷ്വറന്സ് പരിരക്ഷയ്ക്ക് 20 രൂപയും പരമാവധി അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷയ്ക്ക് 100 രൂപയും പ്രീമിയമായി അടയ്ക്കാവുന്ന പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. നാടന് കോഴി, താറാവ് വളര്ത്തല് കൂടുതല് ജനകീയമാക്കുന്നതിനും വളര്ത്തുമൃഗങ്ങളുടെ ആകസ്മിക മരണമോ രോഗമോ ഉത്പാദനക്ഷമതയിലുണ്ടാകുന്ന കുറവോ കാരണമുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തില് നിന്ന് കര്ഷക കുടുംബങ്ങളെ സംരക്ഷിക്കുന്നതിനും പദ്ധതികള് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാര്ഷല് അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര് ഡോ. സിന്ധു കെ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി ആര് അനില്കുമാര്, ശ്രീകുമാര്, ശോഭനകുമാരി, ഗ്രാമപഞ്ചായത്തംഗങ്ങളായ ശില്പാ നായര്, ഷംനാസ് ഷാനവാസ്, മൃ?ഗസംരക്ഷണ വകുപ്പ് അഡീഷണല് ഡയറക്ടമാരായ ഡോ. വിന്നി ജോസഫ്, ഡോ. ജിജിമോന് ജോസഫ് തുടങ്ങിയവര് സംസാരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR