Enter your Email Address to subscribe to our newsletters

New delhi, 15 സെപ്റ്റംബര്‍ (H.S.)
വനിതാ ബൈക്ക് റൈഡര്‍ സിയയെ മനപ്പൂര്‍ഡവം കാറിടിച്ച് വീഴ്ത്തിയ കേസില്‍ പ്രതിഅറസ്റ്റില്‍. ഒളിവിലായിരുന്ന കാര്‍ ഡ്രൈവര്‍ കല്യാണ്‍ ബൈന്‍സ്ലയെ രാജസ്ഥാനിലെ രാജ്ഗഢില്‍ നിന്നാണ് ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വധശ്രമക്കുറ്റം കൂടി ഉള്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ അറസ്റ്റ് നടന്നതെന്ന് ഗുരുഗ്രാം പൊലീസ് കമ്മീഷണര്‍ സിബാഷ് കബിരാജ് അറിയിച്ചു.
പ്രമുഖ ബൈക്ക് റൈഡറായ സിയ ഗോള്‍ഫ് കോഴ്സ് റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു സ്വിഫ്റ്റ് കാര്‍ അമിതവേഗതയില്‍ വന്ന് മനഃപൂര്‍വ്വം ഇടിച്ചുതെറിപ്പിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സിയ തന്നെ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. വീഡിയോ വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഇന്‍സ്റ്റാഗ്രാം വീഡിയോയും വിശദമായി പരിശോധിച്ച ശേഷം, 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വധശ്രമക്കുറ്റം (ഭാരതീയ ന്യായ സംഹിത വകുപ്പ് 109) പൊലീസ് എഫ്.ഐ.ആറില്‍ പുതുതായി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇതൊരു മനഃപൂര്‍വ്വമുള്ള ആക്രമണമല്ലെന്നും വെറുമൊരു റോഡപകടം മാത്രമാണെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ നവീന്‍ ബൈന്‍സ്ല അവകാശപ്പെടുന്നത്. 'അവര്‍ ബൈക്ക് റൈഡര്‍മാരായിരുന്നു, എന്റെ സുഹൃത്തിനെ (പ്രതിയെ) അവര്‍ നിരന്തരം റേസിംഗിനായി വെല്ലുവിളിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു. മുന്നോട്ട് പോകാനായി കാറിന്റെ വേഗത കൂട്ടിയപ്പോള്‍ യു-ടേണിന് സമീപം വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കില്‍ തട്ടുകയായിരുന്നു,' എന്നാണ് അഭിഭാഷകന്റെ വാദം.
പ്രതികളുടെ വാദങ്ങളെ പൂര്‍ണമായി തള്ളിക്കൊണ്ട് സിയ ഇന്‍സ്റ്റാഗ്രാമില്‍ പുതിയ വീഡിയോയുമായി രംഗത്തെത്തി. മാനസിക സമ്മര്‍ദ്ദവും കടുത്ത പേശിവേദനയും കാരണം സിയ ചികിത്സയിലാണ്.'അവര്‍ക്ക് എന്തും ന്യായീകരിക്കാം. എന്നാല്‍ റോഡ് ലൈന്‍ മാറുമ്പോള്‍ എത്ര പതുക്കെയാണ് മാറേണ്ടതെന്ന് വീഡിയോയില്‍ വ്യക്തമാണ്. അതൊരു അബദ്ധമായിരുന്നെങ്കില്‍ അവര്‍ വണ്ടി നിര്‍ത്തി നോക്കുമായിരുന്നു. ഇടിച്ചിട്ട് നിര്‍ത്താതെ പോയ പ്രതികള്‍ക്കെതിരെ വധശ്രമം, നിര്‍ത്താതെ പോകല്‍, സ്ത്രീപീഡനം/ഉപദ്രവിക്കല്‍ എന്നീ കടുത്ത വകുപ്പുകള്‍ പ്രകാരം പരമാവധി ശിക്ഷ ഉറപ്പാക്കണം,' സിയയുടെ സഹോദരന്‍ ദീപങ്കര്‍ ചൗഹാന്‍ പ്രതികരിച്ചു.
സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഹരിയാന മന്ത്രി ഗൗരവ് ഗൗതം ഉറപ്പുനല്‍കി. 'കുറ്റവാളി ആരായാലും പിടികൂടിയിരിക്കും. അതിനിനി എന്റെ സ്വന്തം കുടുംബത്തില്‍ നിന്നുള്ള ആളാണെങ്കില്‍ പോലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല,' എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ സെക്ടര്‍ 56 പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ നേരിട്ടെത്തി സിയയുടെ വിശദമായ മൊഴി രേഖപ്പെടുത്തി വരികയാണ്.
ഗുരുഗ്രാമിലെ തിരക്കേറിയ ഗോള്‍ഫ് കോഴ്സ് റോഡിലൂടെ വനിതാ റൈഡറായ സിയ തന്റെ സ്പോര്‍ട്‌സ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. ഈ സമയം പ്രതിയായ കല്യാണ്‍ ബൈന്‍സ്ല ഓടിച്ചിരുന്ന സ്വിഫ്റ്റ് കാര്‍ ബൈക്കിന് തൊട്ടുപിന്നാലെ ഉണ്ടായിരുന്നു. കാറിനുള്ളില്‍ പ്രതിയെ കൂടാതെ മറ്റ് മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നു. വളരെ വേഗത്തില്‍ വന്ന കാര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ഇടതുവശത്തേക്ക് വെട്ടിത്തിരിക്കുകയായിരുന്നു കാര്‍ ഇടതുവശത്തേക്ക് വെട്ടിച്ചപ്പോള്‍ തൊട്ടടുത്ത് റൈഡ് ചെയ്യുകയായിരുന്ന സിയയുടെ ബൈക്കിന്റെ വശത്ത് കാര്‍ ശക്തിയായി ഇടിക്കുകയും, സിയ റോഡിലേക്ക് തെറിച്ചുവീഴുകയുമാണുണ്ടായത്. അപകടം നടന്നിട്ടും പ്രതികള്‍ കാര്‍ നിര്‍ത്താനോ, റോഡില്‍ വീണ സിയയെ സഹായിക്കാനോ തയ്യാറായില്ല. അവര്‍ അതിവേഗത്തില്‍ കാറോടിച്ച് അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.
കാര്‍ വളരെ ക്രൂരമായ രീതിയിലാണ് ബൈക്കിന് നേരെ വെട്ടിത്തിരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സാധാരണ നിലയില്‍ ലെയ്ന്‍ മാറുമ്പോള്‍ കാണിക്കുന്ന യാതൊരു ജാഗ്രതയും ഡ്രൈവര്‍ കാണിച്ചില്ല. ഇടിച്ചിട്ട് നിര്‍ത്താതെ പോയതുകൊണ്ട് തന്നെ ഇത് മനഃപൂര്‍വ്വം അപായപ്പെടുത്താന്‍ ചെയ്തതാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുകയും ദേശീയതലത്തില്‍ വരെ ഇത് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
---------------
Hindusthan Samachar / Sreejith S