Enter your Email Address to subscribe to our newsletters

Washington, 15 സെപ്റ്റംബര് (H.S.)
വാഷിംഗ്ടൺ: ബഹിരാകാശത്ത് ശത്രുക്കളെ പ്രതിരോധിക്കുന്നതിനും ആക്രമിക്കുന്നതിനുമുള്ള അത്യാധുനിക ആയുധം വിന്യസിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് അമേരിക്ക. ഇതാദ്യമായാണ് ബഹിരാകാശ ഭ്രമണപഥത്തിൽ ആക്രമണ ശേഷിയുള്ള ആയുധ സംവിധാനങ്ങൾ (on-orbit weapons) സ്ഥാപിച്ചിട്ടുണ്ടെന്ന കാര്യം അമേരിക്ക ഔദ്യോഗികമായി പരസ്യപ്പെടുത്തുന്നത്. ശത്രുരാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ തടയാനും യുഎസ് സൈനിക വിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഇത്തരം ആയുധങ്ങൾ അനിവാര്യമാണെന്ന് യു.എസ് എയർഫോഴ്സ് സെക്രട്ടറി ട്രോയ് മെയ്ങ്ക് വ്യക്തമാക്കി.
മേരിലാൻഡിലെ നാഷണൽ ഹാർബറിൽ നടന്ന വാർഷിക ‘എയർ, സ്പേസ് ആൻഡ് സൈബർ കോൺഫറൻസി’ലാണ് ട്രോയ് മെയ്ങ്ക് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. ബഹിരാകാശത്ത് വിന്യസിച്ചിരിക്കുന്നത് ഏത് തരത്തിലുള്ള ആയുധമാണെന്നോ അതിന്റെ സാങ്കേതിക വിവരങ്ങളോ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, വർധിച്ചുവരുന്ന പുതിയ സുരക്ഷാ ഭീഷണികളെ നേരിടാനും ‘സ്പേസ് കൺട്രോൾ’ (ബഹിരാകാശ നിയന്ത്രണം) നിലനിർത്താനും ഈ സംവിധാനം ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മിസൈലുകൾ അടക്കമുള്ള വ്യോമാക്രമണ ഭീഷണികളിൽ നിന്ന് യുഎസിനെ സംരക്ഷിക്കാൻ ട്രംപ് ഭരണകൂടം വിഭാവനം ചെയ്ത 'ഗോൾഡൻ ഡോം' മിസൈൽ പ്രതിരോധ പദ്ധതിയുടെ ഭാഗമായി കൂടിയാണ് ബഹിരാകാശത്തെ ഈ പുതിയ വിന്യാസം.
പ്രത്യാക്രമണത്തിനും പ്രതിരോധത്തിനും ഉപയോഗിക്കാം: സ്പേസ് ഫോഴ്സ്
ശത്രുപക്ഷത്തു നിന്നുള്ള ഏത് അടിയന്തര നീക്കങ്ങളെയും ഫലപ്രദമായി ചെറുക്കാൻ അമേരിക്കൻ സേനയ്ക്ക് പര്യാപ്തമായ ‘ഓൺ-ഓർബിറ്റ് സ്പേസ് കൺട്രോൾ’ ആയുധങ്ങൾ നിലവിലുണ്ടെന്ന് യു.എസ് സ്പേസ് ഫോഴ്സ് വക്താവ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ബഹിരാകാശ മേഖലയിലെ തങ്ങളുടെ നിയന്ത്രണം നിലനിർത്താൻ ശത്രുക്കളുടെ ശേഷികളെ തകർക്കാൻ സാധിക്കുന്ന കൈനറ്റിക് (ഭൗതികമായി തകർക്കുന്നവ), നോൺ-കൈനറ്റിക് (ലേസർ, സൈബർ, ജാമിങ് തുടങ്ങിയവ) സാങ്കേതികവിദ്യകൾ ഇതിലുൾപ്പെടുന്നു. ആവശ്യമെങ്കിൽ പ്രതിരോധത്തിന് മാത്രമല്ല, പ്രത്യാക്രമണങ്ങൾക്കും ഇവ ഉപയോഗിക്കാൻ സാധിക്കുമെന്ന് അമേരിക്ക അറിയിച്ചു.
റഷ്യയും ചൈനയും ഉയർത്തുന്ന ഭീഷണി
അമേരിക്കയുടെ പ്രധാന ഭൗമരാഷ്ട്രീയ എതിരാളികളായ ചൈനയും റഷ്യയും ബഹിരാകാശത്ത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. തങ്ങളുടെ സൈനിക നവീകരണത്തിന്റെ ഭാഗമായി ചൈന ബഹിരാകാശ-പ്രതിരോധ ശേഷികൾ അതിവേഗം വികസിപ്പിക്കുന്നുണ്ട്. ബഹിരാകാശത്തെ ഒരു പ്രധാന യുദ്ധരംഗമായാണ് റഷ്യ കാണുന്നതെന്നും ഭാവിയിലെ യുദ്ധങ്ങളിൽ ബഹിരാകാശ ആധിപത്യം നിർണായക ഘടകമാകുമെന്ന് അവർ കണക്കുകൂട്ടുന്നതായും യു.എസ് സ്പേസ് ഫോഴ്സ് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ ഭാഗത്തുനിന്നുള്ള പ്രതിരോധ നീക്കം.
1967-ലെ ബഹിരാകാശ ഉടമ്പടിയും പുതിയ ആയുധ മത്സരവും
1957-ൽ സ്പുട്നിക് വിക്ഷേപിച്ചതു മുതൽ തന്നെ ബഹിരാകാശത്തെ സൈനികവൽക്കരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. ശീതയുദ്ധകാലത്ത് ആണവായുധങ്ങൾ ബഹിരാകാശത്ത് സ്ഥാപിക്കുന്നത് തടയാൻ 1967-ൽ ഒപ്പുവെച്ച അന്താരാഷ്ട്ര ഉടമ്പടിയായ ‘ഔട്ടർ സ്പേസ് ട്രീറ്റി’ (Outer Space Treaty) ഭ്രമണപഥത്തിൽ വൻ നശീകരണ ശേഷിയുള്ള ആയുധങ്ങൾ (WMD) സ്ഥാപിക്കുന്നത് പൂർണ്ണമായി വിലക്കുന്നുണ്ട്. എന്നാൽ, മറ്റ് പരമ്പരാഗത ആയുധങ്ങൾക്കോ അല്ലെങ്കിൽ ഉപഗ്രഹങ്ങളെ തകർക്കുന്ന ആന്റി-സാറ്റലൈറ്റ് സംവിധാനങ്ങൾക്കോ ഇതിൽ വ്യക്തമായ വിലക്കുകളില്ല. ഇതിനെത്തുടർന്ന് അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ വൻശക്തികളെല്ലാം ഉപഗ്രഹ ആശയവിനിമയങ്ങളെയും നിരീക്ഷണ സംവിധാനങ്ങളെയും തകർക്കാനുള്ള സാങ്കേതികവിദ്യകൾ രഹസ്യമായും പരസ്യമായും വികസിപ്പിച്ചെടുക്കുന്നുണ്ട്. അമേരിക്ക ഇപ്പോൾ ഔദ്യോഗികമായി ഒരു ആയുധം ഭ്രമണപഥത്തിൽ വിന്യസിച്ചതായി സമ്മതിച്ചതോടെ, ബഹിരാകാശത്തെ ആയുധമത്സരം ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
---------------
Hindusthan Samachar / Roshith K