കാശി മഠത്തിലെ തർക്കത്തിൽ സുപ്രീം കോടതി ഇടപെടൽ: സ്വർണം ഉൾപ്പടെയുള്ള ആഭരണങ്ങൾ തിരിച്ചുപിടിക്കാൻ വഴിയൊരുക്കും
New delhi, 15 സെപ്റ്റംബര്‍ (H.S.) ശ്രീ കാശിമഠം സംസ്ഥാനിലെ 234 സ്വർണാഭരണങ്ങളും 27 വിഗ്രഹങ്ങളും തിരിച്ചുപിടിക്കാൻ വഴിയൊരുങ്ങുന്നു. ഗൗഡ സാരസ്വത ബ്രാഹ്മണരുടെ കാശി മഠത്തിന്റെ അധികാരവും സ്വത്തുക്കളും സംബന്ധിച്ച പതിറ്റാണ്ടുകൾ നീണ്ട തർക്കത്തിൽ കേരള ഹൈക്കോ
Supreme Court


New delhi, 15 സെപ്റ്റംബര്‍ (H.S.)

ശ്രീ കാശിമഠം സംസ്ഥാനിലെ 234 സ്വർണാഭരണങ്ങളും 27 വിഗ്രഹങ്ങളും തിരിച്ചുപിടിക്കാൻ വഴിയൊരുങ്ങുന്നു. ഗൗഡ സാരസ്വത ബ്രാഹ്മണരുടെ കാശി മഠത്തിന്റെ അധികാരവും സ്വത്തുക്കളും സംബന്ധിച്ച പതിറ്റാണ്ടുകൾ നീണ്ട തർക്കത്തിൽ കേരള ഹൈക്കോടതി വിധിക്കെതിരായ ഹർജി സുപ്രീംകോടതി തള്ളിയതോടെയാണ് ആഭരണങ്ങളും വിഗ്രഹങ്ങളും തിരിച്ചുപിടിക്കാൻ വഴിയൊരുങ്ങുന്നത്.

കാശി മഠാധിപതി സ്വാമി സംയമീന്ദ്ര തീർത്ഥയും രാഘവേന്ദ്ര തീർത്ഥയും തമ്മിലുള്ള തർക്കത്തിലാണ് സുപ്രീംകോടതി ഉത്തരവ്. സംയമീന്ദ്ര തീർത്ഥയും നിലവിലുള്ള ഡിക്രിയുടെ അടിസ്ഥാനത്തിലുള്ള എക്സിക്യൂഷൻ നടപടികൾ തുടരാമെന്ന് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ഈശ്വരൻ എസ്. വിധിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്ത് രാഘവേന്ദ്ര തീർത്ഥ ഫയൽചെയ്ത ഹർജിയാണ് ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളിയത്.

കാശി മഠത്തിന്റെ 234 ആഭരണങ്ങളും വെള്ളി ഉപകരണങ്ങളും 27 വിഗ്രഹങ്ങളുമാണ് രാഘവേന്ദ്ര തീർത്ഥയുടെ കൈവശം ഉള്ളത്. ഇവ മഠത്തിന് തിരികെ നൽകണമെന്ന് തിരുപ്പതി അഡീഷണൽ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. പിന്നീട് ആ വിധി ആന്ധ്രപ്രദേശ് ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു. എന്നാൽ, ഇവ ഇപ്പോഴും രാഘവേന്ദ്ര തീർത്ഥയുടെ പക്കലാണ്. ഡിക്രി സംബന്ധിച്ച കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചതോടെ ഇവ തിരിച്ചുപിടിക്കാൻ കാശി മഠാധിപതി സ്വാമി സംയമീന്ദ്ര തീർത്ഥക്ക് സാധിക്കും.

മഠാധിപതി സുധീന്ദ്ര തീർത്ഥ 1994-ൽ തന്റെ ശിഷ്യനായ രാഘവേന്ദ്ര തീർത്ഥയ്ക്ക് ചില വിഗ്രഹങ്ങളും മഠസാമഗ്രികളും ഉൾപ്പടെയുള്ള ആഭരണങ്ങൾ നൽകിയിരുന്നു. സുധീന്ദ്ര തീർത്ഥയുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടർന്ന് രാഘവേന്ദ്ര തീർത്ഥയെ 2000-ൽ മഠത്തിൽനിന്ന് പുറത്താക്കിയിരുന്നു. ഇതേത്തുടർന്ന് സുധീന്ദ്ര തീർത്ഥയും രാഘവേന്ദ്ര തീർത്ഥയും തമ്മിൽ യഥാർത്ഥ കാശി മഠാധിപതി ആരെന്നതിൽ തർക്കം ഉടലെടുത്തു. ഈ കേസിൽ സുധീന്ദ്ര തീർത്ഥക്ക് അനുകൂലമായ ഉത്തരവാണ് കോടതിയിൽനിന്ന് ഉണ്ടായത്.

സുധീന്ദ്ര തീർത്ഥ സ്വാമിജിയുടെ സമാധിക്ക് ശേഷം അദ്ദേഹത്തിന്റെ പിൻഗാമിയായി സംയമീന്ദ്ര തീർത്ഥ മഠാധിപതിയായി. തുടർന്ന് ഡിക്രി നടപ്പാക്കാനുള്ള നടപടികളിൽ തന്റെ പേര് ഉൾപെടുത്തണമെന്നാവശ്യപ്പെട്ട് സംയമീന്ദ്ര തീർത്ഥ കേരള ഹൈക്കോടതിയെ സമീപിച്ചു. സംയമീന്ദ്ര തീർത്ഥക്ക് അനുകൂലമായ കേരള ഹൈക്കോടതി വിധിക്കെതിരെ രാഘവേന്ദ്ര തീർത്ഥ നൽകിയ ഹർജിയാണ് സുപ്രീംകോടതി ഇന്ന് തള്ളിയത്.

സംയമീന്ദ്ര തീർത്ഥയ്ക്കുവേണ്ടി സീനിയർ അഭിഭാഷകരായ ഗുരു കൃഷ്ണകുമാർ, അഭിഭാഷാകൻ ലക്ഷ്മീഷ് എസ്. കാമത്ത് എന്നിവർ ഹാജരായി. രാഘവേന്ദ്ര തീർത്ഥക്ക് വേണ്ടി സീനിയർ അഭിഭാഷകൻ പി.ബി. കൃഷ്ണൻ ഹാജരായി.

---------------

Hindusthan Samachar / Sreejith S


Latest News