Enter your Email Address to subscribe to our newsletters

Kozhikode , 16 സെപ്റ്റംബര് (H.S.)
തെരഞ്ഞെടുപ്പ് തിരിച്ചടികളുടെ പശ്ചാത്തലത്തിൽ വീഴ്ചകൾ പരിഹരിച്ച് മുന്നോട്ടുപോകാൻ ലക്ഷ്യമിട്ട് മൂന്നു ദിവസം നീണ്ടുനിന്ന സിപിഎമ്മിന്റെ വിശാല സംസ്ഥാന കമ്മിറ്റി യോഗം സമാപിച്ചു. എന്നാൽ, പാർട്ടി യഥാർത്ഥത്തിൽ നിർണായകവും ആഴത്തിലുള്ളതുമായ അഴിച്ചുപണികൾക്കും തിരുത്തലുകൾക്കും തയ്യാറായോ എന്ന ചോദ്യം രാഷ്ട്രീയ നിരീക്ഷകർക്കിടയിലും പാർട്ടി പ്രവർത്തകർക്കിടയിലും സജീവമാകുകയാണ്.
നേതാക്കൾ നിർഭയം അഭിപ്രായങ്ങൾ പറയണമെന്നും ചവിട്ടി തിരുമൽ തന്നെ വേണ്ടിവരുമെന്നും ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തിരുന്നുവെങ്കിലും, ചർച്ചകളിൽ പല നിർണായക വിഷയങ്ങളും വേണ്ടത്ര ആഴത്തിൽ പരിഗണിക്കപ്പെട്ടില്ലെന്ന വിമർശനമാണ് ഉയരുന്നത്.
എന്നാൽ എങ്ങനെ നമ്മൾ തോറ്റുവെന്ന ചോദ്യങ്ങൾക്ക് ലളിതമായെങ്കിലും ഒരു പരിഹാരം ഉണ്ടായില്ല എന്നതാണ് യാഥാർഥ്യം. അതായത് ജനം ആഗ്രഹിച്ച രീതിയിലുള്ള ഒരു അടിമുടി തിരുത്തൽ യോഗത്തിൽ ഉണ്ടായില്ല എന്നർഥം. യഥാർഥത്തിൽ നടക്കേണ്ടിയിരുന്നത് ഒരു പ്ലീനമായിരുന്നു. അപ്പോൾ കേന്ദ്ര കമ്മിറ്റി ഒന്നടങ്കം ഇടപെടും എന്ന് മനസിലാക്കിയതോടെ അത് വിശാല കമ്മിറ്റിയാക്കി.സ്ഥിരം വേദിയും മാറ്റി. എന്നാൽ കാര്യപരിപാടികൾ നടന്നതെല്ലാം സമ്മേളനം പോലെ. സംസ്ഥാന സെക്രട്ടറിയേറ്റിൽ അഴിച്ചു പണി, സമിതിയിലേക്ക് പുതുമുഖങ്ങൾ. എന്നാൽ നേതൃ മാറ്റം ഉണ്ടായോ എന്ന് ചോദിച്ചാൽ സെക്രട്ടറി പറഞ്ഞത് പോലെ ഇല്ല.
ഡോ. തോമസ് ഐസക്, ടിപി രാമകൃഷ്ണൻ എന്നിവരാണ് ഒഴിവാക്കപ്പെട്ടത്. ഇതിൽ ടിപി രാമകൃഷ്ണന് 76 വയസായപ്പോൾ, തോമസ് ഐസക്കിന് 73 ആയിട്ടേയുള്ളൂ. അടുത്തിടെ തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് ഐസക് നടത്തിയ വിമർശനങ്ങൾ വലിയ ചർച്ചയായിരുന്നു. ജനങ്ങൾ നൽകിയ ‘ഷോക്ക് ട്രീറ്റ്മെന്റ്’ ആണ് തോൽവിയെന്നും, പാർട്ടി നേതാക്കളെ പിടികൂടിയ അഹങ്കാരവും സഹകരണ അഴിമതിയുമാണ് തിരിച്ചടിക്ക് കാരണമായതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഈ വിമർശനങ്ങൾ ഉന്നയിച്ച നേതാവ് തന്നെ സെക്രട്ടേറിയറ്റിൽ നിന്ന് പുറത്തായി എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ നാല് സംസ്ഥാന സമ്മേളനങ്ങൾ നടക്കുമ്പോൾ താൻ കേന്ദ്ര കമ്മിറ്റിയിലുണ്ടെന്നും 2008ന് മുമ്പുള്ള സമ്മേളനത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടതെന്നും തോമസ് ഐസക്ക് പറഞ്ഞു. എന്നാൽ എന്തുകൊണ്ട് ഈ ഒരു പ്രത്യേക വിശാല കമ്മിറ്റിയിൽ താങ്കൾ ഒഴിവാക്കപ്പെട്ടുവെന്ന ചോദ്യത്തോട് -തനിക്ക് സ്ഥാനമാനങ്ങളിൽ തുടരുന്നതിൽ പ്രത്യേകിച്ച് ചിന്തകളും ആഗ്രഹങ്ങളും ഒന്നുമില്ല, പുതിയ ആളുകൾ വരുമ്പോൾ അവർക്ക് അവസരവും സ്ഥാനവും ലഭിക്കേണ്ടതുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിനും പാർട്ടി സംസ്ഥാന നേതൃത്വത്തിനും പുതിയ ഉന്മേഷവും മുഖങ്ങളും വരേണ്ടതുണ്ട്, ആ തരത്തിലുള്ള അനക്കം ഉണ്ടാകേണ്ടതാണ്, അത് സംഭവിച്ചു ഐസക് പ്രതികരിച്ചു.
വി.ശിവൻകുട്ടി, എംബി രാജേഷ്, പി ജയരാജൻ എന്നിവരാണ് സെക്രട്ടേറിയറ്റിലേക്ക് പുതുതായി എത്തിയത്. വി ശിവൻകുട്ടി, എംബി രാജേഷ് എന്നിവർ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളും തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരുമാണ്. ശിവൻകുട്ടിയെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പരിഹാരമായാണ്. എംബി രാജേഷ് മുമ്പ് തന്നെ സെക്രട്ടേറിയറ്റിൽ എത്തേണ്ടയാളായിരുന്നു.
എന്നാൽ പി.ജയരാജന്റെ വരവ് കണ്ണൂരിലെ പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ ഓളമാണ് ഉണ്ടാക്കിയിരിക്കുന്നത്. പാർട്ടി കോട്ടയിൽ നേരിടുന്ന പ്രതിസന്ധികളും തിരിച്ചടികളും കണക്കിലെടുത്ത് ജയരാജന്റെ സജീവ പങ്കാളിത്തം അനിവാര്യമായതിനാലാണ് ഈ നീക്കം. ഈ നീക്കത്തെ ഒരു തിരുത്തൽ നടപടിയായി കണക്കാക്കപ്പെടുന്നുണ്ട്.
ഒപ്പം എൻ.സുകന്യയെ സംസ്ഥാന സമിതിയിലേക്ക് എടുത്തത് തളിപ്പറമ്പ് മേഖലയിലെ സംഘടനാപരമായ തിരിച്ചടികൾ കണക്കിലെടുത്തുള്ള തിരുത്തൽ നടപടിയാണ്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതൃത്വ മാറ്റത്തിനോ പരസ്യമായ വലിയ ശകാരങ്ങൾക്കോ പാർട്ടി തയ്യാറായിട്ടില്ല. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് ശാസന ഉണ്ടായെന്ന വാർത്തകൾ പുറത്തുവന്നെങ്കിലും അത് പരസ്യമായ തിരുത്തൽ നടപടിയായി മാറിയിട്ടില്ല. പ്രധാന തീരുമാനങ്ങൾ പലതും ചില അഡ്ജസ്റ്റുമെന്റുകളിൽ മാത്രമായി ഒതുങ്ങി.
കൂടാതെ ഇഡി കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന് മന്ത്രി മുഹമ്മദ് റിയാസിനും പൂർണ പിന്തുണ നൽകി കൂടെ നിൽക്കാനാണ് പാർട്ടി തീരുമാനം.ചുരുക്കത്തിൽ തിരുത്തൽ നടപടികൾ എന്ന പേരിൽ വലിയ ചർച്ചകൾ നടന്നെങ്കിലും, പാർട്ടിയിൽ വലിയൊരു അധികാര മാറ്റമോ നയപരമായ ആഴത്തിലുള്ള മാറ്റമോ സംഭവിക്കുന്നില്ല. കേന്ദ്ര നേതൃത്വത്തിന് പോലും കേരള ഘടകത്തിന്മേൽ പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ, പാർട്ടി ഇപ്പോഴും നിലവിലുള്ള നേതൃത്വത്തിന്റെ പിടിയിൽ തന്നെ തുടരുന്നു എന്നാണ് ഈ വിശാല സംസ്ഥാന സമിതി അവസാനിക്കുമ്പോൾ വ്യക്തമാകുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR