Enter your Email Address to subscribe to our newsletters

Kochi, 15 സെപ്റ്റംബര്‍ (H.S.)
മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. വഞ്ചനാക്കേസ് നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ കോടതി കേസിലെ വിചാരണ നടപടികള്‍ ആരംഭിക്കാമെന്നും ഉത്തരവിട്ടു. കേസിന്റെ വിചാരണ തടയാനും കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നത് ഒഴിവാക്കാനും അഗസ്റ്റിന്‍ സഹോദരന്മാര്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഉത്തരവിട്ടത്.
ഈ മാസം 22 മുതല്‍ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് കേസിന്റെ വിചാരണ നടപടികളിലേക്ക് കടക്കാവുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചരണ പൂര്‍ത്തിയാക്കാന്‍ സമയപരിധിയും ഹൈക്കോടതി നിര്‍ദ്ദേശിച്ചു ആറു മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് വിചാരണക്കോടതിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
വയനാട് മുട്ടിലില്‍ നിന്ന് മുറിച്ച തടികള്‍ കൊണ്ടുവന്ന് എറണാകുളത്തെ കിഴക്കമ്പലത്തുള്ള 'മലബാര്‍ ടിംമ്പേഴ്‌സി'ലാണ് വില്‍പന നടത്തിയത്. എന്നാല്‍ തങ്ങളെ വഞ്ചിച്ചാണ് തടികള്‍ വിറ്റതെന്ന് വ്യക്തമാക്കി ടിംബര്‍ ഡിപ്പോ ഉടമയായ അലിയാര്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്പലമേട് പോലീസാണ് വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ ഈ കേസിലെ വിചാരണ നടപടികളാണ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ ആരംഭിക്കാന്‍ പോകുന്നത്.
കേസിലെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന ഘട്ടമെത്തിയപ്പോള്‍ കോടതിയില്‍ ഹാജരാകാതെ മാറിനില്‍ക്കാനുള്ള നീക്കങ്ങള്‍ പ്രതികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. തുടര്‍ച്ചയായി ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട് അടക്കം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പിന്നീട് കോടതിയില്‍ നേരിട്ട് ഹാജരായി കീഴടങ്ങിയാണ് പ്രതികള്‍ വാറണ്ട് പിന്‍വലിപ്പിച്ചത്. ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ പ്രതികള്‍ക്ക് ഇനി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതടക്കമുള്ള വിചാരണ നടപടികളുമായി സഹകരിക്കേണ്ടിവരും.
---------------
Hindusthan Samachar / Sreejith S