മസൂദ് അസ്ഹറിന് പാകിസ്ഥാൻ തലയ്ക്ക് വിലയിട്ടത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രം: ആഞ്ഞടിച്ച് ഇന്ത്യ
Kerala, 15 സെപ്റ്റംബര് (H.S.) ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് തലവനും കൊടുംഭീകരനുമായ മസൂദ് അസ്ഹറിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 70 ലക്ഷം പാകിസ്ഥാനി രൂപ (7 മില്യൺ പികെആർ) പാരിതോഷികം പ്രഖ്യാപിച്ച പാകിസ്ഥാന്റെ നടപടിയെ രൂക്ഷമായി പരിഹസിച്ച് ഇന്ത്യ. അന്താരാഷ്
മസൂദ് അസ്ഹറിന് പാകിസ്ഥാൻ തലയ്ക്ക് വിലയിട്ടത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രം: ആഞ്ഞടിച്ച് ഇന്ത്യ


Kerala, 15 സെപ്റ്റംബര് (H.S.)

ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദ് തലവനും കൊടുംഭീകരനുമായ മസൂദ് അസ്ഹറിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 70 ലക്ഷം പാകിസ്ഥാനി രൂപ (7 മില്യൺ പികെആർ) പാരിതോഷികം പ്രഖ്യാപിച്ച പാകിസ്ഥാന്റെ നടപടിയെ രൂക്ഷമായി പരിഹസിച്ച് ഇന്ത്യ. അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനും വഴിതെറ്റിക്കാനുമുള്ള പാകിസ്ഥാന്റെ വെറും തന്ത്രമാണിതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പൊള്ളയായ പ്രഖ്യാപനങ്ങൾ നടത്തുന്നതിന് പകരം അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാകിസ്ഥാൻ ശക്തവും വ്യക്തവുമായ നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളാണ് പാകിസ്ഥാന്റെ നടപടിയെ നിശിതമായി വിമർശിച്ചത്.

ജനങ്ങളെ കബളിപ്പിക്കാനും വഴിതെറ്റിക്കാനുമുള്ള ഇത്തരം തന്ത്രങ്ങൾ പാകിസ്ഥാന് പുത്തരിയല്ല. മുൻപും നമ്മൾ ഇത്തരം ഗിമ്മിക്കുകൾ ഒരുപാട് കണ്ടിട്ടുണ്ട്. ഭീകരവാദത്തെ ഔദ്യോഗികമായി സ്പോൺസർ ചെയ്യുന്ന ഒരു രാജ്യം ഇത്തരം വ്യാജ പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ അതിന് പിന്നിലെ കാപട്യം എത്രത്തോളമുണ്ടെന്ന് എല്ലാവർക്കും അറിയാം. യാതൊരു പ്രയോജനവുമില്ലാത്ത ഇത്തരം പ്രഖ്യാപനങ്ങൾക്ക് പകരം ഭീകരർക്കെതിരെ ഫലപ്രദമായ നടപടിയെടുക്കാൻ ഇസ്ലാമാബാദ് തയ്യാറാകണം, — രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

എഫ്എടിഎഫ് നടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള 'പുകമറ'

പാകിസ്ഥാന്റെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്ഐഎ) പുറത്തിറക്കിയ പിടികിട്ടാപ്പുള്ളികളുടെ പുതിയ 'റെഡ് ബുക്കിൽ' മസൂദ് അസ്ഹറിന്റെ തലയ്ക്ക് 70 ലക്ഷം രൂപയുടെ വില നിലനിർത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും തടയാൻ പ്രവർത്തിക്കുന്ന ആഗോള സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (FATF) നിർണായക പ്ലീനറി യോഗം ഒക്ടോബർ അവസാന വാരം പാരീസിൽ നടക്കാനിരിക്കെയാണ് പാകിസ്ഥാന്റെ ഈ നീക്കം. എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ വീണ്ടും ഉൾപ്പെടാതിരിക്കാനും അന്താരാഷ്ട്ര നിരീക്ഷണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുമുള്ള ശ്രമമായാണ് ഇന്ത്യ ഇതിനെ വിലയിരുത്തുന്നത്.

ഇന്ത്യ തേടുന്ന കൊടുംകുറ്റവാളി

2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2016-ലെ പഠാൻകോട്ട് വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ആക്രമണം, 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ച 2019-ലെ പുൽവാമ ഭീകരാക്രമണം എന്നിവയുൾപ്പെടെ നിരവധി ഭീകരാക്രമണങ്ങളുടെ മുഖ്യസൂത്രധാരനാണ് മസൂദ് അസ്ഹർ. ഇന്ത്യ പാകിസ്ഥാനോട് കൈമാറാൻ ആവശ്യപ്പെട്ട 20 കൊടും കുറ്റവാളികളുടെ പട്ടികയിൽ പ്രമുഖനാണ് ഇയാൾ.

മസൂദ് അസ്ഹറിന് പാകിസ്ഥാൻ തന്നെ സുരക്ഷിത താവളമൊരുക്കിയിരിക്കുകയാണെന്ന് ഇന്ത്യ നിരന്തരം അന്താരാഷ്ട്ര വേദികളിൽ ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ അയാൾ അഫ്ഗാനിസ്ഥാനിലേക്ക് കടന്നുവെന്നാണ് പാകിസ്ഥാൻ വാദിക്കുന്നത്; എന്നാൽ ഈ വാദം അഫ്ഗാനിലെ താലിബാൻ ഭരണകൂടം മുൻപേ തള്ളിക്കളഞ്ഞിരുന്നു.

കൂടാതെ, 166 പേരുടെ മരണത്തിനിടയാക്കിയ 2008-ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട 17 ലഷ്കർ-ഇ-തൊയ്ബ ഭീകരർ കഴിഞ്ഞ 18 വർഷമായി ഒളിവിലാണെന്നാണ് എഫ്ഐഎ രേഖകൾ പറയുന്നത്. എന്നാൽ ഈ ഭീകരരെല്ലാം പാകിസ്ഥാനിൽ സുരക്ഷിതരായി കഴിയുകയാണെന്നും അന്താരാഷ്ട്ര പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ പാകിസ്ഥാൻ പേരിന് റെഡ് ബുക്കിൽ ഇവരുടെ പേരുകൾ നിലനിർത്തുക മാത്രമാണ് ചെയ്യുന്നതെന്നും ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.

---------------

Hindusthan Samachar / Roshith K


Latest News