Enter your Email Address to subscribe to our newsletters

Thiruvananthapuram, 15 സെപ്റ്റംബര് (H.S.)
പുതുതായി പ്രവേശനം നേടിയ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി കേരള സർവകലാശാല 2026 സെപ്റ്റംബർ 16 ന് ഓറിയന്റേഷൻ പരിപാടി സംഘടിപ്പിക്കും. കാര്യവട്ടം സർവകലാശാല ക്യാമ്പസിലെ ക്ലിഫ് ബിൽഡിംഗിലെ സി. വി. രാമൻ ഹാളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4.15 വരെ ഓറിയന്റേഷൻ നടക്കും.
2026–27 അധ്യയന വർഷത്തിൽ 41 രാജ്യങ്ങളിൽ നിന്നായി 140 വിദ്യാർത്ഥികൾക്കാണ് കേരള സർവകലാശാലയിൽ പ്രവേശനം ലഭിച്ചത്. ഉന്നത വിദ്യാഭ്യാസത്തിനുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ സർവകലാശാലയ്ക്കുള്ള വർധിച്ചുവരുന്ന സ്വീകാര്യതയും അന്താരാഷ്ട്ര സാന്നിധ്യവും വ്യക്തമാക്കുന്നതാണ് ഈ പ്രവേശനം. പുതുതായി പ്രവേശനം നേടിയവരിൽ 53 പേർ നാലുവർഷബിരുദ വിദ്യാർത്ഥികളും, 69 പേർ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും, 18 പേർ പി.എച്ച്.ഡി. ഗവേഷകരുമാണ്.
നാലുവർഷബിരുദത്തിനു പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ അമേരിക്ക, മാലിദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് പേർ സ്വാശ്രയ വിഭാഗത്തിൽ പ്രവേശനം നേടി. ബിരുദാനന്തര വിഭാഗത്തിൽ കൊളംബിയയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയും സ്വാശ്രയ വിഭാഗത്തിൽ പ്രവേശനം നേടിയിട്ടുണ്ട്. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ 79 പേർ ആൺകുട്ടികളും 61 പേർ പെണ്കുട്ടികളുമാണ്.
രാജ്യാടിസ്ഥാനത്തിൽ ശ്രീലങ്കയിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ -- 16 പേർ. തുടർന്ന് ബംഗ്ലാദേശിൽ നിന്ന് 14 പേരും താജിക്കിസ്ഥാനിൽ നിന്ന് 9 പേരുമുണ്ട്. സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയിരിക്കുന്നത്. പൊളിറ്റിക്കൽ സയൻസ് വകുപ്പിൽ 31 അന്താരാഷ്ട്ര വിദ്യാർത്ഥികളും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള (IMK)-യിൽ 29 പേരും, കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ 19 പേരുമുണ്ട്.
അന്താരാഷ്ട്ര വിദ്യാർത്ഥികളെ സർവകലാശാലയിലേക്ക് സ്വാഗതം ചെയ്യുന്നതിനും അവരുടെ അക്കാദമിക് യാത്രയ്ക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനുമാണ് ഓറിയന്റേഷൻ പരിപാടി സംഘടിപ്പിക്കുന്നത്. സർവകലാശാലയുടെ അക്കാദമിക് അന്തരീക്ഷം, വിദ്യാർത്ഥി പിന്തുണാ സംവിധാനങ്ങൾ, ക്യാമ്പസ് സൗകര്യങ്ങൾ, വിദ്യാർത്ഥി സേവനങ്ങൾ, വിവിധ അവസരങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പരിപാടിയിലൂടെ പരിചയപ്പെടാനാകും.
ബുധനാഴ്ച രാവിലെ 10 ന് വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ പരിപാടി ഉദ്ഘാടനം ചെയ്യും. സർവകലാശാല രജിസ്ട്രാർ ശ്രീമതി രശ്മി ആർ. അധ്യക്ഷയാകും. സെന്റർ ഫോർ ഗ്ലോബൽ അക്കാദമിക്സ് ഡയറക്ടർ പ്രൊഫ. (ഡോ.) ബിജു ടി. സ്വാഗതം ആശംസിക്കും.
ഉദ്ഘാടന സമ്മേളനത്തിൽ സെന്റർ ഫോർ ഗ്ലോബൽ അക്കാദമിക്സിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലും സർവകലാശാല സിൻഡിക്കേറ്റിലും അംഗങ്ങളായ ഡോ. നൗഷാദ് വി., പ്രൊഫ. (ഡോ.) അനിൽകുമാർ എന്നിവർ പ്രത്യേക പ്രഭാഷണം നടത്തും. ICCR ബെംഗളൂരു സോണൽ ഡയറക്ടർ ശ്രീമതി നിഷി ബാല; IQAC ഡയറക്ടർ പ്രൊഫ. (ഡോ.) ഇ. ഷാജി; CSS വൈസ് ചെയർമാൻ പ്രൊഫ. (ഡോ.) ജയചന്ദ്രൻ ആർ; ക്യാമ്പസ് ഡയറക്ടർ പ്രൊഫ. (ഡോ.) ജോസുകുട്ടി സി. എ.; സെന്റർ ഫോർ അണ്ടർഗ്രാജുവേറ്റ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫ. (ഡോ.) സാം സോളമൻ; ലോയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് അക്കാദമിക് ഡയറക്ടർ പ്രൊഫ. (ഡോ.) ഗബ്രിയേൽ സൈമൺ തട്ടിൽ എന്നിവർ സെഷനുകൾ നയിക്കും.
തുടർന്ന് സെന്റർ ഫോർ ഗ്ലോബൽ അക്കാദമിക്സ്, FRRO, ICCR, മുതിർന്ന വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുമായി സംവദിക്കും.
സർവകലാശാലയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വർധിച്ചുവരുന്ന സാന്നിധ്യം, വിവിധ സംസ്കാരങ്ങൾ തമ്മിലുള്ള അക്കാദമിക ഇടപെടലുകൾ, വിജ്ഞാന കൈമാറ്റം, അന്താരാഷ്ട്ര സഹകരണം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സഹായകമാകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR