മൂന്നാറിൽ കൃത്രിമ ‘ആനത്താര’ ഉണ്ടാക്കി കുടിയൊഴിപ്പിക്കാൻ ശ്രമമെന്ന് കിഫ; വനപാലകരും പരിസ്ഥിതിവാദികളും ചേർന്ന് വ്യാജ കണക്കുകൾ ഉണ്ടാക്കുന്നതായി ആരോപണം
Idukki , 16 സെപ്റ്റംബര് (H.S.) ആനത്താരകൾ ഔദ്യോഗികമായി നിലവിലില്ലെന്നിരിക്കെ, മൂന്നാർ ഉൾപ്പെടെയുള്ള ജനവാസ മേഖലകളിൽ കൃത്രിമമായി ‘ആനത്താരകൾ’ സൃഷ്ടിച്ച് കർഷകരെ കുടിയൊഴിപ്പിക്കാൻ നീക്കം നടക്കുന്നതായി ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ). സുപ്രീം
ELEPHANT CORRIDOR KERALA


Idukki , 16 സെപ്റ്റംബര് (H.S.)

ആനത്താരകൾ ഔദ്യോഗികമായി നിലവിലില്ലെന്നിരിക്കെ, മൂന്നാർ ഉൾപ്പെടെയുള്ള ജനവാസ മേഖലകളിൽ കൃത്രിമമായി ‘ആനത്താരകൾ’ സൃഷ്ടിച്ച് കർഷകരെ കുടിയൊഴിപ്പിക്കാൻ നീക്കം നടക്കുന്നതായി ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ).

സുപ്രീം കോടതി ഉത്തരവിന്റെ മറവിൽ ചില വനംവകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതിവാദികളും ചേർന്ന് ഇതിനായി തെറ്റായ കണക്കുകൾ നിർമ്മിക്കുകയാണെന്ന് സംഘടന ആരോപിച്ചു.

രണ്ട് പ്രധാന വനമേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും ആനകളുടെ ഋതുപരമായ കുടിയേറ്റത്തിനായി ഉപയോഗിക്കുന്നതുമായ സ്വാഭാവിക ഇടനാഴികളെയാണ് നിയമാനുസൃതമായി 'ആനത്താര' എന്ന് നിർവചിക്കുന്നത്. എന്നാൽ, ജനങ്ങൾ പാരമ്പര്യമായി താമസിച്ച് കൃഷി ചെയ്യുന്ന ഭൂമിയെപോലും ഇത്തരം ഇടനാഴികളായി ചിത്രീകരിച്ച് ഭൂമി പിടിച്ചെടുക്കാനാണ് ശ്രമം നടക്കുന്നതെന്നും കിഫ വ്യക്തമാക്കി.

എന്നാൽ ആനകൾ ദിവസേന ഭക്ഷണത്തിനും വെള്ളത്തിനുമായി സഞ്ചരിക്കുന്ന എല്ലാ വഴികളും ആനത്താരകളല്ല. ഇന്ത്യയിലാകെ 150-ഓളം ആനത്താരകൾ മാത്രമാണുള്ളത്. വനം വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ആകെയുള്ള ഏഴ് ആനത്താരകളിൽ നാലെണ്ണം വയനാട് മേഖലയിലും ബാക്കിയുള്ളവ സൈലൻ്റ് വാലി ഭാഗത്തുമാണ്. ഇടുക്കിയിലോ തെക്കൻ കേരളത്തിലോ നിലവിൽ ഔദ്യോഗികമായി ഒരു ആനത്താരയും സ്ഥിരീകരിച്ചിട്ടില്ലെന്നും കിഫ വ്യക്തമാക്കുന്നു.

പെരിയാർ മേഖലയിലുള്ള ആനകൾ പ്രാദേശിക വനങ്ങളിൽ മാത്രമാണ് സഞ്ചരിക്കുന്നത്. എന്നാൽ വനത്തിന് പുറത്തെ നാട്ടുകാരുടെ പുരയിടങ്ങളിലൂടെയും കൃഷിയിടങ്ങളിലൂടെയും ആനകൾ ഇറങ്ങുന്ന വഴികളെ ആനത്താരകളായി ചിത്രീകരിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇത് നടപ്പിലായാൽ ഇടുക്കിയിലെ നിരവധിയായ വീടുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവ പൊളിച്ചുമാറ്റപ്പെടുകയും വലിയൊരു വിഭാഗം ജനങ്ങൾ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യും.

പശ്ചിമ ബംഗാളിലെ ഒരു കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരം നടപടികൾക്കായി ജില്ലാ കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. വനം സംരക്ഷിക്കുന്നതിൻ്റെ പേരിൽ കൃത്രിമ ആനത്താരകൾ നിർമ്മിച്ച് ജനങ്ങളെ വഴിയാധാരമാക്കുന്ന നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് പ്രാദേശിക കൂട്ടായ്മകൾ, കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ വ്യക്തമാക്കി.

ഏകവന പദ്ധതിയുടെ മറവിലെ കുടിയൊഴിപ്പിക്കൽ നീക്കങ്ങൾക്കെതിരെ കിഫ

ആനത്താര എന്ന ആശയം ശാസ്ത്രീയ യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലാത്ത കൃത്രിമ നിർമ്മിതിയാണെന്നും ഇതിൻ്റെ മറവിൽ മലയോര കർഷകരെ കുടിയൊഴിപ്പിക്കാനുള്ള ഗൂഢാലോചനകളാണ് നടക്കുന്നതെന്നും ആരോപണം. പരിസ്ഥിതി മൗലികവാദികളും ചില വിദേശ ഫണ്ടിംഗ് സർക്കാരിതര സംഘടനകളും ചേർന്നാണ് ആനകൾക്ക് നിശ്ചിത രേഖീയ സഞ്ചാരപാതയുണ്ടെന്ന തരത്തിലുള്ള കാൽപനിക കഥകൾ പ്രചരിപ്പിച്ചത്.

കോടതി പരാമർശങ്ങളും കർഷകരുടെ ആശങ്കയും വിളകൾ നശിപ്പിക്കപ്പെടുന്നു എന്നതുകൊണ്ട് സംസ്ഥാനങ്ങൾക്ക് ആനത്താരകൾ തടസ്സപ്പെടുത്താനാകില്ലെന്ന സുപ്രീം കോടതിയുടെ സമീപകാല പരാമർശം കർഷകരിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ആനത്താരകളിൽ സർവേ നടത്താനും സഞ്ചാര തടസങ്ങൾ നീക്കാനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ, യാഥാർത്ഥ്യങ്ങൾ കോടതികളെ ബോധ്യപ്പെടുത്തുന്നതിന് പകരം വിദേശ ഫണ്ടിംഗ് ഏജൻസികളുടെ അശാസ്ത്രീയ ഭൂപടങ്ങൾ അടിസ്ഥാനമാക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് കിഫ വ്യക്തമാക്കുന്നത്.

ആനത്താര വാദത്തിൻ്റെ കടയ്ക്കൽ കത്തിവെച്ച് ദേശീയ വന്യജീവി ബോർഡ് ആനത്താര സങ്കൽപം തെറ്റാണെന്ന് തെളിയിക്കുന്ന നിർണായക വെളിപ്പെടുത്തൽ 2024 ഡിസംബറിൽ ചേർന്ന ദേശീയ വന്യജീവി ബോർഡ് യോഗത്തിൽ കർണാടക ചീഫ് വൈൽഡ് ലൈഫ് വാർഡൻ നടത്തിയിട്ടുണ്ട്. റേഡിയോ കോളർ വിവരങ്ങൾ പരിശോധിച്ചതിൽ നിന്ന് ആനകൾ മനുഷ്യർ വരച്ചുണ്ടാക്കിയ ‘ആന ഇടനാഴികളിലൂടെ’യല്ല സഞ്ചരിക്കുന്നതെന്നും ഭക്ഷണവും വെള്ളവും തേടി അനുകൂലമായ വഴികളിലൂടെയാണ് അവ നീങ്ങുന്നതെന്നും അദ്ദേഹം അറിയിച്ചു.

തമിഴ്നാട്ടിലേക്ക് നാടുകടത്തിയ 'അരികൊമ്പൻ' പുതിയ ഭൂവിഭാഗങ്ങളിലേക്ക് തടസമില്ലാതെ സഞ്ചരിച്ചതും ആനകൾക്ക് കൃത്യമായ ഒരു 'റെയിൽപാത' ഇല്ലെന്നതിൻ്റെ വ്യക്തമായ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.എൻജിഒ അജണ്ടയും സാമ്പത്തിക താൽപര്യങ്ങളും രാജ്യത്തെ 150 ആനത്താരകളും 33 ആന സങ്കേതങ്ങളും സർക്കാരോ പാർലമെൻ്റോ പഠനം നടത്തി നിശ്ചയിച്ചതല്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 'വൈൽഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ' എന്ന എൻജിഒ സമർപ്പിച്ച റിപ്പോർട്ടുകൾ കേന്ദ്ര മന്ത്രാലയം നേരിട്ട് അംഗീകരിക്കുകയായിരുന്നു.

സുപ്രീം കോടതിയുടെ സുപ്രധാന നിർദേശം

വിളകൾ നശിപ്പിക്കപ്പെടുന്നു എന്ന കാരണത്താൽ സംസ്ഥാനങ്ങൾക്ക് ആനത്താരകൾ തടസപ്പെടുത്താനാകില്ല. കൂടാതെ, രാജ്യവ്യാപകമായി ആനത്താരകളെക്കുറിച്ച് പുതിയ സർവേ നടത്താനും അവിടെയുള്ള തടസങ്ങളെക്കുറിച്ചും ആനകളുടെ തടസമില്ലാത്ത സഞ്ചാരം ഉറപ്പാക്കാനുള്ള കർശന നടപടികളെക്കുറിച്ചും അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തോട് സുപ്രീം കോടതി നിർദേശിച്ചിരിക്കുകയാണ്.

യഥാർത്ഥ ശാസ്ത്രീയ വസ്തുതകളും ഫീൽഡ് യാഥാർഥ്യങ്ങളും കോടതികൾക്ക് മുന്നിൽ ബോധ്യപ്പെടുത്തുന്നതിന് പകരം, ചില വിദേശ ഫണ്ടിംഗ് എൻജിഒകൾ നൽകുന്ന അശാസ്ത്രീയ ഭൂപടങ്ങളുടെ അടിസ്ഥാനത്തിൽ കർഷകരുടെ ഉപജീവനത്തെയും ജീവനെയും നിസാരവൽക്കരിക്കുന്ന നിലപാടുകൾ ഉണ്ടാകുന്നത് അതീവ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്നാണ് കിഫയുടെ ആരോപണം.

കേരളത്തിലെ ഭീഷണി

കേരളവുമായി ബന്ധപ്പെട്ട ഏഴ് പ്രധാന ആനത്താരകൾ ആണ് ഉള്ളത്. ബേഗൂർ – ബ്രഹ്മഗിരി (കേരളം - കർണാടക),കുദ്രകോട്ടെ – തിരുനെല്ലി (കേരളം), കൊട്ടിയൂർ – പേരിയ (കേരളം), പേരിയ – പന്നിപ്പാട് (കേരളം), നിലമ്പൂർ – അപ്പൻകാപ്പ് (കേരളം), നിലമ്പൂർ കോവിലകം– ന്യൂ അമരമ്പലം (കേരളം - തമിഴ്നാട്), മുതുമല – നിലമ്പൂർ (കേരളം- തമിഴ്നാട്). കേരളത്തിൽ നിലവിലുള്ള 4 ആന സങ്കേതങ്ങളായ വയനാട്, നിലമ്പൂർ, ആനമുടി, പെരിയാർ കേന്ദ്രീകരിച്ച് ഈ കൃത്രിമ ഇടനാഴികൾ അടിച്ചേൽപ്പിച്ച് ജനവാസ മേഖലകളെ പൂർണമായി വനവൽക്കരിക്കാനുള്ള പദ്ധതിയാണിത്.

ഗജശാസ്ത്രവും ചരിത്രപരമായ തെളിവുകളും

പൽകാപ്യ മുനിയുടെ 'ഗജശാസ്ത്രം', നീലകണ്ഠൻ്റെ 'മാതംഗലീല' തുടങ്ങിയ ഭാരതീയ ഗ്രന്ഥങ്ങളിൽ ആനകളുടെ വിഹാരകേന്ദ്രങ്ങളെയും സ്വഭാവങ്ങളെയും കുറിച്ച് വിശദീകരിക്കുന്നുണ്ടെങ്കിലും അവയിലൊന്നും രേഖാ രൂപത്തിലുള്ള 'ആനത്താരകളെ' കുറിച്ച് പരാമർശമില്ല. ‘ഏകവന പദ്ധതി’യും തുടരുന്ന നിയമപോരാട്ടവുംപശ്ചിമഘട്ടത്തെ പൂർണമായി വനവൽക്കരിക്കുന്ന ‘ഏകവന പദ്ധതി’ നടപ്പാക്കാനുള്ള ചവിട്ടുപടിയാണ് ഈ ആനത്താര പ്രചാരണം.

കർഷകരെ ‘കയ്യേറ്റക്കാരായി’ ചിത്രീകരിച്ച് നിയമത്തിന് മുന്നിൽ തളയ്ക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശാസ്ത്രീയ സത്യങ്ങൾ നിരത്തി നിയമപരമായും പൊതുസമൂഹത്തിന് മുന്നിലും പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് കിഫ വ്യക്തമാക്കുന്നു. 'കാട്ടിൽ മതി കാട്ടുനീതി' എന്ന സന്ദേശവുമായാണ് കേരള കിഫ ഈ പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News