Enter your Email Address to subscribe to our newsletters

Kozhikode , 16 സെപ്റ്റംബര് (H.S.)
ആനക്കാംപൊയിൽ കാലമ്പാറ തൂക്കുപാലത്തിന് താഴെ ഇരുവഞ്ഞിപ്പുഴയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം കീഴിശേരി പാടത്തിൽ ചാലിൽ പുറായി ജസ്ന (32) ആണ് മരിച്ചത്.
യുവതിയെ ഒഴുക്കിൽപ്പെട്ട് കാണാതായ സ്ഥലത്തുനിന്ന് ഏകദേശം ഇരുനൂറ് മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്താനായത്. പ്രദേശവാസികളും ഫയർഫോഴ്സും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നുള്ള നിയമനടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇരുവഞ്ഞിപ്പുഴ കാണാൻ ഒൻപത് അംഗങ്ങൾ അടങ്ങുന്ന സംഘത്തിനൊപ്പമാണ് ജസ്ന എത്തിയത്. വനത്തിൽ മഴ പെയ്തതിനെ തുടർന്ന് പുഴയിൽ പെട്ടെന്ന് ചെറിയ തോതിലുള്ള മലവെള്ളപ്പാച്ചിൽ ഉണ്ടാകുകയായിരുന്നു. ഇതോടെ ജസ്ന ഒഴുക്കിൽപ്പെട്ടു. ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചതിനെ തുടർന്ന് പ്രദേശവാസികൾ ഓടിയെത്തി ആദ്യം തിരച്ചിൽ നടത്തിയെങ്കിലും ജസ്നയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് നാട്ടുകാർ ഫയർ യൂണിറ്റിനെ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം ഫയർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ജസ്നയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ഉടൻതന്നെ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലും ഫലമുണ്ടായില്ല. രാത്രിയോടെ ഔദ്യോഗിക തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും ബന്ധുക്കളും നാട്ടുകാരും ചേർന്ന് വീണ്ടും തിരച്ചിൽ നടത്തി. ഇതിൻ്റെ ഫലമായി രാത്രി ഒൻപത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപകടക്കെണിയായി ഇരുവഞ്ഞിപ്പുഴജസ്ന ഒഴുക്കിൽപ്പെട്ട ഭാഗത്ത് നേരത്തെയും നിരവധി പേർ ഒഴുക്കിൽപ്പെട്ടിരുന്നു. വനമേഖലയിൽ നിന്നും ഉത്ഭവിക്കുന്ന പുഴയിൽ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകുന്നതും പാറക്കെട്ടുകൾ നിറഞ്ഞതുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണം. കഴിഞ്ഞ വർഷങ്ങളിൽ നിരവധി പേർ ഇവിടെ ഒഴുക്കിൽപ്പെട്ട് മരിച്ചിട്ടുണ്ട്. അവിടുത്തെ പുഴയെയും കാലാവസ്ഥയെയും അറിയാതെ ആരും പുഴയിൽ ഇറങ്ങരുതെന്നാണ് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നത്. മഴക്കാലത്ത് പശ്ചിമഘട്ടത്തിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പുഴയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയും കുത്തൊഴുക്ക് ഉണ്ടാകുകയും ചെയ്യാറുണ്ട്. ഇത് മൂലം മലവെള്ളപ്പാച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ഇരുവഞ്ഞിപ്പുഴയുൾപ്പെടെ നാരങ്ങാത്തോട്, അരിപ്പാറ വെള്ളച്ചാട്ടം, തോട്ടത്തിൻകടവ് തുടങ്ങിയ ഭാഗങ്ങളിൽ ഒഴുക്കും ആഴമേറിയ കയങ്ങളും കൂടുതലാണ്. ഇവിടെ ഇറങ്ങുന്ന വിനോദസഞ്ചാരികൾ പലപ്പോഴും അപകടത്തിൽപ്പെടുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. പുഴ കാണാൻ എത്തുന്നവർ പുഴയിൽ ഇറങ്ങുമ്പോൾ പ്രാദേശികമായ മുന്നറിയിപ്പുകൾ കർശനമായി പാലിക്കുകയും സുരക്ഷാ ബോർഡുകൾ സ്ഥാപിച്ച ഇടങ്ങളിൽ പുഴയിൽ ഇറങ്ങാതിരിക്കുകയും ചെയ്യേണ്ടതാണ്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അപകട മുന്നറിയിപ്പ് ബോർഡുകൾ കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. അപരിചിതമായ ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥരും നിർദേശിക്കുന്നു. കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ആനക്കാംപൊയിൽ.
അവധി ദിവസങ്ങളിൽ ഉൾപ്പെടെ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്. എന്നാൽ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത പലപ്പോഴും വലിയ ദുരന്തങ്ങൾക്ക് വഴിവയ്ക്കുന്നുണ്ട്. മഴക്കാലത്ത് മലയോര മേഖലകളിലേക്കുള്ള യാത്രകളിൽ വിനോദസഞ്ചാരികൾ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നിരന്തരം നിർദേശം നൽകാറുണ്ട്. എന്നിട്ടും ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണ്. ജസ്നയുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ജന്മനാടായ കീഴിശേരിയിലേക്ക് കൊണ്ടുപോകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR