Enter your Email Address to subscribe to our newsletters

Wayanad , 16 സെപ്റ്റംബര് (H.S.)
വയനാടിനായി ഇനിയും ഒട്ടേറെ കാര്യങ്ങൾ ബാക്കിയാക്കിയാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ. വലിയ ദുരന്തങ്ങളെയും പ്രതിസന്ധികളെയും അതിജീവിക്കാൻ വയനാടിന് കഴിഞ്ഞതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് അവർ വ്യക്തമാക്കി. വയനാടിന്റെ മുപ്പത്തിയാറാമത് ജില്ലാ കലക്ടറായി ചെൽസാ സിനി ചുമതലയേൽക്കുന്നതിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
മഹാദുരന്തങ്ങളുടെ കാലഘട്ടത്തിൽ ജില്ലയെ നയിക്കാൻ കഴിഞ്ഞത് വലിയൊരു ഉത്തരവാദിത്തമായിരുന്നുവെന്നും ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങളിൽ ജനങ്ങളും ഭരണകൂടവും നൽകിയ പിന്തുണ വലുതാണെന്നും അവർ ഓർത്തെടുത്തു.
സ്ഥാനമൊഴിയുന്നതിന് മുൻപ് കലക്ടറേറ്റിൽ ഒരിക്കൽ കൂടി എത്തിയപ്പോൾ മേഘശ്രീക്കൊപ്പം കുടുംബവും ഇരുപത്തിയൊന്ന് ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞും ഉണ്ടായിരുന്നു. ഭർത്താവ് വിക്രം സിംഹ, മക്കളായ വിസ്മയ, ദൃതി എന്നിവർ കലക്ടറുടെ വാക്കുകൾ അഭിമാനത്തോടെ നോക്കിനിന്നു. വയനാട്ടിൽ കലക്ടറായി ചുമതലയേൽക്കുമ്പോൾ രണ്ട് പെൺകുട്ടികളുടെ അമ്മയായിരുന്നു ഡി.ആർ മേഘശ്രീ.
പ്രതിസന്ധികളിൽ താങ്ങായി
കർണാടക സ്വദേശിയായ ഡി.ആർ മേഘശ്രീ 2024 ജൂലൈ പതിനേഴിനാണ് വയനാടിൻ്റെ മുപ്പത്തിയഞ്ചാമത് കലക്ടറായി ചുമതലയേറ്റത്. രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് രാജ്യത്തെ നടുക്കിയ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ഉണ്ടാകുന്നത്. മണിക്കൂറുകൾക്കകം ദുരന്തമുഖത്തെത്തിയ കലക്ടർ ആഴ്ചകളോളം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മാസങ്ങൾക്കകം തന്നെ പുനരധിവാസ പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കാൻ അവർക്ക് കഴിഞ്ഞു.
നൂറുകണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ട വലിയൊരു ദുരന്തത്തിൽ പകച്ചുനിൽക്കാതെ ഭരണസംവിധാനങ്ങളെ ഏകോപിപ്പിക്കാൻ അവർക്ക് സാധിച്ചു. ദുരന്തബാധിത കുടുംബങ്ങളുമായി വൈകാരികമായ അടുപ്പം സൂക്ഷിക്കാനും അവർ ശ്രദ്ധിച്ചിരുന്നു. ഇതിനിടെ നടന്ന തിരഞ്ഞെടുപ്പുകളും ജില്ലയിലെ പ്രധാന പ്രശ്നമായ മനുഷ്യ വന്യജീവി സംഘർഷം ഉൾപ്പെടെയുള്ള വിഷയങ്ങളും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കലക്ടർക്ക് സാധിച്ചു.
നിറവയറോടെ ദുരന്തമുഖത്ത്
കലക്ടർ എന്ന നിലയിൽ രണ്ടുവർഷം തികയുന്നതിന് മുൻപാണ് വീണ്ടും കള്ളാടി മണ്ണിടിച്ചിൽ ദുരന്തം ഉണ്ടാകുന്നത്. ഒന്നിനുപുറകെ ഒന്നായി ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും സധൈര്യം അവയെയെല്ലാം നേരിടാൻ അവർക്ക് കഴിഞ്ഞു. മൂന്നാമതും ഗർഭിണിയായിരിക്കെയാണ് ഈ ദുരന്തം സംഭവിക്കുന്നത്. ഗർഭാവസ്ഥയിൽ നിറവയറോടെ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ഏറെ ശ്രദ്ധനേടിയിരുന്നു. ആർജവത്തോടെയും ഇച്ഛാശക്തിയോടെയുമാണ് അവർ നാടിനെ നയിച്ചത്.
രണ്ടുവർഷത്തിന് ഇപ്പുറം ജില്ലാ കലക്ടർ എന്ന നിലയിൽ ചുമതല ഒഴിയുമ്പോൾ ചാരിതാർഥ്യവും അഭിമാനവും സന്തോഷവുമുണ്ടെന്ന് അവർ പറഞ്ഞു. എന്നാൽ ആഗ്രഹിച്ച ഒട്ടേറെ കാര്യങ്ങൾ ദുരന്തങ്ങൾ ആവർത്തിച്ചതിനാൽ ചെയ്യാൻ കഴിയാത്തതിലുള്ള ദുഃഖവും കലക്ടർ മറച്ചുവച്ചില്ല. വയനാട്ടിലേക്ക് വരുമ്പോൾ എന്തെല്ലാം ചെയ്യാൻ ആഗ്രഹിച്ചുവോ, അതിനേക്കാളേറെ വയനാട് തനിക്ക് തിരിച്ചുനൽകിയെന്ന് ഡി.ആർ മേഘശ്രീ വ്യക്തമാക്കി.
പ്രതിസന്ധികളും അനുഭവങ്ങളും പാഠമായി. അംഗീകാരങ്ങളും വയനാട് നൽകിയ സ്നേഹവും തൻ്റെ ആത്മവിശ്വാസം ഉയർത്തിയെന്നും അവർ കൂട്ടിച്ചേർത്തു. പുതിയതായി ചുമതലയേൽക്കുന്ന ചെൽസാ സിനിക്ക് എല്ലാവിധ ആശംസകളും നേർന്നുകൊണ്ടാണ് ഡി.ആർ മേഘശ്രീ പടിയിറങ്ങുന്നത്. ഭരണപരമായ കാര്യങ്ങളിൽ പുതിയ കലക്ടർക്ക് മികച്ച രീതിയിൽ മുന്നോട്ടുപോകാൻ കഴിയുമെന്ന വിശ്വാസവും അവർ പങ്കുവച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR