നിയമസഭാ കൈയാങ്കളി കേസ്: വിചാരണ നടപടികൾ ഈ മാസം 26-ലേക്ക് മാറ്റി; കേസ് ഫയലുകൾ പഠിക്കാൻ പ്രോസിക്യൂഷന് സമയം വേണമെന്ന് ആവശ്യം
Thiruvananthapuram, 16 സെപ്റ്റംബര് (H.S.) സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച 2015-ലെ നിയമസഭാ കൈയാങ്കളി കേസിന്റെ വിചാരണ നടപടികൾ കോടതി വീണ്ടും മാറ്റി. പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി (SPP) ചുമതലയേറ്റ അഡ്വ. സന്തോഷ് കുമാറിന് കേസ്
KERALA ASSEMBLY CASE TRIAL


Thiruvananthapuram, 16 സെപ്റ്റംബര് (H.S.)

സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച 2015-ലെ നിയമസഭാ കൈയാങ്കളി കേസിന്റെ വിചാരണ നടപടികൾ കോടതി വീണ്ടും മാറ്റി. പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി (SPP) ചുമതലയേറ്റ അഡ്വ. സന്തോഷ് കുമാറിന് കേസ് ഫയലുകൾ വിശദമായി പഠിക്കാൻ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തെത്തുടർന്നാണ് നടപടി.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (CJM) കോടതിയുടേതാണ് തീരുമാനം.

കേസ് വീണ്ടും പരിഗണിക്കുന്നതിനായി ഈ മാസം 26-ലേക്ക് മാറ്റി വെച്ചു. മുൻ മന്ത്രിമാരും എം.എൽ.എമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പ്രതിപട്ടികയിലുള്ള കേസിൽ വിചാരണ നടപടികൾ വേഗത്തിലാക്കാൻ നീക്കം നടക്കുന്നതിനിടെയാണ് പ്രോസിക്യൂഷൻ സമയമാവശ്യപ്പെട്ടത്.

കേസ് പരിഗണിച്ചപ്പോൾ ഒന്നാം സാക്ഷിയായ ശാർങ്ഗധരൻ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. എന്നാൽ കേസിൻ്റെ രേഖകളും മുൻകാല ഉത്തരവുകളും പരിശോധിക്കാൻ സാവകാശം വേണമെന്ന് പ്രോസിക്യൂഷൻ അഭ്യർഥിച്ചു. ഇത് അംഗീകരിച്ചാണ് കോടതി പുതിയ വിചാരണ തീയതി നിശ്ചയിച്ചത്. പ്രമുഖ കേസുകളിൽ പ്രോസിക്യൂട്ടറായി പരിചയസമ്പത്തുള്ള അഡ്വ. സന്തോഷ് കുമാർ മുമ്പ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും സർക്കാരിൻ്റെ പബ്ലിക് പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിയമസഭയെ നാണംകെടുത്തിയ സംഭവം2015 മാർച്ച് 13നാണ് കേരള നിയമസഭയെ ഒന്നടങ്കം നാണംകെടുത്തിയ കൈയാങ്കളി അരങ്ങേറിയത്. അന്നത്തെ യുഡിഎഫ് സർക്കാരിൽ ധനമന്ത്രിയായിരുന്ന കെ എം മാണി ബാർ കോഴ ആരോപണം നേരിടുന്ന സാഹചര്യമായിരുന്നു. അദ്ദേഹത്തെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് അന്നത്തെ പ്രതിപക്ഷമായ എൽഡിഎഫ് നിയമസഭയ്ക്കുള്ളിൽ ശക്തമായ പ്രതിഷേധം ഉയർത്തി. പ്രതിഷേധം അക്രമാസക്തമായതോടെ ജനപ്രതിനിധികൾ സ്പീക്കറുടെ വേദിയിലേക്ക് അതിക്രമിച്ചു കയറി. കമ്പ്യൂട്ടറുകൾ, മൈക്കുകൾ, സ്പീക്കറുടെ കസേര ഉൾപ്പെടെയുള്ള പൊതുമുതലുകൾ തകർത്തെറിഞ്ഞു. ഏകദേശം 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് കേസ്.

മുൻ മന്ത്രിമാരായ വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർക്ക് പുറമെ കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരുൾപ്പെടെയുള്ള മുതിർന്ന എൽഡിഎഫ് നേതാക്കളാണ് കേസിലെ പ്രധാന പ്രതികൾ. പ്രതികളോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിരുന്ന ഘട്ടത്തിലാണ് പ്രോസിക്യൂഷനിൽ മാറ്റങ്ങൾ ഉണ്ടാകുന്നതും വിചാരണ നടപടികൾ വീണ്ടും നീളുന്നതും. കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല. ജനപ്രതിനിധികൾക്ക് നിയമസഭയിലുള്ള പരിരക്ഷ ക്രിമിനൽ കുറ്റങ്ങൾക്കുള്ള മറയാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി അന്ന് സർക്കാരിൻ്റെ ഹർജി തള്ളിയത്.

തുടരുന്ന നിയമപോരാട്ടംപൊതുമുതൽ നശീകരണ നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. സുപ്രീം കോടതി വിധിക്ക് പിന്നാലെ തിരുവനന്തപുരം സിജെഎം കോടതി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുകയും വിചാരണ നടപടികളിലേക്ക് കടക്കുകയുമായിരുന്നു. കുറ്റപത്രം വായിച്ചു കേട്ട പ്രതികൾ കുറ്റം നിഷേധിച്ചിരുന്നു.

കേസിൽ പ്രതികൾ നേരത്തെ ജാമ്യം നേടിയിട്ടുണ്ട്. നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സഭയ്ക്കുള്ളിൽ നടന്ന ഒരു സംഘർഷത്തിൽ ജനപ്രതിനിധികൾ വിചാരണ നേരിടുന്നത്. അതുകൊണ്ടുതന്നെ ദേശീയ തലത്തിൽ ഉൾപ്പെടെ വലിയ ശ്രദ്ധ നേടിയ കേസാണിത്. സാക്ഷികളെ വിസ്തരിക്കുന്ന നടപടികളിലേക്ക് കോടതി കടക്കാനിരിക്കെയാണ് പ്രോസിക്യൂട്ടറുടെ മാറ്റം വിചാരണ വൈകിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സാക്ഷികൾ കോടതിക്ക് മുന്നിലെത്തുമെന്നാണ് വിവരം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News