ടൂറിസ്റ്റ് ബസുകളുടെ ഏകീകൃത കളർ കോഡ്: സർക്കാർ ഭേദഗതി വൈകിപ്പിക്കുന്നത് ആയിരക്കണക്കിന് സംരംഭകരെ വഴിയാധാരമാക്കുന്നു – ബി.നിബുദാസ്
Thiruvananthapuram, 15 സെപ്റ്റംബര് (H.S.) സംസ്ഥാനത്തെ കോൺട്രാക്ട് കാര്യേജ് (ടൂറിസ്റ്റ്) ബസുകൾക്ക് ഏർപ്പെടുത്തിയ ഏകീകൃത കളർ കോഡ് നിബന്ധനയിൽ അടിയന്തര ഭേദഗതി വരുത്താൻ സർക്കാരും മോട്ടോർ വാഹന വകുപ്പും തയ്യാറാകണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി
Tourist bus


Thiruvananthapuram, 15 സെപ്റ്റംബര് (H.S.)

സംസ്ഥാനത്തെ കോൺട്രാക്ട് കാര്യേജ് (ടൂറിസ്റ്റ്) ബസുകൾക്ക് ഏർപ്പെടുത്തിയ ഏകീകൃത കളർ കോഡ് നിബന്ധനയിൽ അടിയന്തര ഭേദഗതി വരുത്താൻ സർക്കാരും മോട്ടോർ വാഹന വകുപ്പും തയ്യാറാകണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (STA) മുൻ അംഗം ബി.നിബുദാസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്ന വേളയിൽ, STA യോഗത്തിലാണ് കളർ കോഡ് പിൻവലിക്കുന്നതും ഭേദഗതി വരുത്തുന്നതും സംബന്ധിച്ച നിർണായക തീരുമാനം എടുത്തത്.

ബസുകളുടെ നിറവും റോഡ് സുരക്ഷയും തമ്മിൽ ശാസ്ത്രീയമായ യാതൊരു ബന്ധവുമില്ലെന്നും, ഏകീകൃത കളർ കോഡ് ചെറുകിട-ഇടത്തരം സംരംഭകർക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നുവെന്നും യോഗം വിലയിരുത്തിയിരുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ (AITP) വരുന്ന വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ടൂറിസം മേഖലയ്ക്കും സംരംഭകർക്കും ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.

കേരള മോട്ടോർ വെഹിക്കിൾ റൂൾസ് (1989) ചട്ടം 264 പ്രകാരം നിലവിൽ വന്ന കളർ കോഡ് പിൻവലിക്കാനോ ഭേദഗതി വരുത്താനോ സർക്കാരിന്റെ നിയമനിർമ്മാണത്തിന് മാത്രമേ സാധിക്കൂ എന്നതിനാൽ, ഇത് സംബന്ധിച്ച വ്യക്തമായ ശിപാർശ (File No: D1/313/2025-TC) STA സർക്കാരിന് സമർപ്പിച്ചിട്ടുള്ളതാണ്.

എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും ആവശ്യമായ നിയമഭേദഗതി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചതല്ലാതെ നാളിതുവരെയായിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സർക്കാരിന്റെ ഈ നിഷ്ക്രിയത്വം മൂലം മൂവായിരത്തോളം വരുന്ന ടൂറിസ്റ്റ് ബസ് സംരംഭകരും അവരെ അതിജീവനത്തിനായി ആശ്രയിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളുമാണ് കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്.

ടൂറിസം മേഖലയുടെ ഉണർവിനും ചെറുകിട സംരംഭകരുടെ സംരക്ഷണത്തിനുമായി STA നൽകിയ നിർദ്ദേശം പരിഗണിച്ച്, കേരള മോട്ടോർ വെഹിക്കിൾ റൂൾസിൽ അടിയന്തര ഭേദഗതി വരുത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ ഉടൻ തയ്യാറാകണമെന്ന് ബി. നിബുദാസ് പത്രപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News