Enter your Email Address to subscribe to our newsletters

Thiruvananthapuram, 15 സെപ്റ്റംബര് (H.S.)
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാഘടന രാജ്യാന്തര മാതൃകയിൽ പരിഷ്കരിച്ച് ഗതാഗത വകുപ്പ്. ഇനി മുതൽ ലൈസൻസ് സ്വന്തമാക്കാൻ കമ്പ്യൂട്ടർ അധിഷ്ഠിതമായ ഒരു അധിക പരീക്ഷ കൂടി പാസാകേണ്ടി വരും. റോഡിലെ അപകടസാധ്യതകൾ തിരിച്ചറിയാനുള്ള ശേഷി പരിശോധിക്കുന്ന 'ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ്' (Hazard Perception Test) ഡിസംബർ ഒന്നു മുതൽ നടപ്പാക്കാനാണ് തീരുമാനം.
രാജ്യത്താദ്യമായി കേരളത്തിലാണ് ഈ ടെസ്റ്റ് കൂടി പരീക്ഷയുടെ ഭാഗമാക്കുന്നത്. റോഡിലുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളും തടസങ്ങളും മുൻകൂട്ടി കണ്ട് തിരിച്ചറിയാനുള്ള ശേഷി പരിശോധിച്ച് ഉറപ്പിക്കുന്നതിൻ്റെ ഭാഗമായാണ് 100 മാർക്കിൻ്റെ ഈ പുതിയ ടെസ്റ്റ് നടപ്പാക്കുന്നത്. ലേണേഴ്സ് ലഭിച്ച് 30 ദിവസത്തിന് ശേഷമാകും ഹസാഡ് പെർസെപ്ഷൻ ടെസ്റ്റ് നടത്തുക. ഇതിന് ശേഷം മാത്രമേ ഗ്രൗണ്ട് ടെസ്റ്റും റോഡ് ടെസ്റ്റും നടത്തുകയുള്ളു.
ടെസ്റ്റ് എങ്ങനെ?
ഒരു മിനിറ്റ് ദൈർഘ്യമുള്ള 10 വിഡിയോ ക്ലിപ്പുകൾ അടങ്ങുന്നതാണ് ടെസ്റ്റ്. ഓരോന്നിനും 10 മാർക്ക് വീതമാണുള്ളത്. കമ്പ്യൂട്ടർ സ്ക്രീനിൽ കാണിക്കുന്ന വിഡിയോ ക്ലിപ്പുകൾ കണ്ട് കൃത്യസമയത്ത് അപകടം തിരിച്ചറിഞ്ഞ് മൗസ് ക്ലിക്ക് ചെയ്യുകയാണ് പരീക്ഷാരീതി. റോഡിലെ രണ്ടു തടസങ്ങളാണ് ഓരോ ക്ലിപ്പിലും ഉണ്ടാകുക. പരീക്ഷാർഥി ഈ ക്ലിപ്പുകൾ കണ്ട് സമയബന്ധിതമായി ക്ലിക്കു ചെയ്ത് പ്രതികരിക്കണം.
കൃത്യസമയത്തു പ്രതികരിച്ചാൽ 10 മാർക്ക് ലഭിക്കും. വൈകിയാണ് പ്രതികരിക്കുന്നതെങ്കിൽ മാർക്ക് കുറയുകയും ചെയ്യും. കുറഞ്ഞത് 60 മാർക്കെങ്കിലും നേടിയാൽ മാത്രമേ ടെസ്റ്റ് പാസാകാൻ കഴിയൂ. ഹസാഡ് പെർസെപ്ക്ഷൻ ടെസ്റ്റിൽ 60 ശതമാനം ലഭിക്കുന്നവർക്ക് മാത്രമേ അടുത്ത ടെസ്റ്റുകളിൽ പങ്കെടുക്കാൻ അർഹതയുണ്ടാകുകയുള്ളു.
ഒരുക്കങ്ങൾ എന്തെല്ലാം?
ഒക്ടോബർ ഒന്നുമുതൽ ഈ ടെസ്റ്റിനുള്ള ഒരുക്കങ്ങൾ ഡ്രൈവിങ് സ്കൂളുകൾ സജ്ജമാക്കണമെന്ന് ഗതാഗത കമ്മിഷണർ സി നാഗരാജു നിർദേശം നൽകി. ഡ്രൈവിങ് സ്കൂളുകളിൽ ആവശ്യമായ കമ്പ്യൂട്ടർ സജ്ജീകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർമാർ (ആർടിഒമാർ), ജോയിൻ്റ് ആർടിഒമാർ എന്നിവർ ഒക്ടോബർ ഒന്നുമുതൽ സംസ്ഥാനവ്യാപകമായി പരിശോധനകൾ ആരംഭിക്കും.
ഓപ്പൺ സോഴ്സ് ടൂളുകൾ ഉപയോഗപ്പെടുത്തി പരീക്ഷാർഥികൾക്ക് മൂന്നു മാസം പരിശീലനം നൽകണം. യുകെ, ഓസ്ട്രേലിയ തുടങ്ങി പല വിദേശരാജ്യങ്ങളിലും ഈ ടെസ്റ്റ് നടത്തുന്നുണ്ട്. ഇതിൻ്റെ മാതൃക പിന്തുടർന്നാണ് സംസ്ഥാനത്തും പുതിയ രീതി നടപ്പാക്കുന്നത്.
ഡ്രൈവർമാരുടെ അശ്രദ്ധയും അപകടസാധ്യത കണക്കുകൂട്ടുന്നതിലെ പിഴവുമാണ് ഭൂരിപക്ഷം അപകടങ്ങൾക്കും കാരണമെന്ന പഠനങ്ങളാണ് പുതിയ പരീക്ഷ കൂടി ഉൾപ്പെടുത്തി ഘടനയിൽ മാറ്റം വരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. മൂർച്ചയുള്ള വളവുകളിലൂടെ സഞ്ചരിക്കുക, കനത്ത പേമാരിയിലൂടെ വാഹനമോടിക്കുക, രാത്രികാലത്തെ വെളിച്ചത്തിൻ്റെ തിളക്കത്തെ നേരിടുക, പെട്ടെന്നുള്ള കാൽനടയാത്രക്കാരുടെയോ മൃഗങ്ങളുടെയോ ചലനത്തോട് പ്രതികരിക്കുക തുടങ്ങിയ പ്രധാന സുരക്ഷാ ഘടകങ്ങൾ ഒരു സാധാരണ റോഡ് ടെസ്റ്റിൽ സുരക്ഷിതമായോ വിശ്വസനീയമായോ പുനർനിർമ്മിക്കാൻ കഴിയില്ല. അതിനുള്ള പരിഹാരമായാണ് പുതിയ ടെസ്റ്റ് കൊണ്ടുവരുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR