ആലുവയിൽ പ്രവാസിക്ക് നേരെ ക്രൂര ആക്രമണം: പണവും സ്വർണവും കവർന്ന മൂന്നംഗ സംഘം പിടിയിൽ
Aluva, 16 സെപ്റ്റംബര് (H.S.) റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് കോടനാട് സ്വദേശിയായ പ്രവാസി യുവാവിനെ ക്രൂരമായി ആക്രമിച്ച് പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വ
NRI YOUTH ATTACKED IN ALUVA


Aluva, 16 സെപ്റ്റംബര് (H.S.)

റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് കോടനാട് സ്വദേശിയായ പ്രവാസി യുവാവിനെ ക്രൂരമായി ആക്രമിച്ച് പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ (38), തിരുവനന്തപുരം പള്ളിക്കൽ സ്വദേശി സജാദ് ഷാജഹാൻ (25), നെടുമ്പാശേരി മേക്കാട് മാളിയേക്കൽ വീട്ടിൽ ജോബി (44) എന്നിവരാണ് പിടിയിലായത്.

സെപ്റ്റംബർ 13ന് പുലർച്ചെ 3.30ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കോടനാട് സ്വദേശിയായ ജോഫിൻ ജിജുവിനെയാണ് (28) പ്രതികൾ ക്രൂരമായി മർദിച്ചത്. തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തിയ ശേഷം വാരിയെല്ലുകൾ തകർക്കുകയും കനാലിലേക്ക് ചവിട്ടിയിടുകയുമായിരുന്നു.

തുടർന്ന് പണവും സ്വർണമാലയും കവർന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൃത്യം നടക്കുമ്പോൾ ദൃക്സാക്ഷികൾ ആരും തന്നെ സ്ഥലത്തില്ലാതിരുന്നത് കേസ് അന്വേഷണത്തിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ പരിക്കേറ്റ പ്രവാസി നൽകിയ സൂചനകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.

അന്വേഷണത്തിൽ വെല്ലുവിളിജില്ലാ പൊലീസ് മേധാവി കെഎസ് സുദർശൻ്റെ കർശന നിർദേശത്തെ തുടർന്ന് മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു പൊലീസിൻ്റെ നീക്കം. പ്രദേശത്തെ സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചും രാത്രികാല ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരടക്കം നൂറോളം പേരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പൊലീസിന് പ്രതികളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചത്.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രധാന പ്രതിക്കായി പൊലീസ് വലവീശിയെങ്കിലും ഇയാൾ ഫോൺ കാസർകോട് ഉപേക്ഷിച്ച് കൊല്ലൂരിലേക്ക് കടക്കാൻ ശ്രമിച്ചു. പിന്നീട് ഇയാൾ പെരുമ്പാവൂർ ഭാഗത്തേക്ക് മടങ്ങിയെത്തിയതായി മനസ്സിലാക്കിയ ആലുവ ഡിവൈഎസ്പി ബൈജു പൗലോസിൻ്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ പക്കൽ നിന്നും ആക്രമണത്തിന് ഉപയോഗിക്കുന്ന സർജിക്കൽ ബ്ലേഡ് അടക്കമുള്ള മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു.

സ്വർണമാല വിൽക്കാൻ പദ്ധതിപരാതിക്കാരനിൽ നിന്ന് കവർന്ന സ്വർണമാല വിൽക്കാൻ ഏൽപ്പിച്ചിരുന്ന മൂന്നാം പ്രതി ജോബിയെ അങ്കമാലിയിൽ നിന്നും സജാദ് ഷാജഹാനെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നുമാണ് എസ്എച്ച്ഒ രഞ്ജിത്ത് മാത്യുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരിൽ നിന്ന് കവർച്ച ചെയ്ത മാലയും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. പിടിയിലായ ഒന്നും രണ്ടും പ്രതികൾക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

കേസിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പങ്കുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരുത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. ഡിവൈഎസ്പി ബൈജു പൗലോസ്, സിഐ പിഎം ഷമീർ, എസ്ഐമാരായ രഞ്ജിത്ത് മാത്യു, അനൂപ്, സജീഷ്, എഎസ്ഐ സുനിൽകുമാർ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മനോജ്, ഷഹീൻ, ഷിബിൻ, അനിൽജിത്ത്, ശ്രീരാജ്, രജീഷ് അരവിന്ദ് എന്നിവരടങ്ങുന്ന സംഘമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതികളെ വലയിലാക്കിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News